‘അന്ന് ബുള്ളറ്റിന് പെയിന്റടിക്കാന്‍ പോലും പൈസയില്ലായിരുന്നു, ഇന്ന് അവന് എത്ര വണ്ടിയുണ്ടെന്ന് അറിയില്ല’; അത്രക്ക് കഠിനാദ്ധ്വാനം ചെയ്താണ് ടൊവിനോ നടനായത്; റൂംമേറ്റിന്റെ ഓര്‍മ്മകള്‍ പങ്കുവച്ച് മാത്തുക്കുട്ടി

ബേസില്‍ ജോസഫ്-ടൊവിനോ തോമസ് കൂട്ടുകെട്ടിലിറങ്ങിയ മിന്നല്‍ മുരളി തരംഗം സൃഷ്ടിച്ചിരിക്കുകയാണ്. നെറ്റ്ഫ്‌ലിക്‌സിലൂടെ റിലീസ് ചെയ്ത ചിത്രം എല്ലാത്തരം പ്രേക്ഷകരെയും കയ്യിലെടുത്തു.

കഠിനാധ്വാനം കൊണ്ടാണ് ടൊവിനോ ഉയരങ്ങള്‍ കീഴടക്കിയ ഓര്‍മ്മകള്‍ പങ്കുവയ്ക്കുകയാണ് റൂംമേറ്റ് ആയിരുന്ന സംവിധായകനും അവതാരകനുമായ ആര്‍ജെ മാത്തുക്കുട്ടി.

സിനിമയില്‍ അഭിനയിക്കുന്നതിന് മുമ്പേ ടൊവിനോക്കൊപ്പം ഒരേ മുറിയിലായിരുന്നു മാത്തുക്കുട്ടിയും താമസിച്ചിരുന്നത്. ക്ലബ് എഫ്എമ്മിന് നല്‍കിയ അഭിമുഖത്തിലാണ് താരത്തിനൊപ്പമുള്ള ഓര്‍മ്മകള്‍ മാത്തുക്കുട്ടി പങ്കുവെച്ചത്.

തങ്ങളുടെ കൂടെ താമസിച്ചിരുന്നവരില്‍ സിനിമ സ്റ്റാറാകും എന്ന ഉറപ്പുണ്ടായിരുന്ന ഒരു വ്യക്തി ടൊവിനോ ആയിരുന്നുവെന്ന് മാത്തുക്കുട്ടി പറഞ്ഞു. അതിനായി അത്രക്കുള്ള ആഗ്രഹവും അദ്ധ്വാനവും ടൊവിനോ ചെയ്തിട്ടുണ്ട്.

ഒരു മുറിയില്‍ ഒന്നിച്ച് താമസിച്ചിരുന്നവരാണ് ടൊവിനോയും ഞാനും. ആഗ്രഹത്തിന്റെ സന്തതി ആയിരുന്നു അവനെന്നും ഞങ്ങളുടെ കൂട്ടത്തില്‍ സിനിമയില്‍ സ്റ്ററാവും എന്ന് ഉറപ്പുണ്ടായിരുന്ന ഒരാള്‍ അവനായിരുന്നെന്നും മാത്തുക്കുട്ടി പറഞ്ഞു. അതിനു വേണ്ടി ആഗ്രഹിക്കുകയും അതിനു വേണ്ടി വര്‍ക്ക് ചെയ്യുകയും ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ആ കാലത്ത് ടൊവിനോയ്ക്ക് ഒരു ബുള്ളറ്റ് ഉണ്ടായിരുന്നു. അവന് എവിടെയെങ്കിലും പോകണമെങ്കില്‍ രാവിലെ ഞാനും ഞങ്ങളുടെ ഒരു സുഹൃത്ത് ലാലുവും കൂടി ആ ബുള്ളറ്റ് തള്ളണമായിരുന്നു. ആ വണ്ടിക്ക് ബാറ്ററി ഇല്ലായിരുന്നു. കാശ് ചേട്ടനോട് ചോദിക്കണം എന്നതിനാല്‍ ബാറ്ററിയില്ലാതെ ആ വണ്ടി അവന്‍ കുറേനാള്‍ ഓടിച്ചിട്ടുണ്ട്. അന്ന് ജോലിയുള്ളത് എനിക്ക് മാത്രമായിരുന്നു.

ബുള്ളറ്റിന് മിലിട്ടറി ഗ്രീന്‍ പെയിന്റടിച്ചു. അതു കണ്ടപ്പോള്‍ ടൊവിനോയ്ക്ക് ഒരു ആഗ്രഹം അവന്റെ ബുള്ളറ്റിനും പെയിന്റ് അടിക്കണമെന്ന്. തന്നോട് ചോദിച്ചപ്പോള്‍ 5000 രൂപ ഉണ്ടെങ്കില്‍ ചെയ്യാമെന്ന് പറഞ്ഞു. ‘5000 വലിയ തുകയാണ് മാത്തു’ എന്ന് പറഞ്ഞ് അവന്‍ അത് വേണ്ടെന്ന് വെച്ചു. ഇന്ന് അവന് എത്ര വണ്ടിയുണ്ടെന്ന് തനിക്ക് അറിയത്തില്ലെന്നും ആ ബുള്ളറ്റ് പുതിയ ബാറ്ററി വെച്ച് ഇപ്പോഴും ഓടിക്കുന്നുണ്ടെന്നും മാത്തുക്കുട്ടി പറയുന്നു.

Exit mobile version