നടന്‍ ആര്യയ്ക്ക് ഷൂട്ടിങ്ങിനിടെ പരിക്കേറ്റു; ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

നടന്‍ ആര്യയ്ക്ക് ഷൂട്ടിങ്ങിനിടെ പരിക്കേറ്റു. ‘എനിമി’ എന്ന ചിത്രത്തിന്റെ സംഘട്ടന രംഗം ചിത്രീകരിക്കുന്നതിനിടെയാണ് പരിക്കേറ്റത്. ഡ്യൂപ്പിന്റെ സഹായമില്ലാതെ സംഘട്ടന രംഗം ചിത്രീകരിക്കുന്നതിനിടയിലാണ് പരിക്കേറ്റതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.

നടന്‍ വിശാലും ആ രംഗത്തില്‍ ആര്യയ്‌ക്കൊപ്പം അഭിനയിച്ചിരുന്നു.പരിക്കേറ്റ ഉടന്‍തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച താരം ചികിത്സയ്ക്ക് ശേഷം സെറ്റില്‍ തിരിച്ചെത്തിയെന്നാണ് വിവരം. ചെന്നൈയിലെ ഇവിപി ഫിലിം സിറ്റിയില്‍ വച്ചാണ് ചിത്രീകരണം നടക്കുന്നത്.

ആക്ഷന്‍ ത്രില്ലര്‍ ആയി ഒരുങ്ങുന്ന ചിത്രം ആനന്ദ് ശങ്കര്‍ ആണ് സംവിധാനം ചെയ്യുന്നത്. മൃണാളിനി രവി നായികയാകുന്ന ചിത്രത്തില്‍ പ്രകാശ് രാജും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ചിത്രത്തിന്റെ ആദ്യ ഷെഡ്യൂള്‍ ഹൈദരാബാദില്‍ പൂര്‍ത്തിയാക്കിയിരുന്നു.

Exit mobile version