ആമിറിനെ കൈവിട്ട് ചൈനയും; തഗ്‌സ് ഓഫ് ഹിന്ദുസ്ഥാന്‍ ചൈനയിലും മോശം കളക്ഷന്‍

ആമിര്‍ ഖാന്റെ 300 കോടി ബജറ്റില്‍ ഒരുക്കിയ ബിഗ് ബജറ്റ് ചിത്രം ‘തഗ്‌സ് ഓഫ് ഹിന്ദുസ്ഥാനെ’ കൈവിട്ട് ചൈനയും. ചിത്രത്തിന് ചൈനയിലും വലിയ കളക്ഷനുണ്ടാക്കാനായില്ല. ആകെ 32 കോടിയാണ് ചൈനയില്‍ ചിത്രത്തിന് നേടാനായതെന്ന് ട്രേഡ് അനലിസ്റ്റ് തരണ്‍ ആദര്‍ശ് ട്വീറ്റ് ചെയ്തിരുന്നു.

ഇന്ത്യയില്‍ വലിയ ചലനമുണ്ടാക്കാന്‍ സാധിക്കാതിരുന്ന ചിത്രത്തിന്റെ ഒരേയൊരു പ്രതീക്ഷയായിരുന്നു വിദേശ കളക്ഷന്‍. എന്നാല്‍, ഇന്ത്യയില്‍ നിന്ന് 146 കോടി രൂപ മാത്രം നേടിയ ചിത്രം ചൈനയില്‍ 32 കോടി മാത്രം നേടി പരാജയം രുചിച്ചിരിക്കുകയാണ്. ആമിര്‍ഖാനും അമിതാഭ് ബച്ചനും കത്രീനാ കൈഫും തുടങ്ങിയ വന്‍ താരനിര അഭിനയിച്ച ചിത്രത്തിന് മുടക്കുമുതലിന്റെ 40 ശതമാനം പോലും തിരിച്ചുകിട്ടിയില്ല.

ചൈനയില്‍ ഏറെ ആരാധകരുള്ള താരമാണ് ആമീര്‍. ത്രീ ഇഡിയറ്റ്, പികെ, ദംഗല്‍, സീക്രട്ട് സൂപ്പര്‍സ്റ്റാര്‍ എന്നിവ വലിയ വിജയമാണ് ഇവിടെ നേടിയത്. ആദ്യത്തെ ദിവസം തന്നെ 43.35 കോടിയാണ് ചൈനീസ് തീയറ്ററുകളില്‍ നിന്നും സീക്രട്ട് സൂപ്പര്‍സ്റ്റാര്‍ ഉണ്ടാക്കിയത്. രണ്ടാം ദിനത്തില്‍ ഇത് 50 കടന്നു.

ദംഗല്‍ ചൈനയില്‍ 200 മില്യണ്‍ ഡോളര്‍ കളക്ഷന്‍ (ഏതാണ്ട് 1276.6 കോടി ഇന്ത്യന്‍ രൂപ) കടന്നിരുന്നു. 1459 കോടി രൂപയിലധികമാണ് ദംഗല്‍ നേടിയത്.

Exit mobile version