‘മുടി ഷേവ് ചെയ്ത് നെറ്റി വലുതാക്കി, ജെല്ലിന് പകരം മുട്ടയുടെ വെള്ള തേച്ച് മുടി പിറകിലേക്ക് ചീകി വെച്ചു, കൂട്ടായി ലാലിന്റെ നീളന്‍ ഷര്‍ട്ടും’; റാംജിറാവുവിന്റെ മേക്കോവറിനെ കുറിച്ച് വിജയരാഘവന്‍

തന്റെ പ്രിയ കഥാപാത്രത്തിന്റെ മേക്കോവറിന് പിന്നിലെ രസകരമായ കഥ പങ്കുവെച്ചിരിക്കുകയാണ് വിജയരാഘവന്‍

കാലം ഇത്രയായിട്ടും മലയാള സിനിമാ പ്രേക്ഷകര്‍ ഇന്നും ഇഷ്ടപ്പെടുന്ന ചിത്രമാണ് സിദ്ദിഖ്-ലാല്‍ കൂട്ട്‌കെട്ടില്‍ 1989 ല്‍ പുറത്തിറങ്ങിയ ‘റാംജിറാവ് സ്പീക്കിംഗ്’ എന്ന ചിത്രം. ചിത്രത്തിലെ കഥാപാത്രങ്ങളായ മത്തായിച്ചന്‍, ഗോപാലകൃഷ്ണന്‍, ബാലകൃഷ്ണന്‍, റാംജിറാവു എന്നിവര്‍ ഇന്നും സിനിമാ പ്രേമികളുടെ ഇഷ്ട കഥാപാത്രങ്ങളാണ്. ചിത്രത്തിലെ ടൈറ്റില്‍ കഥാപാത്രമായ റാംജിറാവുവിനെ അവതരിപ്പിച്ചത് വിജയരാഘവന്‍ ആയിരുന്നു. താരത്തിന്റെ സിനിമാ ജീവിതത്തിലെ മികച്ച കഥാപാത്രങ്ങളില്‍ ഒന്നാണ് റാംജിറാവു. മലയാള സിനിമ അന്നുവരെ കാണാതിരുന്ന വില്ലന്‍ രൂപമായിരുന്നു റാംജിറാവുവിന്.

തന്റെ പ്രിയ കഥാപാത്രത്തിന്റെ മേക്കോവറിന് പിന്നിലെ രസകരമായ കഥ പങ്കുവെച്ചിരിക്കുകയാണ് വിജയരാഘവന്‍. റാംജിറാവു ചിത്രത്തില്‍ അണിഞ്ഞ ഷര്‍ട്ട് സംവിധായകന്‍ ലാലിന്റേതാണെന്നാണ് താരം പറഞ്ഞിരിക്കുന്നത്. ഹെയര്‍ ജെല്ല് ഒന്നുമില്ലാത്ത കാലമായതിനാല്‍ മുട്ടയുടെ വെള്ള തേച്ചാണ് മുടി പിന്നിലേക്ക് ചീകി വച്ചതെന്നും മുഖത്തിന് വലുപ്പം കൂട്ടാനായി മുന്‍വശത്തെ മുടി ഷേവ് ചെയ്ത് നെറ്റി വലുതാക്കി എന്നും വിജയരാഘവന്‍ പറഞ്ഞു.

മിലിട്ടറി യൂണിഫോമിന് സമാനമായ ഷര്‍ട്ടും പാന്റുമായിരുന്നു കഥാപാത്രത്തിനായി ആദ്യം കരുതിയിരുന്നത്. പിന്നീട് രൂപത്തോട് ചേര്‍ന്ന വസ്ത്രം നോക്കിയപ്പോഴാണ് വലിയ ഇറക്കമുള്ള രണ്ട് പോക്കറ്റുള്ള ലാല്‍ ധരിച്ച ഷര്‍ട്ട് കണ്ണിലുടക്കിയത്. റാംജിറാവ് ധരിച്ച ജീന്‍സ് ക്യാമറാമാന്‍ വേണുവിന്റേതാണെന്നും സ്റ്റുഡിയോയ്ക്ക് തൊട്ടടുത്തുള്ള വര്‍ക്ക്ഷോപ്പില്‍ നിന്നാണ് ചെയിന്‍ വാങ്ങി അരയില്‍ കെട്ടിയതെന്നും വിജയരാഘവന്‍ പറഞ്ഞു. ഒരു സിനിമാ മാസികയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് വിജയരാഘവന്‍ ഈ കാര്യങ്ങളെ കുറിച്ച് സംസാരിച്ചത്.

നീണ്ട ഇടവേളയ്ക്ക് ശേഷം റാംജിറാവു എന്ന കഥാപാത്രം വീണ്ടും മലയാള സിനിമയിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ്. സുനില്‍ ഹനീഫ് സംവിധാനം ചെയ്യുന്ന ‘മാസ്‌ക്’ എന്ന ചിത്രത്തിലൂടെയാണ് റാംജിറാവുവിന്റെ തിരിച്ചുവരവ്. ഷൈന്‍ ടോം ചാക്കോ, ചെമ്പന്‍ വിനോദ്, സലിം കുമാര്‍, പ്രിയങ്ക എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍.

Exit mobile version