നീണ്ട 12 മണിക്കൂര്‍ തത്സമയം, 1525 കലാപ്രതിഭകള്‍: കോമഡി ഉത്സവത്തിന് ഗിന്നസ് റെക്കോര്‍ഡ്

മിനിസ്‌ക്രീനിലെ ജനപ്രിയ ഷോ ഫ്‌ളവേഴ്‌സ് ടിവിയിലെ കോമഡി ഉത്സവം ഇനി ചരിത്രത്തിലേക്ക്. നീണ്ട 12 മണിക്കൂറിലെ തത്സമയ പരിപാടിയിലൂടെ ഗിന്നസ് റെക്കോര്‍ഡ്‌സില്‍ ഇടംപിടിച്ചിരിക്കുകയാണ് കോമഡി ഉത്സവം.

ഏറ്റവും കൂടുതല്‍ കലാകാരന്‍മാരെ പങ്കെടുപ്പിച്ച് 12 മണിക്കൂര്‍ നീണ്ട തത്സമയ ടെലിവിഷന്‍ ഇവന്റ് വിഭാഗത്തില്‍ ഗിന്നസ് ലോക റെക്കോര്‍ഡ് ജനപ്രിയ പരിപാടിയായ കോമഡി ഉത്സവത്തിന് സ്വന്തം.

1525 കലാകാരന്‍മാരെ പങ്കെടുപ്പിച്ച ടെലിവിഷന്‍ പ്രതിഭാ മത്സരം എന്ന റെക്കോര്‍ഡാണ് കോമഡി ഉത്സവം സ്വന്തമാക്കിയത്. 1529 പേരാണ് മത്സരത്തില്‍ ആകെ പങ്കെടുത്തത്. 1525 മത്സരാര്‍ത്ഥികളുടെ പ്രകടനങ്ങളും ഗിന്നസിനായി പരിഗണിച്ചു. ഫ്ളവേഴ്സ് ടിവി മൂന്നാം തവണയാണ് ഗിന്നസില്‍ ഇടം നേടുന്നത്. ഡിസംബര്‍ 23ന് രാവിലെ 10 മുതല്‍ രാത്രി 10 വരെയായിരുന്നു പരിപാടിയുടെ തത്സമയ സംപ്രേഷണം ആരംഭിച്ചത്.

മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരിപാടികളിലൊന്നാണ് കോമഡി ഉത്സവം. ഫ്ളവേഴ്സ് ചാനലില്‍ റേറ്റിങ്ങില്‍ ഏറെ മുന്നിലുള്ള പരിപാടിയെ നയിക്കുന്നത് മിഥുന്‍ രമേഷാണ്. അഭിനേതാവായും ഡബ്ബിംഗ് ആര്‍ടിസ്റ്റായും തിളങ്ങിയ താരം ഇപ്പോള്‍ അവതാരകനായി നിറഞ്ഞുനില്‍ക്കുകയാണ്.

Exit mobile version