മലയാളത്തില്‍ പാടാനൊരുങ്ങി പ്രശസ്ത ബോളിവുഡ് ഗായകന്‍ കുമാര്‍ സാനു; അരങ്ങേറ്റം ‘അല്‍ കറാമ’യിലൂടെ

മലയാളത്തില്‍ പാടാനൊരുങ്ങി പ്രശസ്ത ബോളിവുഡ് ഗായകന്‍ കുമാര്‍ സാനു. ശ്രീനാഥ് ഭാസി, ബാലു വര്‍ഗീസ് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘അല്‍ കറാമ’യിലൂടെയാണ് കുമാര്‍ സാനുവിന്റെ അരങ്ങേറ്റം. ചിത്രത്തിന്റെ മോഷന്‍ പോസ്റ്റര്‍ കഴിഞ്ഞ ദിവസമാണ് പുറത്തുവിട്ടത്. മഞ്ജു വാര്യര്‍, ആസിഫ് അലി, ഉണ്ണി മുകുന്ദന്‍, അജു വര്‍ഗീസ് തുടങ്ങിയ പ്രമുഖ താരങ്ങളാണ് പോസ്റ്റര്‍ റിലീസ് ചെയ്തത്.

ശ്രീനാഥ് ഭാസി, ബാലു വര്‍ഗ്ഗീസ്, സുധി കോപ്പ തുടങ്ങിയവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം പൂര്‍ണമായും ദുബായിയില്‍ ആണ് ചിത്രീകരിക്കുന്നത്. ഡിസംബര്‍ ആദ്യവാരം ചിത്രത്തിന്റെ ചിത്രീകരണം ആരംഭിക്കും. രഞ്ജി പണിക്കര്‍, വിജയകുമാര്‍, ജാഫര്‍ ഇടുക്കി, സുനില്‍ സുഗത, മറിമായം താരങ്ങളായ ഉണ്ണിരാജ്, സലീം, റിയാസ്, സ്‌നേഹ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.

നവാഗതനായ റെഫി മുഹമ്മദ് ആണ് ചിത്രത്തിന്റെ സംവിധായകന്‍. ബികെ ഹരിനാരായണന്‍, ഷാഫി കൊല്ലം, വിഷ്ണു പ്രസാദ് എന്നിവരുടെ വരികള്‍ക്ക് നാസ്സര്‍ മാലിക് ആണ് സംഗീതം പകരുന്നത്. പശ്ചാത്തല സംഗീതമൊരുക്കുന്നത് ജാസി ഗിഫ്റ്റ് ആണ്.

Exit mobile version