കോവിഡ് മഹാമാരിയുടെ ആകുലതകൾക്കിടയിൽ മറന്നുപോവരുതാത്ത പ്രതിഭയെക്കുറിച്ച്, സ്‌നേഹിക്കുന്നവരുടെ പപ്പേട്ടനെക്കുറിച്ച്; ജന്മവാർഷികത്തിൽ ഹൃദ്യമായ കുറിപ്പ്

padmarajan

തൃശ്ശൂർ: മഹാമാരിയുടെ ആശങ്കകൾക്കിടയും മറക്കരുതാത്ത മലയാള സാഹിത്യത്തിനും സിനിമയ്ക്കും അനേകം സംഭാവനകൾ നൽകിയ സംവിധായകൻ പദ്മരാജനെ കുറിച്ച് അദ്ദേഹത്തിന്റെ ജന്മവാർഷിക ദിനത്തിൽ ഹൃദ്യമായ കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ് അഡ്വ. ജഹാംഗീർ റസാഖ് പാലേരി.

യാഥാസ്ഥിതികമായ സദാചാരസങ്കല്പങ്ങൾക്കു പുറത്തേക്കു നീങ്ങുന്ന വ്യക്തിബന്ധങ്ങൾ വരച്ചിട്ട നനുത്ത മഴ നനയുന്ന അനുഭൂതി നൽകുന്ന പദ്മരാജന്റെ സൃഷ്ടികളെ കുറിച്ച് അഡ്വ. ജഹാംഗീർ ഫേസ്ബുക്കിൽ കുറിച്ചതിങ്ങനെ:

കോവിഡ് മഹാമാരിയുടെ അനിശ്ചിതത്വങ്ങൾക്കും ആകുലതകൾക്കുമിടയിലും മറന്നുപോവരുതാത്ത പ്രതിഭയെക്കുറിച്ച്, മലയാള സിനിമയുടെയും സാഹിത്യത്തിന്റെയും പത്മരാജനെക്കുറിച്ച്… സ്നേഹിക്കുന്നവരുടെ പപ്പേട്ടനെക്കുറിച്ച്…

1) ഇന്ന് മേയ് 23. മലയാള സിനിമാ – സാഹിത്യ ലോകത്തെ എക്കാലത്തെയും വലിയ പ്രതിഭയായിരുന്ന പത്മരാജൻ്റെ ജന്മദിനം. 1945 മേയ് 23-ന് ആലപ്പുഴ ജില്ലയിലെ ഹരിപ്പാടിനടുത്ത് മുതുകുളത്ത് തുണ്ടത്തിൽ അനന്തപത്മനാഭപിളളയുടെയും ഞവരക്കൽ ദേവകിയമ്മയുടെയും ആറാമത്തെ മകനായി ജനിച്ച പദ്മരാജന്‍ മലയാള സിനിമാ സാഹിത്യ ലോകത്തെ അത്രമേല്‍ അസാധാരണനായ പ്രതിഭയായിരുന്നു. അതിനു മുന്‍പോ ശേഷമോ പദ്മരാജന്റെ നിഴല്‍ പോലും ഉണ്ടായിട്ടില്ല എന്നത് ആ വേര്‍പാടിന്റെ തീവ്രത പലമടങ്ങാക്കുന്നു.
