‘മാസം തോറും 5000 രൂപ കൈനീട്ടം കിട്ടാനുള്ള യോഗ്യത ധ്രുവന്‍ നേടിയിരിക്കുന്നു’; മമ്മൂട്ടിയുടെ മാമാങ്കം സിനിമയില്‍ ധ്രുവന് പകരം ഉണ്ണി മുകുന്ദന്‍; പരിഹസിച്ച് ഷമ്മി തിലകന്‍

നിര്‍മ്മാതാവുമായുള്ള പ്രശ്‌നത്തിന്റെ പേരില്‍ മമ്മൂട്ടി നായകനായെത്തുന്ന ബിഗ് ബജറ്റ് ചിത്രം മാമാങ്കത്തില്‍ നിന്ന് പുതുമുഖതാരം ധ്രുവനെ മാറ്റിയത് വലിയ വിവാദം സൃഷ്ടിച്ചിരുന്നു. താരത്തിനു പകരം, ഉണ്ണി മുകുന്ദനെയാണ് റോളിലേക്ക് പരിഗണിച്ചിരിക്കുന്നത്. ഉണ്ണി മുകുന്ദന്‍ ചിത്രീകരണത്തിനായി ലൊക്കേഷനിലെത്തുകയും ചെയ്തു. തന്നെ മാറ്റിയത് എന്തുകൊണ്ടാണെന്ന് അറിയില്ലെന്ന് ധ്രുവന്‍ പ്രതികരിച്ചിരുന്നു. രണ്ട് വര്‍ഷമായി ഈ ചിത്രത്തിന്റെ പിന്നാലെയാണെന്നും വിഷമത്തോടെ സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചിരുന്നു. പിന്നാലെ ധ്രുവന് പിന്തുണയുമായി ഷമ്മി തിലകന്‍ രംഗത്തെത്തിയിരിക്കുകയാണ്.

പുറത്താക്കപ്പെട്ട സ്ഥിതിയ്ക്ക് താരസംഘടനായ അമ്മയില്‍ നിന്ന് 5000 രൂപയുടെ കൈനീട്ടം വാങ്ങാനുള്ള അര്‍ഹത തുടക്കത്തില്‍ തന്നെ ധ്രുവന്‍ നേടിക്കഴിഞ്ഞെന്ന പരിഹാസവും ഷമ്മി തിലകന്‍ തന്റെ ഫേസ്ബുക്കില്‍ കുറിച്ചു. തനിക്ക് നേരിടേണ്ടി വന്ന അതേ അനുഭവമാണ് ധ്രുവന് ഇപ്പോള്‍ വന്നിരിക്കുന്നതെന്നും ഷമ്മി പറയുന്നു.

ഷമ്മി തിലകന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

‘അഭിനയിച്ച സിനിമയില്‍ നിന്നും പുറത്താക്കപ്പെട്ട സ്ഥിതിക്ക്; ‘സ്തുത്യര്‍ഹമായ പ്രവര്‍ത്തനങ്ങളെ മാനിച്ച്’ മാസം തോറും 5000 രൂപ കൈനീട്ടം (പെന്‍ഷന്‍) കിട്ടാനുള്ള യോഗ്യത ധ്രുവന്‍ എന്ന പുതുമുഖനടന്‍ തുടക്കത്തില്‍ തന്നെ നേടിയതായി കരുതേണ്ടതാണ് എന്ന് അനുഭവം ഗുരു സ്ഥാനത്തുള്ളതിനാല്‍ ഞാന്‍ സാക്ഷ്യപ്പെടുത്തുന്നു.

ഇവിടിങ്ങനാണ്_ഭായ്…’

Exit mobile version