ആദ്യം ടീസറുമായി ‘രാജ’ എത്തും പിന്നാലെ ട്രെയിലറുമായി ‘സ്റ്റീഫന്‍ നെടുമ്പള്ളി’യും

പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ലൂസിഫര്‍'

ചെറിയ ഒരു ഇടവേളയ്ക്ക് ശേഷമാണ് മലയാളത്തിലെ രണ്ട് സൂപ്പര്‍താരങ്ങളുടെ ചിത്രങ്ങള്‍ ഒരേ സീസണില്‍ തീയ്യേറ്ററുകളിലെത്തുന്നത്. മോഹന്‍ലാല്‍ നായകനായി എത്തുന്ന ‘ലൂസിഫര്‍’, മമ്മൂട്ടി നായകനായി എത്തുന്ന ‘മധുരരാജ’ എന്നിവയാണ് തീയ്യേറ്ററുകളില്‍ എത്തുന്ന ചിത്രങ്ങള്‍.

പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ലൂസിഫര്‍’. മോഹന്‍ലാല്‍ നായകനായി എത്തുന്ന ചിത്രത്തില്‍ മഞ്ജു വാര്യരാണ് നായിക. ബോളിവുഡ് താരം വിവേക് ഒബ്‌റോയ് ആണ് ചിത്രത്തില്‍ വില്ലന്‍ വേഷത്തിലെത്തുന്നത്. ഇന്ദ്രജിത്ത്, കലാഭവന്‍ ഷാജോണ്‍, ഫാസില്‍, ടൊവീനോ തോമസ്, സാനിയ ഇയ്യപ്പന്‍, നൈല ഉഷ, സായ്കുമാര്‍ എന്നിങ്ങനെ വമ്പന്‍ താരനിരയുമായാണ് ചിത്രമെത്തുന്നത്. ഈ മാസം 28 ന് ചിത്രം തീയ്യേറ്ററുകളിലെത്തും. ചിത്രത്തിന്റെ ട്രെയിലര്‍ ഇന്ന് അബുദാബിയില്‍ വെച്ച് രാത്രി 9 മണിക്ക് പുറത്തുവിടും.

‘പുലിമുരുകന്‍’ എന്ന മലയാളത്തിന്റെ ആദ്യ 100 കോടി ചിത്രത്തിന് ശേഷം വൈശാഖ് മമ്മൂട്ടിയെ നായകനാക്കി ഒരുക്കുന്ന ചിത്രമാണ് ‘മധുരരാജ’. ചിത്രത്തിന്റെ ടീസര്‍ ഇന്ന് വൈകിട്ട് ആറു മണിക്കാണ് പുറത്തുവിടുക. വിഷു റിലീസായാണ് ചിത്രം തീയ്യേറ്ററുകളിലെത്തുന്നത്. ‘മധുരരാജ’യുടെ തിരക്കഥ ഉദയ്കൃഷ്ണയുടേതാണ്. പീറ്റര്‍ ഹെയ്ന്‍ ആണ് ചിത്രത്തിന്റെ ആക്ഷന്‍ ഡയറക്ടര്‍.

Exit mobile version