2) മഴ നനയുന്നതിനൊരു സുഖമുണ്ട്. വീണ്ടും വീണ്ടും നനയാന്‍ തോന്നിപ്പിക്കുന്ന, അനിര്‍വചനീയമായ ഒരു സുഖം. അത് പോലെ തന്നെ ചില കാഴ്ചകളുണ്ട്‌, വീണ്ടും കാണാന്‍ തോന്നിക്കുകയും ഓരോ കാഴ്ചയിലും പുതിയൊരു സൌന്ദര്യം പകര്‍ന്നു തരികയും ചെയ്യുന്നവ. ഓരോ തവണയും പുതിയ അനുഭൂതികള്‍ പകരുന്ന ശബ്ദങ്ങളും ഗന്ധങ്ങളും രുചികളും സ്പര്ശങ്ങളും ഉണ്ട്, പിന്നെ ചില അതീന്ദ്രിയതകളും. ഓരോ തവണ കേള്‍ക്കുമ്പോഴും പുതിയ അര്‍ഥങ്ങള്‍ സമ്മാനിക്കുന്ന കഥകള്‍ നമ്മള്‍ കേട്ടിട്ടില്ലേ, ആവര്‍ത്തിച്ച്‌? എന്ത് കൊണ്ട് ചില ഇഷ്ടഗാനങ്ങള്‍ ഓരോ കേള്‍വിയിലും കൂടുതല്‍ ഇഷ്ടപ്പെട്ടതാവുന്നു എന്ന് അത്ഭുതപ്പെടുമ്പോള്‍ അത് ഓരോ തവണയും നവ്യാനുഭൂതികള്‍ ലഭിക്കുന്നത് കൊണ്ടാണെന്ന് ചിലപ്പോള്‍ ഒക്കെ നമ്മള്‍ തിരിച്ചറിഞ്ഞിട്ടും ഉണ്ട്. അമ്മാതിരി ഒരു കാഴ്ചയും , വായനയുമാണ് പദ്മരാജന്‍ എന്ന പ്രതിഭ സമ്മാനിച്ചിട്ടുള്ളത്.!
3) വര്‍ണങ്ങള്‍ വാരി വിതറിയ ചിത്രം, ചിലപ്പോള്‍ വറ്റി വരണ്ട പുഴയ്ക്ക്‌ സ്നേഹത്തിന്റെ തേനരുവികള്‍ നല്‍കുന്ന സാന്ത്വനം, അതുമല്ലെങ്കില്‍ നിര്‍വചിക്കാന്‍ പറ്റാത്ത ഒരു മുറിവ്‌ മനസ്സില്‍ ബാക്കി നിര്‍ത്തി വിട പറയുന്ന മഴക്കാലത്തിന്റെ നൊമ്പരം, അങ്ങിനെ എന്തെക്കൊയോ ആയിരുന്നു മലയാളിക്ക്‌ പദ്മരാജന്‍ സിനിമകള്‍. സ്നേഹത്തിന്റെ ആഴമളക്കുന്ന ഏകകം, ഒരു അളവുകോല്‍ അതെന്തായാലും പദ്മരാജന്റെ കൈവശം ഉണ്ടായിരുന്നു എന്ന് തോന്നിപ്പോവും ഓരോ തിരക്കഥയിലും അദ്ദേഹം ബന്ധങ്ങള്‍ ഇഴചെര്‍ക്കുന്നത് കണ്ടാല്‍. ഓരോ കാഴ്ചയിലും പുതിയ അനുഭവങ്ങളും കാഴ്ച്ചപാടുകളുമാണ് ഇവ പ്രേക്ഷകര്‍ക്ക്‌ നല്‍കുന്നത്‌.
4) യാഥാസ്ഥിതികമായ സദാചാരസങ്കല്പങ്ങള്‍ക്കു പുറത്തേക്കു നീങ്ങുന്ന വ്യക്തിബന്ധങ്ങള്‍ പദ്മരാജന്റെ രചനകളില്‍ അനേകമുണ്ട്. വ്യവസ്ഥാപിതമായ എല്ലാ ബന്ധങ്ങളും നിരര്‍ഥകമാണെന്ന് ഈ കലാ പ്രതിഭ വിശ്വസിച്ചിരുന്നതായി അദ്ദേഹത്തിന്‍റെ സിനിമകളും കഥകളും , നോവലുകളും സാക്ഷ്യപ്പെടുത്തുന്നു. എല്ലാ മനുഷ്യബന്ധങ്ങളും, നിയമങ്ങള്‍ക്കും കണക്കുകൂട്ടലുകള്‍ക്കും പുറത്താണ് സംതൃപ്തിയടയുന്നത് എന്ന സത്യം ആവര്‍ത്തിച്ചടയാളപ്പെടുത്തുന്നതാണ് പദ്മരാജന്‍റെ മുഴുവന്‍ സര്‍ഗ്ഗ സൃഷ്ട്ടികളും. ലൈംഗികതയെ അശ്ലീലമായല്ലാതെ കാണിക്കുവാനുള്ള ഒരു കഴിവ് ഭരതനും, പദ്മരാജനുമാല്ലാതെ മലയാളത്തില്‍ മറ്റാര്‍ക്കുമുണ്ടായിട്ടില്ല.
