‘നല്ലയിനം കരിങ്കോഴി കുഞ്ഞുങ്ങള്‍ വില്‍പ്പനയ്ക്ക്’; കോഴി കൃഷിയിലേക്ക് തിരിഞ്ഞ് ധോണി, ഓര്‍ഡര്‍ ചെയ്തത് 2000 കരിങ്കോഴി കുഞ്ഞുങ്ങള്‍ക്ക്

റാഞ്ചി: വിരമിക്കല്‍ പ്രഖ്യാപിച്ചതിന് പിന്നാലെ ജൈവകൃഷിയിലേക്ക് തിരിഞ്ഞ ക്രിക്കറ്റ് താരം ധോണിയുടെ വാര്‍ത്ത മാധ്യമങ്ങള്‍ ആഘോഷമാക്കി മാറ്റിയിരുന്നു. ഫാമില്‍ ട്രാക്റ്റര്‍ ഓടിക്കുന്നതടക്കമുള്ള ധോണിയുടെ വീഡിയോകള്‍ വൈറലായിരുന്നു.

ഇതോടൊപ്പം മറ്റൊരു കൃഷിയിലേക്ക് കൂടി തിരിഞ്ഞിരിക്കുകയാണ് ധോണി ഇപ്പോള്‍. തന്റെ ഓര്‍ഗാനിക്ക് ഫാമിലേക്ക് കരിങ്കോഴി കുഞ്ഞുങ്ങളെ ഓര്‍ഡര്‍ ചെയ്തിരിക്കുകയാണ് ധോണി. 2000 കുഞ്ഞുങ്ങളെയാണ് മധ്യപ്രദേശില്‍ നിന്നാണ് കോഴികളെ എത്തിക്കുക.

കറുത്ത മാംസമുള്ള കടക്‌നാഥ് കോഴികളാണത്. മധ്യപ്രദേശിലെ ജാബുവ ജില്ലയിലെ കര്‍ഷകനായ വിനോദ് മേധയാണ് ധോണിക്ക് കുഞ്ഞുങ്ങളെ വിതരണം ചെയ്യുന്നത്. അടുത്ത മാസം 15ന് കുഞ്ഞുങ്ങളെ കൈമാറും. തന്റെ 43 ഏക്കര്‍ സ്ഥലത്താണ് ധോണിയുടെ ജൈവകൃഷി.

പച്ചക്കറികളും കന്നുകാലിവളര്‍ത്തലുമെല്ലാം ഉള്‍പ്പെടുന്ന ഫാമാണിത്. സഹിവാള്‍ ഇനം പശുക്കളാണ് ഇവിടുത്തെ പ്രധാനികള്‍. അതുപോലെതന്നെ മത്സ്യക്കൃഷിയും കോഴിതാറാവ് എന്നിവയും ഇവിടെയുണ്ട്. ധോണിയുടെ ഫാം മാനേജരായ ക്രുനാല്‍ ഗൗരവ് ഇക്കാര്യം ഉറപ്പുവരുത്തിയിട്ടുണ്ട്.

Exit mobile version