വീണ്ടും പുരസ്‌കാര നിറവില്‍ ‘സുഡാനി ഫ്രം നൈജീരിയ’; മൊറോക്കോയില്‍ അംഗീകാരം, മികച്ച സംവിധായകനായി സക്കറിയ

വടക്കന്‍ ആഫ്രിക്കന്‍ രാജ്യമായ ഫെസില്‍ നടന്ന ആന്താരാഷ്ട്ര ചലച്ചിത്രമേളയുടെ ആദ്യ എഡിഷനിലാണ് സുഡാനിക്ക് പുരസ്‌കാരം ലഭിച്ചത്

സൂപ്പര്‍ ഹിറ്റ് മലയാള ചിത്രമായ ‘സുഡാനി ഫ്രം നൈജീരിയ’യ്ക്ക് വീണ്ടും പുരസ്‌കാരം. മൊറോക്കോയില്‍ വെച്ച് നടന്ന അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ മികച്ച സംവിധായകനുള്ള പുരസ്‌കാരം ‘സുഡാനി ഫ്രം നൈജീരിയ’ സംവിധാനം ചെയ്ത സക്കറിയ മുഹമ്മദിന് ലഭിച്ചു. വടക്കന്‍ ആഫ്രിക്കന്‍ രാജ്യമായ ഫെസില്‍ നടന്ന ആന്താരാഷ്ട്ര ചലച്ചിത്രമേളയുടെ ആദ്യ എഡിഷനിലാണ് സുഡാനിക്ക് പുരസ്‌കാരം ലഭിച്ചത്. സംവിധായകന്‍ തന്റെ ഫേസ്ബുക്കിലൂടെയാണ് അവാര്‍ഡ് ലഭിച്ച കാര്യം അറിയിച്ചത്.

പ്രേക്ഷകപ്രീതിയും നിരൂപക ശ്രദ്ധയും ഒരുപോലെ നേടാന്‍ കഴിഞ്ഞ ചിത്രമാണ് ‘സുഡാനി ഫ്രം നൈജീരിയ’. സൗബിനും സാമുവേല്‍ റോബിന്‍സണും ആയിരുന്നു ചിത്രത്തിലെ പ്രധാന താരങ്ങള്‍.

സക്കറിയ മുഹമ്മദും മുഹമ്മദും മുഹ്സിന്‍ പരാരിയും ചേര്‍ന്ന് തിരക്കഥയൊരുക്കിയ ചിത്രം നിര്‍മ്മിച്ചത് സമീര്‍ താഹിറും ഷൈജു ഖാലിദും ചേര്‍ന്നാണ്. കേരള രാജ്യാന്തര ചലച്ചിത്രോത്സവത്തില്‍ മികച്ച മലയാള ചിത്രത്തിനുള്ള ഫിപ്രസ്‌കി അവാര്‍ഡും മോഹന്‍ രാഘവന്‍ പുരസ്‌കാരവും ചിത്രം നേടിയിട്ടുണ്ട്.

Exit mobile version