ദൃശ്യം 3 ഉടനില്ല, വര്‍ഷങ്ങള്‍ എടുക്കും, ക്ലൈമാക്‌സ് കൈയ്യിലുണ്ട്; ജീത്തു ജോസഫ് പറയുന്നു

Jeethu Joseph | Bignewslive

പ്രേക്ഷക മനസില്‍ ഇടംനേടിയ ചിത്രമാണ് ദൃശ്യം. വര്‍ഷങ്ങള്‍ക്കിപ്പുറവും ചിത്രത്തിന്റെ ആരാധകര്‍ കുറവല്ല. എന്നാല്‍ ഇപ്പോള്‍ തകര്‍ത്ത് മുന്നേറുകയാണ് ചിത്രത്തിന്റെ രണ്ടാം ഭാഗമായ ദൃശ്യം 2. വന്‍ പ്രതികരണങ്ങളാണ് ദൃശ്യം 2വിന് ഉയരുന്നത്. സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ക്കും ലഭിക്കുന്ന അഭിനന്ദനങ്ങള്‍ കുറവല്ല. ഇപ്പോള്‍ അണിയറയില്‍ ദൃശ്യം 3 ഒരുങ്ങുന്നുവെന്ന് അറിയിക്കുകയാണ് സംവിധായകന്‍ ജീത്തു ജോസഫ്.

ദൃശ്യം ആദ്യഭാഗം പുറത്തിറങ്ങിയ ശേഷം രണ്ടാംഭാഗം ഒരുക്കണമെന്ന് വിചാരിച്ചില്ലെന്ന് ജീത്തു ജോസഫ് പറയുന്നു. കോട്ടയം പ്രസ്‌ക്ലബില്‍ വാര്‍ത്താസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. രണ്ടാം ഭാഗം ആകസ്മികമായി സംഭവിക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. നല്ലൊരു ആശയം ലഭിക്കുകയാണെങ്കില്‍ മൂന്നാംഭാഗം ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ജീത്തുജോസഫിന്റെ വാക്കുകള്‍;

ദൃശ്യം 3 യുടെ ക്ലൈമാക്സ് എന്റെ കൈയ്യിലുണ്ട്. അത് ലാലേട്ടനുമായി (മോഹന്‍ലാല്‍) ചര്‍ച്ച ചെയ്തു. അദ്ദേഹത്തിന് ഇഷ്ടമാവുകയും ചെയ്തു. കൂടുതല്‍ കാര്യങ്ങളൊന്നും ഇപ്പോള്‍ പറയാനായിട്ടില്ല. ദൃശ്യം 3 അഥവാ ഉണ്ടാവുകയാണെങ്കില്‍ രണ്ട് മൂന്ന് വര്‍ഷങ്ങളെടുക്കും. ദൃശ്യം 2 വിന്റെ ലാഭനഷ്ടക്കണക്കുകളെക്കുറിച്ച് എനിക്ക് അറിയില്ല. എത്രലാഭം കിട്ടിയെന്നൊന്നും എനിക്ക് അറിയില്ല.

ആമസോണ്‍ എത്രരൂപയ്ക്കാണ് ആന്റണിയുടെ കൈയ്യില്‍ നിന്ന് ദൃശ്യം 2 വാങ്ങിയതെന്ന് എനിക്കറിയില്ല. ലാഭമാണോ നഷ്ടമാണോ എന്ന് മാത്രമേ ഞാന്‍ ചോദിച്ചുള്ളൂ. ഒടിടിയില്‍ റിലീസ് ചെയ്തത് നന്നായെന്ന് തോന്നുന്നു. അല്ലെങ്കില്‍ ഈ സമയത്ത് ഇത്രയും സ്വീകാര്യത ലഭിക്കില്ലായിരുന്നു. തീയേറ്റര്‍ ഉടമകള്‍ക്ക് താല്‍പര്യമുണ്ടെങ്കില്‍ ദൃശ്യം 2 റിലീസ് തീയേറ്ററില്‍ എത്തട്ടെ

Exit mobile version