5) കോളേജിൽ പഠിക്കുന്ന കാലത്തുതന്നെ പത്മരാജന്റെ ശ്രദ്ധ കഥകളിലേക്കു തിരിഞ്ഞു. കൗമുദി വാരികയിൽ പ്രസിദ്ധീകരിച്ച “ലോല മിസ് ഫോർഡ് എന്ന അമേരിക്കൻ പെൺകിടാവ്” എന്ന കഥയാണ് പത്മരാജന്റെ പ്രസിദ്ധീകരിക്കപ്പെട്ട ആദ്യ രചന. ആകാശവാണിയിൽ പ്രവർത്തിക്കുന്ന കാലഘട്ടത്തിൽ പ്രസിദ്ധീകരിച്ച ശ്രദ്ധേയമായ ചെറുകഥാസമാഹരങ്ങളാണ് അപരൻ, പ്രഹേളിക, പുകക്കണ്ണട എന്നിവ.
6) കഥാരചനയിലെ വൈഭവം നോവൽരചനയിലേയ്ക്ക് പത്മരാജനെ ആകർഷിച്ചു. 1971-ൽ എഴുതിയ “നക്ഷത്രങ്ങളേ കാവൽ” എന്ന നോവൽ ഏറെ ശ്രദ്ധേയമായി. ആ വർഷത്തെ കേരള സാഹിത്യ അക്കാദമി പുരസ്കാരവും കുങ്കുമം അവാർഡും ഈ കൃതിയിലൂടെ പത്മരാജൻ നേടി. പിന്നീട് വാടകയ്ക്കൊരു ഹൃദയം, ഇതാ ഇവിടെ വരെ, ശവവാഹനങ്ങളും തേടി തുടങ്ങിയ നോവലുകൾ പ്രസിദ്ധീകരിച്ചു. ഉദകപ്പോള, മഞ്ഞുകാലം നോറ്റ കുതിര, പ്രതിമയും രാജകുമാരിയും തുടങ്ങിയ നോവലുകൾ ചലച്ചിത്രരംഗത്തു പ്രസിദ്ധനായതിനുശേഷം രചിച്ചവയാണ്. പെരുവഴിയമ്പലം, രതിനിർവ്വേദം തുടങ്ങിയവയാണ് പത്മരാജന്റെ പ്രശസ്തമായ മറ്റു നോവലുകൾ.
7) 36 ചലച്ചിത്രങ്ങൾക്ക് തിരക്കഥയെഴുതിയ പത്മരാജൻ 18 ചലച്ചിത്രങ്ങൾ സംവിധാനം ചെയ്തു. ഭരതനുമായി ചേർന്ന് പത്മരാജൻ പ്രവർത്തിച്ചിട്ടുള്ള സിനിമകളെല്ലാം സമാന്തര സിനിമയുടെയും വാണിജ്യസിനിമയുടെയും ഇടയിൽ നിൽക്കുന്നത് എന്ന അർഥത്തിൽ മധ്യവർത്തി സിനിമ എന്ന് അറിയപ്പെടുന്നു. 1975-ൽ എഴുതിയ പ്രയാണം ആണ് പത്മരാജന്റെ ആദ്യ തിരക്കഥ. ഭരതന്റെ സംവിധാനത്തിൽ ആ വർഷം തന്നെ പുറത്തിറങ്ങിയ ഈ ചിത്രം ഏറെ ശ്രദ്ധിക്കപ്പെട്ടു. മലയാള മധ്യവർത്തി സിനിമയുടെ ചുക്കാൻ പിടിച്ച ഭരതൻ-പത്മരാജൻ കൂട്ടുകെട്ടിനും ഈ ചിത്രം തുടക്കം കുറിച്ചു. പെരുവഴിയമ്പലത്തിന്റെ ചലച്ചിത്രാവിഷ്കാരത്തിലൂടെ സംവിധായകനായ പത്മരാജൻ സ്വന്തമായി സംവിധാനം ചെയ്ത ചിത്രങ്ങളുൾപ്പെടെ മുപ്പത്തിയാറ് തിരക്കഥകൾ രചിച്ചു. ദേശീയവും അന്തർദ്ദേശീയവുമായ നിരവധി ബഹുമതികളും ലഭിച്ചിട്ടുണ്ട്.
