ഈയിടെ ആസ്വദിച്ചതില്‍ മികച്ചത്; ‘ജല്ലിക്കട്ടി’നെ കുറിച്ച് സംവിധായകന്‍ ഷങ്കര്‍

director shankar | big news live

ഇന്ത്യയുടെ ഔദ്യോഗിക ഓസ്‌കര്‍ എന്‍ട്രിയായി തെരഞ്ഞെടുക്കപ്പെട്ട മലയാള ചിത്രം ‘ജല്ലിക്കട്ടി’നെ പുകഴ്ത്തി സംവിധായകന്‍ ഷങ്കര്‍. പ്രേക്ഷകരുടെയും നിരൂപകരുടെയും പ്രശംസ ഒരുപോലെ നേടിയ ചിത്രമാണ് ലിജോ ജോസ് പെല്ലിശേരിയുടെ ജല്ലിക്കട്ട്.

ഇപ്പോഴിതാ ചിത്രത്തിലെ പശ്ചാത്തല സംഗീതത്തെ പുകഴ്ത്തി രംഗത്ത് എത്തിയിരിക്കുകയാണ് സംവിധായകന്‍ ഷങ്കര്‍. ട്വിറ്ററിലൂടെയാണ് അദ്ദേഹം ചിത്രത്തെ പ്രശംസിച്ചത്. ജല്ലിക്കട്ടിന് പുറമെ സുധ കൊങ്കര സൂര്യയെ നായകനാക്കി ഒരുക്കിയ സുരരൈ പൊട്രിനെയും അന്ധകാരത്തെയും അദ്ദേഹം പ്രശംസിച്ചിട്ടുണ്ട്.


‘ഈയിടെ ആസ്വദിച്ചത്,സൂരരൈ പൊട്ര് സിനിമയിലെ ജിവി പ്രകാശിന്റെ ആത്മാവുള്ള സംഗീതം. അന്ധകാരത്തിലെ എഡ്വിന്‍ സകായുടെ ഗംഭീര ഛായാഗ്രഹണം. മലയാള സിനിമ ജല്ലിക്കട്ടിന് വേണ്ടി പ്രശാന്ത് പിള്ള ചെയ്ത മികച്ചതും വ്യത്യസ്തവുമായ പശ്ചാത്തല സംഗീതം’ എന്നാണ് അദ്ദേഹം ട്വിറ്ററില്‍ കുറിച്ചത്.

സംവിധായകന്‍ ലിജോ ജോസ് പെല്ലിശേരിയുടെ ഏഴാമത്തെ ചിത്രമാണ് ജല്ലിക്കട്ട്. ആന്റണി വര്‍ഗീസ്, സാബുമോന്‍, അബ്ദുല്‍ സമദ് തുടങ്ങി ഒരുപിടി മികച്ച താരനിരയാണ് ചിത്രത്തില്‍ അണിനിരന്നത്. കഥാകൃത്ത് എസ് ഹരീഷിന്റെ മാവോയിസ്റ്റ് എന്ന ചെറുകഥയാണ് ചിത്രത്തിന്റെ ഇതിവൃത്തം. എസ് ഹരീഷും ആര്‍ ഹരികുമാറും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.

Exit mobile version