സംഘടനയിൽ മിണ്ടാത്ത ഉറങ്ങുന്ന രണ്ട് എംഎൽഎമാരേ; സ്വന്തം മണ്ഡലങ്ങളിലെ സാധാരണക്കാർക്കുവേണ്ടി എന്താണ് നിങ്ങൾ ചെയ്യുക? വിമർശിച്ച് രഞ്ജിനി

കൊച്ചി: താരസംഘടനയായ എഎംഎംഎയിൽ നിന്നും നടൻ ഷമ്മി തിലകനെ പുറത്താക്കിയ നടപടിയെ വിമർശിച്ച് നടി രഞ്ജിനി രംഗത്ത്. ഷമ്മി തിലകനെ പുറത്താക്കിയവർ തന്നെ ബലാൽസംഗ കേസിൽ കുറ്റാരോപിതനായ വിജയ് ബാബുവിനെ തുടരാൻ അനുവദിച്ചതിനേയും രഞ്ജിന ചോദ്യം ചെയ്യുന്നുണ്ട്. സംഘടനയുടെ തലപ്പത്ത് ഇരിക്കുന്ന എംഎൽഎമാരായ മുകേഷും ഗണേഷ് കുമാറും ഉറങ്ങുകയാണെന്നും സംഘടനയിലെ അടിച്ചമർത്തപ്പെട്ടവരുടെ അവകാശങ്ങൾക്കു വേണ്ടി നിലകൊള്ളാൻ സാധിച്ചില്ലെങ്കിൽ സ്വന്തം മണ്ഡലങ്ങളിലെ സാധാരണക്കാർക്കുവേണ്ടി എന്താണ് നിങ്ങൾ ചെയ്യുകയെന്നും രഞ്ജിനി ചോദിക്കുന്നു.

നടി രഞ്ജിനിയുടെ കുറിപ്പ്:

തിലകനെയും ഷമ്മി തിലകനെയും പോലെയുള്ള നടന്മാരെ അമ്മയിൽ നിന്ന് പുറത്താക്കുന്ന നടപടി ദൗർഭാഗ്യകരമാണ്.

അതേസമയം ബലാൽസംഗ കേസിൽ കുറ്റാരോപിതനായ വിജയ് ബാബുവിനെ സംഘടനയിൽ തുടരാൻ അനുവദിക്കുകയും ചെയ്യുന്നു! ഒരു പരിഹാസപാത്രമായി മാറിയിരിക്കുകയാണ് ഈ താരസംഘടന.

ഇത് മാഫിയാവൽക്കരണമാണ്. സംഘടനയിൽ അംഗങ്ങളായ, ഉറങ്ങുന്ന രണ്ട് എംഎൽഎമാരോട്, ഈ ചെറിയ സംഘടനയിലെ അടിച്ചമർത്തപ്പെട്ടവരുടെ അവകാശങ്ങൾക്കു വേണ്ടി നിലകൊള്ളാൻ സാധിച്ചില്ലെങ്കിൽ സ്വന്തം മണ്ഡലങ്ങളിലെ സാധാരണക്കാർക്കുവേണ്ടി എന്താണ് നിങ്ങൾ ചെയ്യുക?

നേരത്തെ നടൻ ഷമ്മി തിലകനും കെബി ഗണേഷ് കുമാറിനെ വിമർശിച്ച് രംഗത്ത് എത്തിയിരുന്നു. താര സംഘടനയ്ക്കെതിരേ ഗണേഷ് കുമാർ നടത്തിയ വിമർശനത്തിന്റെ പകുതി പോലും താൻ നടത്തിയിട്ടില്ലെന്ന് ഷമ്മി തിലകൻ പറഞ്ഞിരുന്നു. തന്റെ അച്ഛൻ തിലകനോടുള്ള ദേഷ്യത്തിന്റെ പേരിൽ തന്നെയും വേട്ടയാടിയ വ്യക്തിയാണ് ഗണേഷ് കുമാറെന്നും ഷമ്മി തിലകൻ ആരോപിച്ചിരുന്നു.

ALSO READ- അമ്മയുടെ ഫണ്ടുപയോഗിച്ച് ഗണേഷ് കുമാർ തെരഞ്ഞെടുപ്പിന് മുമ്പ് സ്ത്രീകൾക്ക് വീട് പണിതു നൽകി;തിലകനെ ഗുണ്ടകളെ വിട്ട് തല്ലിക്കാൻ നോക്കി; എന്നെ ചൊറിയരുത്, മാന്തും: ഷമ്മി തിലകൻ

അച്ഛൻ (നടൻ തിലകൻ) എഴുകോണത്ത് പ്രസംഗിക്കാൻ പോയപ്പോൾ ഗുണ്ടകളെ വിട്ട് തല്ലിക്കാൻ ശ്രമിച്ചയാളാണ് ഗണേഷ് കുമാർ. അമ്മ മാഫിയ സംഘമാണെന്ന് പറഞ്ഞയാൾ ഗണേഷ് കുമാറാണ്. അപ്പപ്പോൾ കാണുന്നവരെ അപ്പാ എന്ന് വിളിക്കുന്നവരാണ് അമ്മയിലെ അംഗങ്ങൾ എന്ന് പറഞ്ഞതും ഗണേഷ് കുമാറാണെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചിരുന്നു.

Exit mobile version