ലൂസിഫര്‍ വീണ്ടും വിവാദത്തിലേക്ക്; ‘വരിക വരിക സഹജരേ’ എന്ന ഗാനം ദീപക് ദേവ് വികലമാക്കി, വൈറലായി ഫേസ്ബുക്ക് പോസ്റ്റ്

ദീപക് ദേവ് എന്ന സംഗീത സംവിധായകന്‍ വികലമാക്കിയ ഈ ഗാനം കേള്‍ക്കുമ്പോള്‍ ദു:ഖവും രോഷവുമാണ് ഉണ്ടാകുന്നത്

പൃഥ്വിരാജ് മോഹന്‍ലാലിനെ നായകനാക്കി സംവിധാനം ചെയ്ത ലൂസിഫര്‍ എന്ന ചിത്രം വീണ്ടും വിവാദത്തിലേക്ക്. ചിത്രത്തിലെ ‘വരിക വരിക സഹജരെ’ എന്ന് തുടങ്ങുന്ന ഗാനത്തിന് എതിരെയാണ് പുതിയ ആരോപണം. ജി ദേവരാജന്‍ മാസ്റ്റര്‍ സ്മാരക സംഘടനയാണ് ഗാനത്തിന് എതിരെ രംഗത്തെത്തിയിരിക്കുന്നത്. കാണാന്‍ ഭംഗിയുള്ള ഓമനത്തവുമുള്ള പിഞ്ചു കുഞ്ഞുങ്ങളെ തട്ടിയെടുത്ത ശേഷം കണ്ണു കുത്തി പൊട്ടിച്ചും അംഗ വിഹീനരാക്കിയും ഭിക്ഷാടനത്തിനുപയോഗിക്കുന്ന ഭിക്ഷാടന മാഫിയയെ ഓര്‍മ്മിപ്പിക്കുന്ന സംഗീത ചോരണമാണ് അടുത്തകാലത്തായി മലയാള ചലച്ചിത്ര സംഗീത രംഗത്തെ ചില ‘സംഗീതജ്ഞര്‍’ ചെയ്യുന്നതെന്നാണ് ഇവര്‍ ഫേസ്ബുക്കില്‍ കുറിച്ചത്.

ദീപക് ദേവ് എന്ന സംഗീത സംവിധായകന്‍ വികലമാക്കിയ ഈ ഗാനം കേള്‍ക്കുമ്പോള്‍ ദു:ഖവും രോഷവുമാണ് ഉണ്ടാകുന്നത്. അന്യഭാഷകളില്‍ നിന്നും മോഷ്ടിച്ച ഈണവും, കമ്പ്യൂട്ടര്‍ പ്രോഗാമിംഗ് അറിയാവുന്ന ഒരാളും, പിന്നെ അത്യാവശ്യം ചര്‍മ്മശേഷിയും കൂടിയായാല്‍ സംഗീത സംവിധായകനും, റിയാലിറ്റി ജഡ്ജിയും സൃഷ്ടിക്കപ്പെടുന്ന ഇക്കാലത്ത് ഇതൊന്നും തെറ്റല്ലായിരിക്കാമെന്നും ഫേസ്ബുക്ക് കുറിപ്പിലുണ്ട്. ദീപക് ദേവ് ഈ ഗാനത്തില്‍ കാട്ടിക്കൂട്ടിയ വൃത്തികേടും, ഓര്‍ക്കസ്‌ട്രേഷന്‍ എന്ന പേരില്‍ ചെയ്തിരിക്കുന്ന പേക്കൂത്ത് അസഹ്യം മാത്രമല്ല, അശ്ലീലവുമാണെന്നും സംഘടന തങ്ങളുടെ ഫേസ്ബുക്കില്‍ കുറിച്ചു. അതേ സമയം തങ്ങളുടെ ഈ ഫേസ്ബുക്ക് പോസ്റ്റ് ലൂസിഫര്‍ എന്ന ചിത്രത്തിന് എതിരെ അല്ലെന്നും ഈ ചിത്രത്തിന് പിന്നില്‍ നിരവധി പേരുടെ വിയര്‍പ്പുണ്ടെന്ന ബോധ്യമുണ്ടെന്നും മഹാന്മാരുടെ സൃഷ്ടികളെ വികലമാക്കി ഉപയോഗിക്കുന്ന ബുദ്ധികള്‍ക്കെതിരെയുള്ള പ്രതികരണം മാത്രമാണിതെന്നും അവര്‍ വ്യക്തമാക്കി.

രണ്ട് ദിവസം മുന്‍പാണ് ലൂസിഫര്‍ തീയ്യേറ്ററിലെത്തിയത്. മോഹന്‍ലാല്‍ സ്റ്റീഫന്‍ നെടുമ്പള്ളി എന്ന രാഷ്ട്രീയക്കാരനായി എത്തിയ ചിത്രത്തിന് മികച്ച പ്രേക്ഷക പ്രതികരണമാണ്. മഞ്ജു വാര്യരാണ് ചിത്രത്തിലെ നായിക. പൃഥ്വിരാജ്, ടൊവീനോ തോമസ്, ഇന്ദ്രജിത്ത്, സായ്കുമാര്‍, നന്ദു, നൈല ഉഷ, സാനിയ ഇയ്യപ്പന്‍, ബോളിവുഡ് താരം വിവേക് ഒബ്‌റോയി, സംവിധായകന്‍ ഫാസില്‍ എന്നിങ്ങനെ വമ്പന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരന്നത്.

Exit mobile version