‘തെറ്റ് പറ്റുന്നത് മാനുഷികമാണ്, ക്ഷമിക്കുന്നതാണ് ദൈവികം’: മന്‍സൂര്‍ അലി ഖാന്റെ മാപ്പില്‍ പ്രതികരിച്ച് തൃഷ

ചെന്നൈ: മോശം പരാമര്‍ശം വിവാദമായതോടെ നടന്‍ മന്‍സൂര്‍ അലി ഖാന്‍ തൃഷയോട് മാപ്പ് പറഞ്ഞ് ഇന്ന് രംഗത്തെത്തിയിരുന്നു. നടന്‍ മാപ്പ് പറഞ്ഞിതിന് പിന്നാലെ തൃഷ പ്രതികരിച്ചെത്തിയിരിക്കുകയാണ്. ‘തെറ്റുപറ്റുന്നത് മാനുഷികമാണ്, ക്ഷമിക്കുന്നതാണ് ദൈവികം’ എന്നാണ് തൃഷ പ്രതികരിച്ചത്. മന്‍സൂര്‍ അലി ഖാന്റെ പേര് പരാമര്‍ശിക്കാതെയാണ് തൃഷ എക്‌സില്‍ പോസ്റ്റിട്ടത്. പോസ്റ്റിനോപ്പം കൈകൂപ്പുന്ന ഒരു ഇമോജിയും ചേര്‍ത്തിട്ടുണ്ട്.

ഇന്ന് രാവിലെയാണ് നടന്‍ മന്‍സൂര്‍ അലി ഖാന്‍ തൃഷയ്ക്ക് മാപ്പ് പറഞ്ഞുകൊണ്ട് വാര്‍ത്താക്കുറിപ്പ് ഇറക്കിയത്. ‘എന്റെ വാക്കുകള്‍ സഹപ്രവര്‍ത്തകയെ വേദനിപ്പിച്ചെന്നു മനസിലാക്കുന്നു. തൃഷ, ദയവായി എന്നോട് ക്ഷമിക്കൂ’ എന്നാണ് മന്‍സൂര്‍ അലി ഖാന്‍ പുറത്തുവിട്ട പ്രസ്താവനയില്‍ പറഞ്ഞത്.

തൃഷയ്‌ക്കെതിരായ നടന്‍ നടത്തിയ ലൈംഗിക പരാമര്‍ശം വിവാദമാവുകയും പോലീസ് കേസെടുക്കുകയും ചെയ്തതോടെയാണ് നടന്‍ മാപ്പ് പറയാന്‍ തയ്യാറായത്. ലിയോ സിനിമയില്‍ തൃഷയുണ്ടെന്നറിഞ്ഞപ്പോള്‍ കിടപ്പറ സീനുകളും ബലാത്സംഗ രംഗങ്ങളും ഉണ്ടാകുമെന്നാണ് താന്‍ കരുതിയിരുന്നതെന്നാണ് മന്‍സൂര്‍ അലി ഖാന്‍ ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞത്. നടന്റെ പരാമര്‍ശത്തിനെതിരെ ചലച്ചിത്ര മേഖലയില്‍ നിന്നും രൂക്ഷ വിമര്‍ശനം ഉയര്‍ന്നിരുന്നു.

താന്‍ തെറ്റായി ഒന്നും പറഞ്ഞിട്ടില്ല എന്നും താന്‍ പറഞ്ഞതിനെ തെറ്റായി വ്യാഖ്യാനിക്കുകയാണ് ചെയ്തതെന്നുമായിരുന്നു തൃഷയുടെ പ്രതികരണത്തിനെതിരെ മന്‍സൂര്‍ അലി ഖാന്റെ ആദ്യ മറുപടി. തന്നെ വ്യക്തിഹത്യ ചെയ്യാന്‍ ശ്രമിച്ച തൃഷയ്‌ക്കെതിരെ പരാതി കൊടക്കുമെന്നും മന്‍സൂര്‍ അലി ഖാന്‍ പറഞ്ഞിരുന്നു. തുടര്‍ന്ന് വനിത കമ്മീഷന്‍ ഇടപെടുകയും കേസ് രജിസ്റ്റര്‍ ചെയ്യുകയുമായിരുന്നു.

Exit mobile version