ആരാധകരുടെ വിമര്‍ശനങ്ങളെ വക വെക്കാതെ സ്ഫടികം 2 വരുന്നു; പോസ്റ്റിന് താഴെ തെറി അഭിഷേകവുമായി ആരാധകര്‍

ചിത്രത്തിന്റെ രണ്ടാം ഭാഗം വരുന്നുണ്ടെന്നും ടീസര്‍ അടുത്ത ദിവസം പുറത്തുവിടുമെന്നും പറഞ്ഞ് സംവിധായകന്‍ ബിജു ജെ കട്ടക്കലാണ് ഫേസ്ബുക്കില്‍ പോസ്റ്റ് ഇട്ടത്

മോഹന്‍ലാല്‍ എന്ന നടന്ന പ്രതിഭയുടെ ഹിറ്റ് ചിത്രങ്ങളിലൊന്നാണ് 1995 ല്‍ ഭദ്രന്‍ സംവിധാനം ചെയ്ത ‘സ്ഫടികം’. ചിത്രത്തിലെ ആടുതോമയും ചാക്കോ മാഷും മലയാളികള്‍ ഉള്ളടത്തോളം കാലം നിലനില്‍ക്കുന്നവയാണ്. ചിത്രത്തിലെ ഓരോ കഥാപാത്രങ്ങളും ഇന്നും മലയാളികളുടെ മനസില്‍ മായാതെ നില്‍ക്കുന്നവയാണ്. ഇപ്പോള്‍ ഈ ചിത്രം വാര്‍ത്തകളില്‍ വീണ്ടും ഇടം പിടിച്ചിരിക്കുകയാണ്. മറ്റൊന്നുമല്ല ചിത്രത്തിന്റെ രണ്ടാം ഭാഗം വരുന്നുണ്ടെന്നും ടീസര്‍ അടുത്ത ദിവസം പുറത്തുവിടുമെന്നും പറഞ്ഞ് സംവിധായകന്‍ ബിജു ജെ കട്ടക്കലാണ് ഫേസ്ബുക്കില്‍ പോസ്റ്റ് ഇട്ടത്.

ഈ പോസ്റ്റിനെതിരെ ആരാധകരും ഇപ്പോള്‍ രംഗത്തെത്തി കഴിഞ്ഞു.’നിനക്ക് പ്രാന്താണോടാ പന്നീ’, ‘തോമാച്ചയനെ തൊട്ടാല്‍ പന്നി ആ കൈ ഞമ്മള്‍ ആദ്യം വെട്ടും എന്നിട്ട് ബാക്കി ഉള്ളത് ലാലേട്ടന്റെ ഫാന്‍സിനു കൊടുക്കും’ എന്നിങ്ങനെയാണ് സംവിധായകന്റെ പോസ്റ്റിന് താഴെ വന്നിരിക്കുന്ന കമന്റുകള്‍. ചിത്രം അനൗണ്‍സ് ചെയ്തപ്പോള്‍ തന്നെ സംവിധായകന്‍ ഭദ്രന്‍ ഇതിനെതിരെ രംഗത്ത് എത്തിയിരുന്നു. ‘സ്ഫടികം ഒന്നേയുള്ളു, അതു സംഭവിച്ചു കഴിഞ്ഞു. മോനേ…ഇത് എന്റെ റെയ്ബാന്‍ ഗ്ലാസ്! അതിലെങ്ങാനും നീ തൊട്ടാല്‍’- എന്നാണ് ഭദ്രന്‍ അന്ന് ഫേസ്ബുക്കില്‍ കുറിച്ചത്. എന്നാല്‍ ഈ മുന്നറിയിപ്പ് ഒന്നും വകവെയ്ക്കാതെ ആണ് ബിജു ജെ കട്ടക്കല്‍ മുന്നോട്ട് പോയത്.

‘മലയാളികളുടെ നെഞ്ചില്‍ തറച്ച തോമാച്ചായന്‍ അവതരിച്ചിട്ട് ഈ മാര്‍ച്ച് മാസം മുപ്പതാം തീയതി 24 വര്‍ഷം പൂര്‍ത്തിയാക്കുകയാണ്. അന്നേ ദിവസം തോമാച്ചായന്റെ മകന്റെ കഥയുമായി എത്തുന്ന സ്പടികം 2 ഇരുമ്പന്റെ ആദ്യ ടീസര്‍ റിലീസ് ചെയ്യുകയാണ്’ എന്നാണ് സംവിധായകന്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്. ഈ പോസ്റ്റിന് താഴെയാണ് ആരാധകര്‍ പൊങ്കാലയുമായി വന്നിരിക്കുന്നത്. യുവേഴ്‌സ് ലവിംഗ്‌ലി എന്ന ചിത്രമാണ് ബിജു ജെ കട്ടക്കല്‍ ഇതിന് മുന്‍പ് സംവിധാനം ചെയ്ത ചിത്രം.

Exit mobile version