എന്റെ സിനിമ ഇറങ്ങുമ്പോൾ ദുരന്തം വരുമെന്ന് ചിലർ; ‘പ്രളയം സ്റ്റാർ’ എന്ന വിളി ഏറെ വിഷമിപ്പിച്ചു; എന്ത് തെറ്റാണ് ചെയ്തതെന്ന് ടൊവീനോ തോമസ്

തന്നെ പ്രളയം സ്റ്റാർ എന്ന വിളിയും തന്റെ സിനിമകൾ ഇറങ്ങുമ്പോൾ കേരളത്തിൽ ദുരന്തം എത്തും എന്ന പ്രചാരണവും ഏറെ വേദനിപ്പിച്ചെന്ന് തുറന്നുപറഞ്ഞ് നടൻ ടൊവിനോ തോമസ്. 2018ൽ കേരളത്തിൽ മഹാദുരന്തമായി പ്രളയം എത്തിയപ്പോൾ സന്നദ്ധ പ്രവർത്തനങ്ങൾക്കായി മുന്നിട്ടിറങ്ങിയതിന് പിന്നാലെയാണ് ടൊവിനോയ്ക്ക് അഭിനന്ദനത്തിന് ഒപ്പം ട്രോളുകളും എത്തിയത്.

ടൊവിനോയുടെ സിനിമകൾ ഇറങ്ങുമ്പോഴാണ് പ്രകൃതി ദുരന്തങ്ങൾ സംഭവിക്കുന്നതെന്ന് പലരും പ്രചരിപ്പിക്കുകയും ചെയ്തിരുന്നു. ഇപ്പോഴിതാ അത്തരം ട്രോളുകളും വിമർശനങ്ങളും തന്നെ ഏറെ വേദനിപ്പിച്ചു എന്ന് വെളിപ്പെടുത്തുകയാണ് ടൊവീനോ. ജൂഡ് ആന്റണി ജോസഫ് ഒരുക്കുന്ന ‘2018’ എന്ന സിനിമയുടെ പ്രമോഷന്റെ ഭാഗമായി നടന്ന പ്രസ് മീറ്റിലാണ് ടൊവിനോ മനസുതുറന്നത്.

ഒരു രണ്ടാഴ്ച കൂടി മഴ പെയ്താൽ നമ്മളൊക്കെ മുങ്ങി പോകുമെന്നാണ് നമ്മളൊക്കെ കരുതിയിരുന്നത്. അങ്ങനെ ചാവാൻ നിൽക്കുന്ന നേരത്ത് പിആറിനെ പറ്റി ചിന്തിക്കുമോയെന്നാണ് ടൊവിനോ ചോദിക്കുന്നത്. അന്ന് അതിനുള്ള ബുദ്ധിയോ ദീർഘ വീക്ഷണമോ തനിക്കുണ്ടായിരുന്നില്ല, എല്ലാവർക്കുമുള്ള പേടിയും ആശങ്കയുമാണ് തനിക്കുമുണ്ടായിരുന്നതെന്നും താരം പറഞ്ഞു.

ALSO READ- ‘വീഡിയോ എടുത്താൽ ഫോൺ തകർക്കും’; ആരാധകരോട് തട്ടിക്കയറി നയൻതാര; തോളിൽ കൈവെച്ച് സെൽഫി എടുക്കാൻ ശ്രമിച്ച് ആരാധകൻ

അതേസമയം, പ്രളയ സമയത്ത് തന്നെ കുറിച്ച് നല്ല കാര്യങ്ങൾ മാത്രമാണ് സോഷ്യൽ മീഡിയയിൽ വന്നത്. എന്നാൽ കുറച്ച് നാളുകൾ കഴിഞ്ഞപ്പോൾ വിമർശനങ്ങൾ ഉയർന്നു. പ്രളയം കഴിഞ്ഞപ്പോൾ തന്നെ പ്രളയം സ്റ്റാർ എന്ന് വിളിക്കാൻ താൻ എന്ത് തെറ്റാണ് ചെയ്തതെന്നും ടൊവിനോ ചോദിക്കുന്നു.

‘മായാനദി’ ഇറങ്ങിയതു കൊണ്ടാണ് പ്രളയം വന്നതെന്ന തരത്തിൽ വരെ പ്രചാരണമുണ്ടായി. എന്റെ സിനിമ ഇറങ്ങുമ്പോൾ മഴ പെയ്യും. ഞാൻ ഈ നാടിനെന്തോ ആപത്താണ്, ഞാനൊരു ദുശ്ശകുനമാണ്, മായാനദി ഇറങ്ങിയതുകൊണ്ടാണ് നദികൾ കവിഞ്ഞൊഴുകിയത് എന്നൊക്കെയാണ് പറയുന്നത്- എന്നാണ് ടൊവിനോ മനസ് തുറന്നത്.

‘ആദ്യം ഞാൻ തമാശയൊക്കെ പോലെ എൻജോയ് ചെയ്തു. പിന്നെ അത് വളരെ സീരിയസായി. ഞാനെന്തെങ്കിലും തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ ശ്ശേ, വേണ്ടായിരുന്നു എന്ന് പറയാമായിരുന്നു. ഇതിപ്പോൾ ഞാനെന്ത് തെറ്റാണ് ചെയ്തതെന്ന് എനിക്ക് മനസിലാവുന്നില്ല.’

‘അടുത്ത പ്രാവശ്യം പ്രളയം വന്നപ്പോൾ ഞാൻ ഇറങ്ങണോ എന്ന് ആലോചിച്ചു. എന്താണ് ചെയ്യേണ്ടതെന്ന് അറിയില്ല. അങ്ങനെയുള്ള അവസ്ഥ വന്നിരുന്നു. ആ സമയത്ത് വെറുക്കപ്പെടാൻ ഞാൻ എന്ത് തെറ്റാണ് ചെയ്തതെന്ന് എനിക്ക് മനസിലായില്ല. എനിക്കതിൽ പരിഭവമില്ല’- എന്നും ടൊവിനോ പറഞ്ഞു. കൂടാതെ, പ്രളയം സിനിമയിലേക്ക് ജൂഡ് ആന്റണി ജോസഫ് വിളിച്ചപ്പോഴും വരാൻ തയ്യാറായിരുന്നില്ല. പിന്നീട് ഈ സിനിമയുടെ ടെക്നിക്കൽ സാധ്യത മനസിലാക്കിയ ശേഷമാണ് സിനിമയുടെ ഭാഗമാകാൻ തീരുമാനിച്ചതെന്നും ടൊവിനോ പറഞ്ഞു.

Exit mobile version