മയക്കുമരുന്ന് കേസിൽ തെന്നിന്ത്യൻ താരം റാണ ദഗ്ഗുബാട്ടിയെ ഇഡി ചോദ്യം ചെയ്യുന്നു

ബംഗളൂരു: മയക്കുമരുന്ന് കേസിൽ ബന്ധപ്പെട്ട് തെന്നിന്ത്യൻ നടൻ റാണ ദഗുബാട്ടിയെ ഇഡി ചോദ്യം ചെയ്യുന്നു. രണ്ടാം വട്ടമാണ് റാണയെ ചോദ്യം ചെയ്യുന്നത്. 30 കോടിയിലധികം രൂപയുടെ കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട് മുമ്പ് ഇഡി കേസ് എടുത്തിരുന്നു.

വിവിധ തെലുങ്ക്-കന്നഡ സിനിമ താരങ്ങളെ കേന്ദ്രീകരിച്ച് ഇഡിക്ക് പുറമെ നാർകോട്ടിക്‌സ് കൺട്രോൾ ബ്യൂറോയും ക്രൈംബ്രാഞ്ചിന്റെ പ്രത്യേക അന്വേഷണ സംഘവും അന്വേഷണം തുടരുന്നുണ്ട്. റാണ ദഗ്ഗുബാട്ടിയ്ക്കും നടിമാരായ നടി ചാർമി കൗറിനും രാകുൽ പ്രീത് സിങിനും നർകോട്ടിക് കൺട്രോൾ ബ്യൂറോ നോട്ടീസ് അയച്ചിട്ടുണ്ട്.

ചാർമി കൗറിനേയും രാകുൽ പ്രീത് സിങിനേയും കഴിഞ്ഞ ആഴ്ച ഇഡി ചോദ്യം ചെയ്തിരുന്നു. രാകുൽ പ്രീത് സിങിനെ വീണ്ടും ചോദ്യം ചെയ്യുമെന്നും ഇഡി വ്യക്തമാക്കിയിട്ടുണ്ട്. ഇതിന് പിന്നാലെ എൻസിബിയും ഇരുവരേയും ചോദ്യം ചെയ്യലിന് വിളിപ്പിച്ചിരിക്കുന്നത്.

കന്നഡയിലെ പ്രമുഖ നടിയും അവതാരകയുമായ അനുശ്രീ മയക്കുമരുന്ന് ശൃംഖലയിലെ പ്രധാന ഡീലറാണെന്ന് കണ്ടെത്തിയതോടെയാണ് താരങ്ങളിലേക്കും അന്വേഷണം നീണ്ടത്. കർണാടക ക്രൈംബ്രാഞ്ച് കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിൽ അനുശ്രീയുടെ പങ്ക് വ്യക്തമാക്കുന്നുണ്ട്. അനുശ്രീ മയക്കുമരുന്ന് ഉപയോഗിച്ചതായി ഫോറൻസിക് പരിശോധനയിൽ തെളിഞ്ഞിട്ടുണ്ടെന്നും കുറ്റപത്രത്തിൽ വ്യക്തമാക്കുന്നു.

Exit mobile version