ബാല്യകാല സുഹൃത്ത് ജീവിതസഖിയാകും! ബോളിവുഡ് താരം വരുൺ ധവാൻ വിവാഹിതനാകുന്നു

വീണ്ടും ബോളിവുഡിലേക്ക് വിവാഹാഘോഷങ്ങൾ തിരിച്ചെത്തുകയാണ്. കോവിഡ് കാലത്തെ മങ്ങിയ ആഘോഷങ്ങൾക്ക് ശേഷം വീണ്ടും സജീവമാകുന്ന ബോളിവുഡിൽ ആദ്യത്തെ വിവാഹം തന്റേതായിരിക്കുമെന്ന് അറിയിച്ചിരിക്കുകയാണ് നടൻ വരുൺ ധവാൻ.

ബാല്യകാല സുഹൃത്തും ഫാഷൻ ഡിസൈനറുമായ നടാഷ ദലാൽ ആണ് വരുണിന്റെ ജീവിതസഖിയാകുന്നത്. ജനുവരി 22 മുതൽ 26 വരെ മുംബൈയിൽ വച്ച് ആഡംബര വിവാഹച്ചടങ്ങുകൾ നടക്കുമെന്നാണ് വിവരം. ബോളിവുഡിലെ പ്രമുഖർ വിവാഹച്ചടങ്ങിൽ പങ്കെടുക്കുമെന്നാണ് റിപ്പോർട്ടുകൾ.

മുമ്പ് തന്നെ വരുൺ ധവാനും നടാഷ ദലാലും പ്രണയത്തിലാണെന്ന് വാർത്തകൾ പുറത്തുവന്നിരുന്നു. ഒരിക്കൽ കരൺ ജോഹർ അവതാരകനായെത്തുന്ന കോഫി വിത്ത് കരൺ ഷോയിൽ തങ്ങൾ പ്രണയത്തിലാണെന്ന് വരുൺ ധവാൻ തുറന്ന് സമ്മതിക്കുകയും ചെയ്തിരുന്നു.

പ്രശസ്ത ഫാഷൻ ഡിസൈനറാണ് നടാഷ. സംവിധായകൻ ഡേവിഡ് ധവാന്റെ മകനായ വരുൺ, മൈ നെയിം ഈസ് ഖാൻ എന്ന ചിത്രത്തിൽ സഹസംവിധായകനായാണ് സിനിമാ ലോകത്ത് എത്തുന്നത്. പിന്നീട് കരൺ ജോഹർ സംവിധാനം ചെയ്ത സ്റ്റുഡന്റ് ഓഫ് ദ ഇയർ എന്ന സിനിമയിലൂടെ അഭിനയരംഗത്ത് അരങ്ങേറ്റം കുറിച്ചു. എബിസിഡി, ബദൽപൂർ, ദിൽവാലേ, ഒക്ടോബർ, സുയിധാഗാ എന്നിവയാണ് ശ്രദ്ധേയ ചിത്രങ്ങൾ.

ഈയടുത്ത് സോഷ്യൽമീഡിയയിൽ വലിയ ട്രോളുകൾക്ക് കാരണമായ കൂലി നമ്പർ വൺ ആയിരുന്നു വരുൺ ധവാന്റെ ഏറ്റവും ഒടുവിലത്തെ പുറത്തിറങ്ങിയ ചിത്രം. ഒടിടി പ്ലാറ്റ്‌ഫോമിലൂടെയാണ് ചിത്രം പുറത്തിറങ്ങിയത്.

Exit mobile version