ആസിഫ് അലി-രജിഷ വിജയന്‍ ജോഡി വീണ്ടും ഒന്നിക്കുന്നു; ജിബു ജേക്കബിന്റെ ‘എല്ലാം ശരിയാകും’ വരുന്നു

ആസിഫ് അലി-രജിഷ വിജയന്‍ ജോഡി വീണ്ടും ഒന്നിക്കുന്നു. സൂപ്പര്‍ ഹിറ്റ് ചിത്രം വെള്ളിമൂങ്ങയ്ക്ക് ശേഷം ജിബു ജേക്കബ് ഒരുക്കുന്ന ‘എല്ലാം ശരിയാകും’ എന്ന ചിത്രത്തിലാണ് ഇരുവരും വീണ്ടും ഒന്നിച്ചെത്തുന്നത്.


രാഷ്ട്രീയ കുടുംബ പശ്ചാത്തലത്തിലൂടെ ഇടതുപക്ഷ യുവജന പ്രസ്ഥാനത്തിന്റെ സജീവ പ്രവര്‍ത്തകനായ ഒരു യുവാവിന്റെ കഥ തികച്ചും രസകരമായി അവതരിപ്പിക്കുന്ന ചിത്രമാണിത്. സിദ്ദിഖ്, കലാഭവന്‍ ഷാജോണ്‍, സുധീര്‍ കരമന, ജോണി ആന്റണി, ജയിംസ് ഏല്യാ, സേതുലഷ്മി, തുളസി, ജോര്‍ഡി പൂഞ്ഞാര്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍.


ഷാരിസ് മുഹമ്മദിന്റേതാണ് തിരക്കഥ. ഹരി നാരായണന്റെ വരികള്‍ക്ക് ഔസേപ്പച്ചന്‍ ആണ് സംഗീതം ഒരുക്കുന്നത്. ഡോ. പോള്‍സ് എന്റെര്‍ടൈന്‍മെന്റ് ആന്റ് തോമസ് തിരുവല്ലാ ഫിലിംസിന്റെ ബാനറില്‍ ഡോ.പോള്‍ വര്‍ഗീസും തോമസ് തിരുവല്ലയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രത്തിന്റെ ചിത്രീകരണം ഡിസംബര്‍ പതിനെട്ടിന് ഈരാറ്റുപേട്ടയില്‍ ആരംഭിക്കും. രാജീവ് രവിയുടെ കുറ്റവും ശിക്ഷയും ആണ് ആസിഫ് അലിയുടെ ചിത്രീകരണം പൂര്‍ത്തിയായ മറ്റൊരു ചിത്രം.

Exit mobile version