‘ധ്രുവനച്ചത്തിരം പ്രഖ്യാപിച്ചപ്പോള്‍ ഞാന്‍ കോളെജ് വിദ്യാര്‍ഥി’: പരിഹാസത്തിന് മറുപടിയുമായി ഗൗതം മേനോന്‍

ചെന്നൈ: കോളിവുഡില്‍ ഗൗതം വസുദേവ് മേനോന്‍ ചിത്രത്തിന്റെ അപ്‌ഡേറ്റ് വന്നിരിക്കുകയാണ്. സാധാരണ ചിത്രങ്ങള്‍ക്ക് ലഭിക്കുന്ന സ്വീകാര്യതയല്ല ഗൗതമിന്റെ ചിത്രത്തിന് ലഭിക്കുന്നത്. ധ്രുവനച്ചത്തിരം ചിത്രത്തിന്റെ അപ്‌ഡേറ്റ് വന്നതിന് പിന്നാലെ പരിഹാസമാണ് സോഷ്യലിടത്ത് നിറയുന്നത്.

വര്‍ഷങ്ങള്‍ക്ക് മുന്‍പ് പ്രഖ്യാപിച്ച്, ഇനിയും തിയറ്ററുകളിലെത്താത്ത ചിത്രമാണ് വിമര്‍ശനത്തിന് ഇടയാക്കിയിരിക്കുന്നത്. വിക്രം നായകനാക്കി ഗൗതം വസുദേവ് മേനോന്‍ ഒരുക്കുന്ന ചിത്രമാണ് ധ്രുവനച്ചത്തിരം. സൂര്യയെ നായകനാക്കി ആദ്യം 2013 ല്‍ ആലോചിച്ച ചിത്രം പിന്നാലെ ഉപേക്ഷിക്കപ്പെട്ടു. 2015ല്‍ പല താരങ്ങളെയും നോക്കിയ ശേഷം അവസാനം വിക്രമിനെ ഉറപ്പിച്ചു. ഗൗതം മേനോന്‍ തന്നെ നിര്‍മ്മിക്കുന്ന ചിത്രം 2016ല്‍ ചിത്രീകരണം തുടങ്ങിയിട്ടും സാമ്പത്തിക പ്രതിസന്ധികള്‍ മൂലം 2023 വരെ നിര്‍ത്തിവെക്കേണ്ടിവന്നു.

ഇപ്പോഴിതാ വര്‍ഷങ്ങള്‍ക്ക് ശേഷം ചിത്രം തിയറ്ററുകളിലെത്താന്‍ ഒരുങ്ങുകയാണ്. നവംബര്‍ 24 നാണ് ചിത്രം തിയ്യേറ്ററിലെത്തുന്നത്. പുതിയ അപ്‌ഡേറ്റ് വന്നതിന് പിന്നാലെ പരിഹാസവും നിറഞ്ഞു. അതിന് മറുപടിയും നല്‍കിയിരിക്കുകയാണ് ഗൗതം മേനോന്‍.

‘ധ്രുവനച്ചത്തിരം പ്രഖ്യാപിക്കപ്പെട്ട സമയത്ത് ഞാന്‍ കോളെജില്‍ രണ്ടാം വര്‍ഷ വിദ്യാര്‍ഥി ആയിരുന്നു. ഇന്ന് മൂന്ന് വര്‍ഷത്തെ പ്രവര്‍ത്തി പരിചയവുമായി ഞാനൊരു ബഹുരാഷ്ട്ര കമ്പനിയില്‍ പ്രവര്‍ത്തിക്കുന്നു. എങ്ങനെയാണ് നിങ്ങളുടെ ജീവിതം (ഇക്കാലയളവില്‍) മാറിയത്’ എന്നായിരുന്നു കീര്‍ത്തി വെങ്കടേശന്‍ എന്നയാളുടെ പോസ്റ്റ്. സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ് പോസ്റ്റ്.

ഈ വൈറല്‍ പോസ്റ്റ് ഷെയര്‍ ചെയ്തുകൊണ്ടായിരുന്നു ഗൗതം മേനോന്റെ മറുപടി. ‘ഇക്കാലത്തിനിടെ ഒരുപാട് കാര്യങ്ങള്‍ പഠിച്ചു. ഞാന്‍ സംവിധാനം ചെയ്ത മൂന്ന് ചിത്രങ്ങള്‍ റിലീസ് ചെയ്യപ്പെട്ടു. നാല് ആന്തോളജി ചെറു ചിത്രങ്ങളും അഞ്ച് മ്യൂസിക് വീഡിയോകളും ഇക്കാലയളവില്‍ ചെയ്തു. ഒരു സിക്‌സ്ത്ത് സെന്‍സും രൂപപ്പെട്ടു’, എന്നാണ് ഗൗതം മേനോന്‍ മറുപടിയായി കുറിച്ചത്.

ഗൗതം വസുദേവ് മേനോന്‍ തന്നെ രചനയും നിര്‍വ്വഹിച്ചിരിക്കുന്ന ധ്രുവനച്ചത്തിരം സ്‌പൈ ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ഒന്നാണ്. റിതു വര്‍മ്മ, രാധാകൃഷ്ണന്‍ പാര്‍ഥിപന്‍, ആര്‍ രാധിക ശരത്കുമാര്‍, സിമ്രാന്‍, വിനായകന്‍, ദിവ്യ ദര്‍ശിനി, മുന്ന സൈമണ്‍, വംശി കൃഷ്ണ, സലിം ബൈഗ്, സതീഷ് കൃഷ്ണന്‍, മായ എസ് കൃഷ്ണന്‍ തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.

Exit mobile version