😎 പി പദ്മരാജൻ ചലച്ചിത്രകാരന്മാർക്കിടയിലെ പ്രതിഭയുള്ള എഴുത്തുകാരനായിരുന്നു എന്നതിന് അദ്ദേഹത്തിന്റെ പുസ്കങ്ങൾ കൂട്ടുവരുന്നു. സിനിമകൾക്കപ്പുറം അക്ഷരങ്ങൾകൊണ്ട് മായാലോകമൊരുക്കിയ പദ്മരാജന്റെ നോവലുകളും ചെറുകഥകളും എല്ലാം തന്നെ ആരാധകർ നെഞ്ചേറ്റിയിട്ടുണ്ട്. ജീവിതവും കാഴ്ചകളുമായി ഏറെ താദാത്മ്യപ്പെട്ടിരിക്കുന്ന കഥാപാത്രങ്ങളും കഥകളും വായനക്കാരെ പദ്മരാജൻ എന്ന എഴുത്തുകാരനോടും ഏറെ ചേർത്ത് വയ്ക്കുന്നുണ്ട്..!
9) വളരെ ചുരുങ്ങിയ ജീവിതത്തിനുള്ളിൽ സര്‍ഗ്ഗാത്മകതയുടെ ഏറ്റം വ്യത്യസ്തമായ വഴികളിലൂടെ സഞ്ചരിച്ച വ്യക്തിയാണ് പത്മരാജൻ. പത്മരാജനെ ഇന്നത്തെ തലമുറ അറിയുന്നത് പ്രണയത്തെ ഏറ്റവും മനോഹരമായി അഭ്രപാളിയിൽ ചിത്രീകരിച്ച കലാകാരനായിട്ടാണ്. സിനിമയിൽ കാണിച്ച ആ മികവിന്റെ നൂറിരട്ടി തന്റെ പുസ്തകങ്ങളിൽ കൊണ്ട് വരാൻ പത്മരാജന് കഴിഞ്ഞിട്ടുണ്ട് എന്നത്, അദ്ദേഹത്തിന്റെ രചനകൾ ഒരിക്കലെങ്കിലും വായിച്ചിട്ടുള്ളവർക്ക് മനസിലാകും…
10) കാലത്തിന്റെ കണ്ണ് തട്ടാത്ത രചനകൾ വരും തലമുറയ്ക്കായി കരുതി വച്ച പത്മരാജന്റെ രചനകൾ, ഏതൊരു ക്ഷുഭിതന്റെയും മനസ്സിൽ പ്രണയം നിറയ്ക്കുന്നവയായിരുന്നു. സിനിമാലോകത്ത് എത്തിയില്ലെങ്കിൽ, പൂർണ്ണ അർത്ഥത്തിൽ ഒരു സാഹിത്യകാരനായി അറിയപ്പെടുമായിരുന്നു പി പത്മരാജൻ.
11) പത്മരാജന്റെ രചനകളിൽ എന്നും എടുത്തു പറയേണ്ടത് പ്രണയം തന്നെയായിരുന്നു. “വീണ്ടും കാണുക എന്നൊന്നുണ്ടാകില്ല, നീ മരിച്ചതായി ഞാനും, ഞാൻ മരിച്ചതായി നീയും കരുതുക. ചുംബിച്ച ചുണ്ടുകൾക്ക് വിട തരിക” എന്ന് പത്മരാജൻ കുറിച്ചപ്പോൾ ലോല എന്ന നായികയ്ക്കൊപ്പം , ആ കഥാതന്തു വായനക്കാർ ഏറ്റെടുത്തു.
