നടി സുഹാനിയുടെ മരണകാരണം അപൂര്‍വ്വ രോഗം: വെളിപ്പെടുത്തി കുടുംബം

ന്യൂഡല്‍ഹി: നടി സുഹാനി ഭട്‌നഗറുടെ അകാല മരണം അപൂര്‍വ്വരോഗം മൂലമെന്ന് വെളിപ്പെടുത്തി കുടുംബം. താരത്തിന്റെ അപ്രതീക്ഷീത വിയോഗത്തിന്റെ ഞെട്ടലിലായിരുന്നു താരലോകവും ആരാധകരും. പേശികളുടെ ബലഹീനതയ്ക്ക് കാരണമാകുന്ന അപൂര്‍വ രോഗമായ ഡെര്‍മറ്റോമയോസിറ്റിസ് എന്ന രോഗമാണ് സുഹാനിയുടെ ജീവനെടുത്തത്. രണ്ട് മാസങ്ങള്‍ക്ക് മുന്‍പാണ് താരത്തിന് രോഗലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയത്. 10 ദിസങ്ങള്‍ക്ക് മുന്‍പാണ് ഡെര്‍മറ്റോമയോസിറ്റിസ് എന്ന അപൂര്‍വ്വ രോഗമാണ് മകളെ ബാധിച്ചതെന്ന് കണ്ടെത്തിയത്.

കഴിഞ്ഞ രണ്ട് മാസം മുന്‍പ് മകളുടെ കയ്യില്‍ നീര് കാണപ്പെട്ടു. പിന്നീട് ശരീരത്തിന്റെ പലഭാഗങ്ങളിലേക്കും നീര് പടരുന്നതാണ് കാണാന്‍ സാധിച്ചതെന്നും മാതാപിതാക്കള്‍ പറയുന്നു. ഇതോടെ വിവിധ ആശുപത്രികളിലെ ഡോക്ടര്‍മാരെ മാറി മാറി സന്ദര്‍ശിച്ചു. തുടക്കത്തില്‍ രോഗം കണ്ടത്താനായില്ല. മകളുടെ ആരോഗ്യനില വഷളായതോടെ ഡല്‍ഹിയിലെ എയിംസില്‍ പ്രവേശിപ്പിച്ചു.

തുടര്‍ന്നും ആരോഗ്യനിലയില്‍ പുരോഗതിയൊന്നും ഉണ്ടായില്ല. ശരീരത്തില്‍ ദ്രാവകം അമിതമായി അടിഞ്ഞ് കൂടിയതും അണുബാധ പിടിപെട്ടതും ശ്വാസകോശത്തിന് കേടുപാടുകള്‍ സംഭവിച്ചതും രോഗം മൂര്‍ച്ചിക്കുന്നതിന് കാരണമായെന്നും സുഹാനിയുടെ മാതാപിതാക്കള്‍ പറഞ്ഞു.

ഈ സമയത്താണ് മകള്‍ക്ക് ഡെര്‍മറ്റോമയോസിറ്റിസ് എന്ന അപൂര്‍വ്വരോഗമാണെന്ന് തിരിച്ചറിഞ്ഞത്. ലോകത്ത് തന്നെ നാലോ അഞ്ചോ പേരില്‍ മാത്രം കാണപ്പെടുന്ന അസുഖമാണിതെന്ന് തിരിച്ചറിഞ്ഞതെന്നും മാതാപിതാക്കള്‍ പറഞ്ഞു. മകളുടെ ആരോഗ്യസ്ഥിതി ഗുരുതമായതോടെ വെന്റിലേറ്ററില്‍ പ്രവേശിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് ഓക്‌സിജന്റെ അളവ് ക്രമാതീതമായി താഴ്ന്നുപോയതും ആരോഗ്യനിലയെ സാരമായി തന്നെ ബാധിച്ചു. രോഗമുക്തിക്കായുളള സ്റ്റിറോയിഡ് മരുന്നുകളുടെ ഉപയോഗവും രോഗപ്രതിരോധശേഷിയെ സാരമായി ബാധിച്ചു. തുടര്‍ന്ന് വെറ്റിലേറ്ററില്‍ തുടരവെ മരണം സംഭവിക്കുകയായിരുന്നെന്നും സുഹാനിയുടെ മാതാപിതാക്കള്‍ വ്യക്തമാക്കി.

ഡല്‍ഹിയിലെ എയിംസില്‍ ഫെബ്രുവരി ഏഴിനാണ് സുഹാനിയെ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് 16ാം തിയതി മരണത്തിന് കീഴടങ്ങുകയായിരുന്നു. അജ്‌റോണ്ട ശ്മശാനത്തിലാണ് സുഹാനിയുടെ സംസ്‌കാരച്ചടങ്ങുകള്‍ നടന്നത്. സുഹാനിയുടെ വിയോഗത്തില്‍ നിരവധി പേരാണ് അനുശോചനം രേഖപ്പെടുത്തി.

Exit mobile version