ആരുടേയും മനസ്സ് വേദനിപ്പിക്കാൻ തക്ക സംസ്‌കാര ശൂന്യനല്ല ഞാൻ; നോട്ട് ഫ്രം ബൈബിൾ വെട്ടി, ഇനി ‘ഈശോ’, മാത്രമെന്ന് നാദിർഷാ

തന്റെ പുതിയ ചിത്രമായ ‘കേശു ഈ വീടിന്റെ നാഥൻ’, ‘ഈശോ’ എന്നീ ചിത്രങ്ങൾക്ക് നേരെ ചില മതസംഘടനകളും സോഷ്യൽമീഡിയ പ്രൊഫൈലുകളും ഉയർത്തിയ വിവാദങ്ങളോട് പ്രതികരിച്ച് സംവിധായകൻ നാദിർഷാ. ഞാൻ ഏറെ ബഹുമാനിക്കുന്ന ദൈവപുത്രനായ ജീസസുമായി ഈ സിനിമക്ക് യാതൊരു ബന്ധവുമില്ല. ഇത് കേവലം ഒരു കഥാപാത്രത്തിന്റെ പേര് മാത്രമെന്നാണ് ഈശോ എന്ന ചിത്രത്തിന്റെ പേരിനെ ചൊല്ലി കൃസ്ത്യൻ പേരുകളിലുള്ള പ്രൊഫൈലുകളുടെ വിമർശനങ്ങളോട് നാദിർഷാ പ്രതികരിച്ചിരിക്കുന്നത്.

കഴിഞ്ഞ് കുറച്ചുദിവസങ്ങളിലായി ചിലർ ചിത്രത്തിനെതിരെ സോഷ്യൽമീഡിയയിലൂടെ രംഗത്തെത്തിയിരുന്നു. എന്നാൽ എല്ലാ മത വിഭാഗങ്ങളെയും ഒരേ പോലെ ആദരിക്കാൻ മനസ്സുള്ള ഒരു കലാകാരൻ എന്ന നിലക്ക്, ആരുടേയും മനസ്സ് വേദനിപ്പിക്കാനും, വ്രണപ്പെടുത്താനും തക്ക സംസ്‌കാര ശൂന്യനല്ല ഞാൻ-എന്നാണ് നാദിർഷാ തിരിച്ച് മറുപടി നൽകുന്നത്.

ദിലീപ് നായകനാകുന്ന ചിത്രമാണ് കേശു ഈ വീടിന്റെ നാഥൻ, ഈശോ ജയസൂര്യ കേന്ദ്രകഥാപാത്രമായി എത്തുന്ന ചിത്രമാണ്.

കേശു ഈ വീടിന്റെ നാഥൻ എന്ന ചിത്രത്തിന്റെ ടൈറ്റിൽ മാറ്റുന്നില്ലെന്നും ‘ഈശോ’ എന്ന ചിത്രത്തിന്റെ ടാഗ്‌ലൈനായ ‘നോട്ട് ഫ്രം ദ ബൈബിൾ’ എന്ന ഭാഗം മാത്രം വെട്ടിമാറ്റുമെന്നുമാണ് നാദിർഷാ അറിയിച്ചിരിക്കുന്നത്.

നാദിർഷായുടെ ഫേസ്ബുക്ക് പോസ്റ്റ്:

‘ഈശോ ‘ സിനിമയുടെ 2nd motion poster ബുധനാഴ്ച്ച (04082021)വൈകിട്ട് 6.00 മണിക്ക്എ ന്റെ പ്രിയ സഹോദരന്മാരുടെ ശ്രദ്ധയ്ക്ക് . ഞാൻ ഏറെ ബഹുമാനിക്കുന്ന ദൈവപുത്രനായ
ജീസസുമായി ഈ സിനിമക്ക് യാതൊരു ബന്ധവുമില്ല . ഇത് കേവലം ഒരു കഥാപാത്രത്തിന്റെ പേര് മാത്രം (ഈ സിനിമക്ക് എതിരെ പ്രവർത്തിക്കുന്നവർ അറിയാൻ വേണ്ടി മാത്രം ) അതുകൊണ്ട് ക്രിസ്ത്യൻ സമുദായത്തിലെ എന്റെ പ്രിയപ്പെട്ട സഹോദരങ്ങൾക്ക് വിഷമമുണ്ടായതിന്റെ പേരിൽ മാത്രം not from the bible എന്ന ടാഗ്line മാത്രം മാറ്റും . അല്ലാതെ തൽക്കാലം ‘ഈശോ ‘ എന്ന ടൈറ്റിലും, ‘കേശു ഈ വീടിന്റെ നാഥൻ ‘ എന്ന ടൈറ്റിലും മാറ്റാൻ ഞങ്ങൾ ഉദ്ദേശിക്കുന്നില്ല .
എല്ലാ മത വിഭാഗത്തിലും പെട്ട ഒരുപാട് സുഹൃത്തുക്കൾ ഉള്ള , എല്ലാ മത വിഭാഗങ്ങളെയും ഒരേ പോലെ ആദരിക്കാൻ മനസ്സുള്ള ഒരു കലാകാരൻ എന്ന നിലക്ക് , ആരുടേയും മനസ്സ് വേദനിപ്പിക്കാനും , വ്രണപ്പെടുത്താനും തക്ക സംസ്‌കാര ശൂന്യനല്ല ഞാൻ . ‘കേശു ഈ വീടിന്റെ നാഥൻ ‘ ഈശോ ‘ എന്നീ സിനിമകൾ ഇറങ്ങിയ ശേഷം ആ സിനിമയിൽ ഏതെങ്കിലും തരത്തിൽ മത വികാരം വ്രണപ്പെടുന്നുവെങ്കിൽ നിങ്ങൾ പറയുന്ന ഏതു ശിക്ഷക്കും ഞാൻ തയ്യാറാണ് . അതുവരെ ദയവ് ചെയ്ത് ക്ഷമിക്കുക .

Exit mobile version