പദ്മരാജനെ സാക്ഷിയാക്കി രഹസ്യ മോതിരംമാറല്‍: ജയറാമിന്റെയും പാര്‍വതിയുടെയും അപൂര്‍വ്വ ചിത്രം പുറത്ത്

മുപ്പത് വര്‍ഷം മുമ്പ് നടന്‍ ജയറാമും പാര്‍വതിയും രഹസ്യമായി മോതിരംമാറിയതിന്റെ അപൂര്‍വ ചിത്രം പങ്കുവെച്ച് സംവിധായകന്‍ പദ്മരാജന്റെ മകനും തിരക്കഥാകൃത്തുമായ അനന്ത പദ്മനാഭന്‍. പദ്മരാജന്റെ ചിത്രത്തിലെ സാക്ഷിയാക്കി ജയറാമും പാര്‍വതിയും മോതിരംമാറുന്ന ചിത്രമാണ് അദ്ദേഹം സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവിട്ടത്.

മുപ്പത് വര്‍ഷം മുമ്പ് അച്ഛന്റെ പടത്തിന് മുമ്പില്‍ നടന്ന ഒരു രഹസ്യമോതിരംമാറല്‍ (പടത്തിലെ നായകനും നായികയും ഔദ്യോഗിക ദമ്പതികള്‍ ആകും മുമ്പ് ) സിനിമയിലല്ല എന്നാണ് ചിത്രത്തിനൊപ്പം അനന്ത പദ്മനാഭന്‍ എഴുതിയിരിക്കുന്നത്.

മണിരത്‌നം സംവിധാനം ചെയ്ത പൊന്നിയിന്‍ സെല്‍വനില്‍ ആഴ്വാര്‍കടിയന്‍ നമ്പിയായി അഭിനയിച്ച ജയറാമിനെ അഭിനന്ദിച്ചുകൊണ്ട് അനന്ത പത്മനാഭന്‍ സമൂഹമാധ്യമത്തില്‍ പങ്കുവെച്ച വീഡിയോ സന്ദേശത്തിനൊപ്പമായിരുന്നു ഈ അപൂര്‍വ ചിത്രവും പോസ്റ്റ് ചെയ്തത്. ഇതിന് ജയറാം നല്‍കിയ മറുപടി സന്ദേശവും ശ്രദ്ധേയമായിരിക്കുകയാണ്.

പടവും ഗംഭീരം, പെര്‍ഫോമന്‍സും ഗംഭീരം. നമ്പി എന്ന കഥാപാത്രം സി.വി. രാമന്‍പിള്ളയുടെ മാര്‍ത്താണ്ഡവര്‍മയിലെ ഭ്രാന്തന്‍ ചാന്നാന്റെ ഒരു കോമിക് വേര്‍ഷനാണ്. ആ കഥാപാത്രം വരുന്ന ഏരിയയെ അങ്ങ് പ്രകാശമാനമാക്കുകയാണ്. അതുവരെയുണ്ടാകുന്ന മൂഡ് മുഴുവന്‍ മാറ്റി ലൈറ്റര്‍ മൂഡിലേക്കു കൊണ്ടുവന്നത് നമ്പിയുടെ പ്രകടനമാണ്.

എത്രപേര്‍ അത് തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് അറിയില്ല. കാര്‍ത്തി ഹ്യൂമര്‍ ചെയ്യുന്നുണ്ടെങ്കിലും അതില്‍ നമ്മള്‍ കണ്ടിട്ടുള്ള ബോഡി ലാംഗ്വേജ് തന്നെയാണ്. പക്ഷേ നമ്പി ചെയ്യുന്നത് വളരെ വ്യത്യസ്തമായിട്ടാണ്. സമീപകാലത്തുള്ള കോമിക് ബോഡി ലാംഗ്വേജ് വളരെ ശ്രദ്ധാപൂര്‍വം മാറ്റി വച്ചിരിക്കുന്നു. കുറച്ച് റിസര്‍ച്ച് ഉണ്ടായിക്കാണുമെന്ന് തോന്നുന്നു. ഇതാണ് മഗ്‌നം ഓപസ് എന്നും അനന്ത പദ്മനാഭന്‍ പറഞ്ഞു.

Exit mobile version