നാളെ ഗോവിന്ദചാമിയെ വെള്ളപൂശിയാൽ നമുക്ക് അംഗീകരിക്കാൻ പറ്റുമോ? മാലിക് സിനിമയെ വിടാതെ ഒമർ ലുലു

ഫഹദ് ഫാസിൽ-മഹേഷ് നാരായണൻ ചിത്രം മാലികിന് എതിരെ വീണ്ടും രൂക്ഷ വിമർശനവുമായി സംവിധായകൻ ഒമർ ലുലു. മാലിക് ചിത്രം ചരിത്രത്തെ വളച്ചൊടിച്ചതാണെന്ന വിമർശനം ഉയരുന്നതിനിടെയാണ് ഒമർ ലുലു ചിത്രത്തിന് എതിരെ വീണ്ടും വിമർശനം ഉന്നയിച്ചിരിക്കുകയാണ്. സിനിമ സംവിധായകന്റെ കലയാണ് എന്ന് വെച്ച് നാളെ ഗോവിന്ദചാമിയെ വെള്ളപൂശിയാൽ നമ്മുക്ക് അംഗീകരിക്കാൻ പറ്റുമോ എന്നാണ് സംവിധായകന്റെ ചോദ്യം.

നേരത്തെ പോസ്റ്റ് ചെയ്ത കുറിപ്പാണ് വീണ്ടും ഒമർ ലുലു പോസ്റ്റ് ചെയ്തിരിക്കുന്നത്. പഴശ്ശിരാജയും വടക്കൻ വീരഗാഥയുമെല്ലാം ചലച്ചിത്രമായപ്പോൾ യഥാർഥ കഥയല്ലല്ലോ ഫിക്ഷൻ ആയിട്ടല്ലേ ചലച്ചിത്രം എടുത്തത് എന്ന് സോഷ്യൽമീഡിയ തിരിച്ചു ചോദിച്ചതോടെയാണ് മറുപടി കുറിപ്പുമായി ഒമർ രംഗത്തെത്തിയിരിക്കുന്നത്.

‘പഴശ്ശീരാജയുടെയോ ചന്തുവിന്റെയോ കാര്യം പറഞ്ഞു വരുന്ന ചേട്ടൻമാരോട് ‘മാലിക്ക് സിനിമയിൽ പറയുന്ന വെടിവെപ്പിന് ആസ്പദമായ സംഭവം നടന്നത് 2009ൽ ഇന്നും സ്വന്തക്കാരേ നഷ്ടപ്പെട്ടുപോയവരുടെ വേദനപേറി ജീവിക്കുന്ന ഒരുപാട് പേർ ഇവിടെ ഉണ്ട് എന്ന പരിഗണന എങ്കിലും കൊടുത്ത് യാഥാർത്ഥ്യത്തോട് ഒരു 50% എങ്കിലും സത്യസന്ധത പുലർത്തണമായിരുന്നു’- എന്നാണ് ഒമർ ലുലു പറയുന്നത്.

വിമർശനമുയർന്നതോടെ മാലിക് ചരിത്രത്തെ അടിസ്ഥാനപ്പെടുത്തി അല്ലെന്നു സംവിധായകൻ മഹേഷ് നാരായണൻ തന്നെ വ്യക്തമാക്കിയിരുന്നു.

ഒമർ ലുലുവിന്റെ ഫേസ്ബുക്ക് കുറിപ്പ്:

സിനിമ സംവിധായകന്റെ കലയാണ് എന്ന് വെച്ച് നാളെ ഗോവിന്ദചാമിയെ വെള്ളപൂശിയാൽ നമ്മുക്ക് അംഗീകരിക്കാൻ പറ്റുമോ.പിന്നെ പഴശ്ശീരാജയുടെയോ ചന്തുവിന്റെയോ കാര്യം പറഞ്ഞു വരുന്ന ചേട്ടൻമാരോട് ‘മാലിക്ക് സിനിമയിൽ പറയുന്ന വെടിവെപ്പിന് ആസ്പദമായ സംഭവം നടന്നത് 2009ൽ ഇന്നും സ്വന്തക്കാരേ നഷ്ടപ്പെട്ടുപോയവരുടെ വേദനപേറി ജീവിക്കുന്ന ഒരുപാട് പേർ ഇവിടെ ഉണ്ട് എന്ന പരിഗണന എങ്കിലും കൊടുത്ത് യാഥാർത്ഥ്യത്തോട് ഒരു 50% എങ്കിലും സത്യസന്ധത പുലർത്തണമായിരുന്നു’.
ചരിത്രപുസ്തകമൊന്നും തപ്പണ്ടാ , ഉറ്റവർ നഷ്ട്ടപെട്ട , ആ നാട്ടിൽ ജീവിക്കുന്ന ജീവിച്ചിരിക്കുന്ന 10 പേരോട് ചോദിച്ചാൽ മതി

Exit mobile version