12) തോരാത്ത മഴയും പ്രണയവും പോലെ ഒരാള് .. ഇടിമിന്നലില് നിന്ന് ഊരിതെറിച്ച പ്രതിഭയുടെ വിത്തുപോലെ ഒരാള്… അയാള്ക്ക് പത്മരാജന് എന്ന് പേര്…വാക്കുകളിലൂടെ ചിത്രങ്ങള് കാണിച്ചു തന്ന ഒരു പ്രതിഭ ആണ് പത്മരാജന് എന്ന പ്രിയപ്പെട്ട എന്‍റെ എഴുത്തുകാരന്. ഞാന്‍ ഗന്ധര്‍വ്വനിലെപ്പോലെ ഈ ഭൂമുഖത്തെ പൂക്കളും ഈ ഭൂമിയുടെ തേനും മാത്രം നുകർന്നു കഴിയാൻ അനുമതി കിട്ടിയ അരൂപിയായ ഒരു വർണ്ണശലഭംമായി മാറിയിരിക്കുന്നു പപ്പേട്ടന്‍ ..! തണുത്ത രാത്രിയിൽ തീകാഞ്ഞിരിക്കുന്ന ചെറുകൂട്ടത്തിനു മുന്നിൽ ഭ്രമാത്മകമായ മുത്തശ്ശിക്കഥ പറയുന്ന ഒരാൾ… കഥയുടെയും കഥ പറച്ചിലിന്റെയും ഈ സൗന്ദര്യം പത്മരാജൻ എന്നും കാത്തുസൂക്ഷിച്ചു..!! ❤❤
13) നായകനും നായികയും കഥാന്ത്യം ഒന്നാകുന്നത് മാത്രമല്ല പ്രണയം എന്ന് പഠിച്ചത് പത്മരാജന്റെ രചനകളിലൂടെയാണ്. നിരര്‍ത്ഥകമാകാത്ത പ്രണയം ത്യഗത്തിന്റെതും വിട്ടുകൊടുക്കലിന്റെതും ഒക്കെയാണ് എന്ന് ലോല ഉൾപ്പെടെയുള്ള പത്മരാജൻ കൃതികൾ തെളിയിച്ചു. തുളച്ചു കയറുന അസ്‌ത്രങ്ങളുടെ സ്ഥൂലതയുണ്ടായിരുന്നു പത്മരാജന്‍ കൃതികളിലെ പ്രണയ വർണ്ണനകള്‍ക്ക്‌..!!
14) പ്രണയം, വിലക്കുകൾ, ദുരന്തം എന്നിങ്ങനെ ചേർത്തെഴുതപ്പെട്ട അനിവാര്യതകൾ പത്മരാജൻ പറയുമ്പോൾ മാത്രം എന്തേ ഇത്ര തെളിച്ചം! ഈ പത്മരാജനെങ്ങനെ പെണ്ണുങ്ങളെ ഇങ്ങനെ പിടികിട്ടുന്നു എന്ന് അതിശയിച്ചാലും തെറ്റ് പറയാനാകില്ല..!! ❤💕
15) താൻ തനിക്കായി മാത്രം നിർമ്മിച്ച ഒരു പന്ഥാവിലൂടെയായിരുന്നു പത്മരാജൻ എന്ന എഴുത്തുകാരന്റെ യാത്ര. ശക്തമായ ഭാഷയുടെ പിന്‍ബലത്തിൽ ഭാവന കൂട്ടിച്ചേർത്ത് മെനെഞ്ഞെടുത്ത മനുഷ്യബന്ധങ്ങളുടെ വൈകാരിക വർണ്ണനകൾ എന്നും പത്മരാജന്റെ രചനകളെ വേറിട്ട്‌ നിർത്തി. ഇനി ഒരായിരം പുസ്തകങ്ങള വായിച്ചാലും ആയിരം എഴുത്തുകാരെ അടുത്തറിഞ്ഞാലും മനസ്സിൽ പി പത്മരാജൻ എന്ന അത്രമേല്‍ അനന്യ സാധാരണ കഥാകൃത്തിന് കൊടുത്ത സ്ഥാനം, വായന മരിക്കാത്തിടത്തോളം കാലം അതുപോലെ തന്നെ അവശേഷിക്കും..!! ❤💕
-അഡ്വ. ജഹാംഗീര്‍ റസാഖ് പാലേരി-

Exit mobile version