‘എന്നും ശക്തിയും ഊര്‍ജ്ജവും തന്ന് ഒപ്പം നില്‍ക്കുന്ന ലോകമെമ്പാടുമുള്ള ആരാധകരോട് നന്ദി’; അവഞ്ചേര്‍സ് സംവിധായരുടെ ‘ദി ഗ്രേ മാനി’ല്‍ അഭിനയിക്കുന്നതിന്റെ സന്തോഷം പങ്കുവെച്ച് ധനുഷ്

dhanush | big news live

അവഞ്ചേര്‍സ് സംവിധായകരായ റൂസോ സഹോദരങ്ങള്‍ ഒരുക്കുന്ന ചിത്രത്തില്‍ തെന്നിന്ത്യയുടെ പ്രിയതാരം ധനുഷും. സോഷ്യല്‍ മീഡിയയിലൂടെ താരം തന്നെയാണ് ഈ വിവരം ആരാധകരുമായി പങ്കുവെച്ചത്. ‘ഈ അതിശയകരമായ ആക്ഷന്‍ പായ്ക്ക് അനുഭവത്തിനായി കാത്തിരിക്കുന്നു. ചിത്രത്തിന്റെ ഭാഗമാകാന്‍ സാധിച്ചതില്‍ ഏറെ സന്തോഷമുണ്ട്. എനിക്ക് എന്നും ശക്തിയും ഊര്‍ജ്ജവും തന്ന് ഒപ്പം നില്‍ക്കുന്ന ലോകമെമ്പാടുമുള്ള ആരാധകരോട് നന്ദിയും സ്നേഹവും അറിയിക്കുന്നു’ എന്നാണ് ധനുഷ് സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്.


‘ദി ഗ്രേ മാന്‍’ എന്നാണ് ചിത്രത്തിന് പേര് നല്‍കിയിരിക്കുന്നത്. സൂപ്പര്‍ താരങ്ങളായ ക്രിസ് ഇവാന്‍സിനും റയാന്‍ ഗോസ്ലിങിനുമൊപ്പമാകും ധനുഷും സ്‌ക്രീനില്‍ എത്തുക. അനാ ഡെ അര്‍മാസ് ആണ് നായിക. വാഗ്‌നര്‍ മൗറ, ജെസീക്ക ഹെന്‍വിക്, ജൂലിയ ബട്ടര്‍സ് എന്നിവരും ചിത്രത്തിന്റെ ഭാഗമാകും. 2009ല്‍ മാര്‍ക്ക് ഗ്രീനി എഴുതിയ ദ ഗ്രേ മാന്‍ എന്ന നോവലിനെ അടിസ്ഥാനമാക്കിയാണ് ചിത്രം. ഇത് നെറ്റ്ഫ്‌ലിക്സിന്റെ ഏറ്റവും വലിയ ബജറ്റ് ചിത്രമായിരിക്കുമെന്നാണ് റിപ്പോര്‍ട്ട്.


ധനുഷിന്റെ രണ്ടാമത്തെ രാജ്യാന്തര ചിത്രം കൂടിയാണ് ‘ദി ഗ്രേ മാന്‍’. 2018ല്‍ കെന്‍ സ്‌കോട്ട് സംവിധാനം ചെയ്ത ‘എക്സ്ട്രാ ഓര്‍ഡിനറി ജേര്‍ണി ഓഫ് ഫക്കീര്‍’ എന്ന ചിത്രത്തിലും ധനുഷ് അഭിനയിച്ചിരുന്നു.

Exit mobile version