‘ മമ്മൂട്ടി ചെയ്യുന്ന കാര്യങ്ങള്‍ ഓരോ ഇന്ത്യന്‍ സെലിബ്രിറ്റികളും മാതൃകയാക്കണം’; മമ്മൂട്ടിയുടെ മുഖമുള്ള പേഴ്‌സണലൈസ്ഡ് സ്റ്റാമ്പുകള്‍ പുറത്തിറക്കി ഓസ്ട്രേലിയന്‍ ദേശീയ പാര്‍ലമെന്റ്

മലയാളസിനിമാ താരം മമ്മൂട്ടിക്ക് ഓസ്ട്രേലിയന്‍ ദേശീയ പാര്‍ലമെന്റിന്റെ ആദരവ്. കാന്‍ബറയിലെ ഓസ്ട്രേലിയന്‍ ദേശീയ പാര്‍ലമെന്റിലെ ‘പാര്‍ലമെന്ററി ഫ്രണ്ട്‌സ് ഓഫ് ഇന്ത്യ’ ആയിരുന്നു സംഘാടകര്‍. മമ്മൂട്ടിയുടെ മുഖമുള്ള പതിനായിരം പേഴ്‌സണലൈസ്ഡ് സ്റ്റാമ്പുകള്‍ ഓസ്‌ട്രേലിയ ഇന്ത്യ ബിസിനസ് കൗണ്‍സിലിന്റെ സഹകരണത്തോടെ പുറത്തിറക്കി.

ഓസ്‌ട്രേലിയയും ഇന്ത്യയും തമ്മിലുള്ള വ്യാപാര വാണിജ്യ സാംസ്‌കാരിക സൗഹൃദം പ്രോത്സാഹിപ്പിക്കുന്നതിനായി ഓസ്ട്രേലിയന്‍ ദേശീയ പാര്‍ലമെന്റിലെ എംപിമാരില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്ന സമിതിയാണ് പാര്‍ലമെന്ററി ഫ്രണ്ട്‌സ് ഓഫ് ഇന്ത്യ.

ഓസ്‌ട്രേലിയയിലെ ഇന്ത്യന്‍ പ്രവാസികളുടെ നാട്ടിലുള്ള മാതാപിതാക്കള്‍ക്കായി മമ്മൂട്ടിയുടെ നേതൃത്വത്തില്‍ ആരംഭിച്ച ‘ഫാമിലി കണക്റ്റ്’ പദ്ധതി ഏറെ പ്രശംസനീയമാണെന്ന് ഓസ്‌ട്രേലിയന്‍ കൃഷി, മത്സ്യബന്ധന വകുപ്പ് മന്ത്രി സെനറ്റര്‍ മുറേയ് വാട്ട് പറഞ്ഞു.

ഇന്ത്യന്‍ സാംസ്‌കാരികതയുടെ മുഖമായി തങ്ങള്‍ മമ്മൂട്ടിയെ കാണുന്നുവെന്ന് ഡോ. ആന്‍ഡ്രൂ ചാള്‍ട്ടന്‍ എംപി പറഞ്ഞു. ചടങ്ങില്‍ ആശംസകള്‍ അറിയിച്ചുകൊണ്ടുള്ള പ്രധാനമന്ത്രിയുടെ സന്ദേശവും ആന്‍ഡ്രൂ ചാള്‍ട്ടന്‍ വായിച്ചു. മമ്മൂട്ടിയെ ആദരിക്കുക വഴി ഇന്ത്യയുടെ മഹത്തായ സാംസ്‌കാരികതയെയാണ് തങ്ങള്‍ ആദരിക്കുന്നതെന്ന് ആന്‍ഡ്രൂ ചാള്‍ട്ടന്‍ വിശദീകരിച്ചു.

ALSO READ- ഇസ്രയേലില്‍ നിന്നും സംഗീതോത്സവത്തിനിടെ പിടികൂടി ബന്ദിയാക്കിയ 21കാരിയുടെ വീഡിയോ ആദ്യമായി പുറത്തുവിട്ട് ഹമാസ്; മോചനം കാത്ത് 200ഓളം ബന്ദികള്‍

താന്‍ വളര്‍ന്ന് വന്ന തന്റെ സമൂഹത്തിന് വേണ്ടി മമ്മൂട്ടി ചെയ്യുന്ന കാര്യങ്ങള്‍ ഓരോ ഇന്ത്യന്‍ സെലിബ്രിറ്റികളും മാതൃകയാക്കണമെന്ന് ഓസ്‌ട്രേലിയയിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ മന്‍പ്രീത് വോറ അഭിപ്രായപ്പെട്ടു.

Exit mobile version