‘മരക്കാർ:അറബിക്കടലിന്റെ സിംഹം’ തിയേറ്ററുകളിലേക്ക്; റിലീസ് തീയതി പ്രഖ്യാപിച്ച് മോഹൻലാൽ

മോഹൻലാൽ നായകനായെത്തുന്ന പുതിയ ചിത്രമാണ് ‘മരക്കാർ: അറബിക്കടലിന്റെ സിംഹം’. പ്രിയദർശനാണ് ചിത്രത്തിന്റെ സംവിധാനം നിർവഹിക്കുന്നത്.ചിത്രത്തിന്റെ റിലീസ് തീയതിയും പുറത്തെത്തിയിരിക്കുകയാണ്. ഓഗസ്റ്റ് 12 ന് ഓണം റിലീസായി മരക്കാർ തീയേറ്ററുകളിലൂടെ പ്രേക്ഷകരിലേക്കെത്തും.

‘സ്നേഹത്തോടെ, നിറഞ്ഞ മനസ്സോടെ പ്രതീക്ഷിക്കുകയാണ്, ഈ വരുന്ന ഓഗസ്റ്റ് 12ന്, ഓണം റിലീസ് ആയി ‘മരക്കാർ അറബിക്കടലിന്റെ സിംഹം’ നിങ്ങളുടെ മുന്നിലെത്തിക്കാൻ ഞങ്ങൾക്ക് കഴിയുമെന്ന്.. അതിനു നിങ്ങളുടെ പ്രാർഥനയും പിന്തുണയും ഉണ്ടാകുമെന്ന വിശ്വാസത്തോടെ ഞങ്ങൾ മുന്നോട്ട് നീങ്ങുന്നു…’ എന്നാണ് റിലീസിനെക്കുറിച്ച് മോഹൻലാൽ സമൂഹമാധ്യമങ്ങളിൽ കുറിച്ചത്.

ചിത്രം ദേശീയതലത്തിൽ മൂന്ന് പുരസ്‌കാരങ്ങൾ സ്വന്തമാക്കിയിരുന്നു. മികച്ച ചിത്രം ഉൾപ്പെടെ മൂന്ന് പുരസ്‌കാരങ്ങളാണ് ദേശീയ തലത്തിൽ മരക്കാർ സ്വന്തമാക്കിയത്. മികച്ച വിഷ്വൽ എഫക്ടസിനുള്ള പുരസ്‌കാരവും മികച്ച വസ്ത്രാലങ്കാരത്തിനുള്ള പുരസ്‌കാരവും ചിത്രത്തിന് ലഭിച്ചു.

സാമൂതിരി രാജവംശത്തിന്റെ നാവിക മേധാവിയായിരുന്ന കുഞ്ഞാലി മരക്കാറുടെ ജീവിതമാണ് ചിത്രത്തിന്റെ പ്രമേയം. മോഹൻലാൽ ആണ് ചിത്രത്തിൽ കുഞ്ഞാലി മരക്കാർ ആയെത്തുന്നത്.മഞ്ജു വാര്യർ, അർജുൻ സാർജ, സിദ്ദിഖ്, സുനിൽ ഷെട്ടി, പ്രഭു, ബാബുരാജ്, പ്രണവ് മോഹൻലാൽ, കല്യാണി പ്രിയദർശൻ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായെത്തുന്നു.

Exit mobile version