ഒരു യഥാര്‍ത്ഥ മനുഷ്യനാണ് മമ്മൂക്ക! ദുല്‍ഖറിന്റെ വിനയം അത്രയും ഞെട്ടിക്കുന്നതും; മമ്മൂട്ടിയുടെ വീട്ടിലെ സന്ദര്‍ശനത്തിനു പിന്നാലെ സന്തോഷം പങ്കുവെച്ച് സാധനയുടെ പിതാവ്

അമ്പരപ്പിക്കുന്ന പ്രകടനം വെള്ളിത്തിരയില്‍ കാഴ്ചവെച്ച ‘അമുദവനും പാപ്പയും’ വീണ്ടും കണ്ടുമുട്ടി. അമുദവനായി പകര്‍ന്നാടി അമ്പരപ്പിച്ച മമ്മൂട്ടി, മകളും സ്പാസ്റ്റിക് പാരലൈസ് ബാധിച്ച കൗമാരക്കാരിയായും ജീവിച്ചു കാണിച്ച പാപ്പ (സാധന)യെയും കുടുംബത്തേയും വീട്ടിലേക്ക് ക്ഷണിക്കുകയായിരുന്നു. പേരന്‍പിന്റെ വിജയത്തിനു പിന്നാലെയാണ് മമ്മൂട്ടിയും സാധനയും കണ്ടുമുട്ടിയത്.

പിന്നാലെ മമ്മൂട്ടിയുടെ വീട്ടിലെ സന്ദര്‍ശനത്തിന്റെ വിശേഷങ്ങള്‍ പങ്കുവെച്ച് സാധനയുടെ പിതാവ് ശങ്കരനാരായണന്‍ വെങ്കിടേഷ് ഫേസ്ബുക്കിലൂടെ രംഗത്തെത്തുകയും ചെയ്തു. മമ്മൂട്ടിയെയും മകനും നടനുമായ ദുല്‍ഖര്‍ സല്‍മാനേയും കണ്ടത് വലിയ അമ്പരപ്പാണ് ഉണ്ടാക്കിയതെന്ന് അദ്ദേഹം പറയുന്നു.

ശങ്കരനാരായണന്‍ വെങ്കിടേഷിന്റെ ഫേസ്ബുക്ക് കുറിപ്പ്:

മമ്മൂക്ക-ഒരു യഥാര്‍ത്ഥ മനുഷ്യനാണ്. ഇക്കാര്യം എഴുതാന്‍ തീരുമാനിച്ചതു തന്നെ മെഗാസ്റ്റാറിനോട് നന്ദി അറിയിക്കാനായാണ്. അദ്ദേഹത്തിന്റെ വീട്ടിലേക്ക് ക്ഷണിച്ചതിനും
ദുല്‍ഖര്‍ സല്‍മാനുമായി പരിചയപ്പെടാന്‍ അവസരം തന്നതിനും. ചെല്ലമ്മ ( സാധന) ദുല്‍ഖറിന്റെ വലിയ ആരധികയാണ്. ദുല്‍ഖറിന്റെ വിനയം ഞങ്ങളെ ഞെട്ടിക്കുന്നതായിരുന്നു. ഷൂട്ടിങ്ങ് തിരക്കുകള്‍ക്കു ശേഷമെത്തിയിട്ടു പോലും അദ്ദേഹം ഒരു മണിക്കൂര്‍ നേരം ഞങ്ങളോടൊപ്പം ചിലവിട്ടു. റാമിനേയും സാധനയേയും പ്രശംസിച്ചു. മമ്മൂട്ടിസാറും വളരെ സന്തോഷവാനായിരുന്നു. ഒരുപാട് കാര്യങ്ങള്‍ ഞങ്ങള്‍ സംസാരിച്ചു. എല്ലാവരും ചേര്‍ന്ന് ഒരു വലിയ കുടുംബം ആയിരിക്കുന്നതായി തോന്നി തിരിച്ചു പോരുമ്പോള്‍. ഇതാണ് പേരന്‍പിന്റെ പേരില്‍ ലഭിക്കുന്ന ആദ്യത്തെ അവാര്‍ഡെന്നു തോന്നുന്നു. ഈ ദിവസം വര്‍ഷങ്ങളോളം ഞങ്ങള്‍ ഓര്‍ത്തുവെക്കും. ഇതെല്ലാം ഒരാള്‍ ഉള്ളതുകൊണ്ട് മാത്രം സാധിച്ചതാണ് സംവിധായകന്‍ റാം.. അദ്ദേഹത്തിനു നന്ദിപറഞ്ഞാല്‍ തീരുന്നതല്ല. സ്നേഹം നിറഞ്ഞ ലോകത്തിലാണ് നമ്മളെല്ലാം ഉള്ളതെന്ന് തോന്നുന്നു..’

Exit mobile version