ഹിന്ദി റിയാലിറ്റി ഷോ ബിഗ് ബോസ് സീസണ്‍ 12ന് പര്യവസാനം; സീരിയല്‍ താരം ദീപിക കക്കര്‍ കിരീടമണിഞ്ഞു, ശ്രീശാന്താണ് ഫസ്റ്റ് റണ്ണര്‍ അപ്

ഷോയിലെ ഏക മലയാളി എന്ന നിലയില്‍ ശ്രീശാന്തിന്റെ സാന്നിധ്യം കേരളത്തിലുള്ളവരുടെ ശ്രദ്ധ ആകര്‍ഷിക്കാനും കാരണമായി

മുംബൈ: സല്‍മാന്‍ഖാന്‍ അവതാരകനായി എത്തുന്ന ഹിന്ദി റിയാലിറ്റി ഷോ ബിഗ് സീസണ്‍ 12ന് പര്യവസാനം. സാധരണ ഹിന്ദി റിയാലിറ്റി ഷോയ്ക്ക് ലഭിക്കുന്നതിനേക്കാള്‍ കൂടുതല്‍ സ്വീകാര്യതയാണ് ബിഗ് ബോസിന് ലഭിക്കുന്നത്. ഹിന്ദി സീരിയല്‍ താരം ദീപിക കക്കര്‍ കിരീടമണിഞ്ഞു. ശക്തമായ മത്സരം കാഴ്ച വച്ച മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരവും മലയാളിയുമായ ശ്രീശാന്താണ് ഫസ്റ്റ് റണ്ണര്‍ അപ്. ദീപക് താക്കൂര്‍ മൂന്നാമതെത്തി.

മൂന്നു മാസം നീണ്ട പോരാട്ടത്തില്‍ 16 മത്സരാര്‍ത്ഥികളെ പിന്തള്ളിയാണ് ദീപികയുടെ നേട്ടം. അവതാരകനായ സല്‍മാന്‍ ഖാനാണ് വിജയിയെ പ്രഖ്യാപിച്ചത്. സമ്മാനതുകയായ 30 ലക്ഷം രൂപയും ട്രോഫിയും സല്‍മാന്‍ കൈമാറി. ബിഗ് ബോസിലെ ഏറ്റവും കരുത്തനായ മത്സരാര്‍ഥിയായിരുന്നു ശ്രീശാന്ത്.

തുടക്കത്തില്‍ വിവാദ നായകന്‍ ആയിരുന്നുവെങ്കിലും പ്രേക്ഷകരുടെ ശക്തമായ പിന്തുണയുമായി ശ്രീ മുന്നേറുകയായിരുന്നു. ഷോയിലെ ഏക മലയാളി എന്ന നിലയില്‍ ശ്രീശാന്തിന്റെ സാന്നിധ്യം കേരളത്തിലുള്ളവരുടെ ശ്രദ്ധ ആകര്‍ഷിക്കാനും കാരണമായി. ഡച്ച് ടിവി സീരിസ് ആയ ബിഗ് ബ്രദറില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ടാണ് ബിഗ് ബോസ് ഇന്ത്യന്‍ പ്രേക്ഷകരിലേക്കും എത്തിത്തുടങ്ങിയത്. സണ്ണി ലിയോണ്‍ അടക്കം ബോളിവുഡിലെ പല താരങ്ങളുടെയും തുടക്കം ബിഗ് ബോസിലൂടെയാണ്.

Exit mobile version