‘സത്യസന്ധമായി നല്ലത് ചെയ്യുന്ന ആരെയും എന്റെ സിനിമയിലൂടെ ഞാന്‍ ട്രോളിയിട്ടില്ലാ’; വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി ‘മായാക്കൊട്ടാരം’ സംവിധായകന്‍ കെഎന്‍ ബൈജു

കഴിഞ്ഞ ദിവസമാണ് റിയാസ് ഖാന്‍ നായകനായി എത്തുന്ന ‘മായക്കൊട്ടാരം’ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടത്. ചിത്രത്തില്‍ നന്മമരം സുരേഷ് കോടാലിപ്പറമ്പലില്‍ എന്ന കഥാപാത്രത്തെയാണ് റിയാസ് ഖാന്‍ അവതരിപ്പിക്കുന്നത്. ഫസ്റ്റ് ലുക്ക് പുറത്തുവന്നത് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ ഇത് വലിയ ചര്‍ച്ചയായിരുന്നു. ചാരിറ്റി പ്രവര്‍ത്തകനായ ഫിറോസ് കുന്നംപറമ്പിലിനെ അപമാനിക്കാനാണ് ഈ സിനിമയുടെ ലക്ഷ്യമെന്ന് ആക്ഷേപങ്ങള്‍ ഉയര്‍ന്നിരുന്നു. ഫിറോസും ചിത്രത്തിനെതിരെ പ്രതികരിച്ച് രംഗത്ത് എത്തിയിരുന്നു. ഇപ്പോഴിതാ ഈ ആക്ഷേപങ്ങള്‍ക്കൊക്കെ മറുപടിയുമായി സംവിധായകന്‍ തന്നെ രംഗത്ത് എത്തിയിരിക്കുകയാണ്.


‘ഞാന്‍ ഒരു പ്രത്യേക വ്യക്തിയെ ഉന്നം വെച്ച് ഞാന്‍ ഒരു കാര്യവും ചെയ്തിട്ടില്ല. അതിന്റെ കാര്യവും ഞങ്ങള്‍ക്കില്ല. എന്റെ ചിത്രത്തിലെ ഒരു കഥാപാത്രത്തിന്റെ പേര് മാത്രമാണ് സുരേഷ് കോടാലിപ്പറമ്പന്‍. അദ്ദേഹം ചാരിറ്റിയുമായി നടക്കുമ്പോള്‍ ഉണ്ടാകുന്ന പ്രശ്‌നങ്ങളും അതിനെ തരണം ചെയ്യുന്ന സംഭവങ്ങളുമാണ് ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. അല്ലാതെ ഒരു പ്രത്യേക വ്യക്തിയെ നോട്ട് ചെയ്ത് പുള്ളിക്കാനെ ട്രോളുക,
അവരുടെ മനസ്സ് വിഷമിപ്പിക്കുക എന്ന ഉദ്ദേശമൊന്നും എനിക്കില്ല. അങ്ങനെയൊന്നും ഈ സിനിമയിലൂടെ ഞാന്‍ ചെയ്തിട്ടില്ല. പലരും അവരവരുടെ ഭാവനയ്ക്ക് അനുസരിച്ച് പല കഥകളും മെനഞ്ഞ് സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുകയാണ് ചെയ്തത്.

മിസ്റ്റര്‍ ഫിറോസ് കുന്നംപറമ്പിലിന്റെ പ്രതികരണം ഞാന്‍ കണ്ടു. അദ്ദേഹം പറയുന്നത് അദ്ദേഹത്തെ തേജോവധം ചെയ്യാന്‍ ഒരു കൂട്ടം സിനിമാക്കാര്‍ ഒരു ഭയങ്കര ഗൂഢ സംഘം രൂപികരിച്ച് അതില്‍ പൈസ പിരിച്ച് ഒരു സിനിമ ചെയ്യുന്നു എന്ന്. അതിന്റെ ആവശ്യം ഞങ്ങള്‍ക്കില്ല. ഈ പടം പ്രൊഡ്യൂസ് ചെയ്യുന്നത് ദേവ പ്രൊഡക്ഷന്‍സാണ്.കഥാപാത്രത്തിന്റെ പേര് അബന്ധവശാല്‍ സുരേഷ് കോടാലിപ്പറമ്പന്‍ എന്നായിപ്പോയി മാത്രം. ഞാനാണ് ഈ സിനിമ സംവിധാനം ചെയ്യുന്നത്. എനിക്കറിയാം എന്ത് ചെയ്യണമെന്ന്. ഇവിടെ ആവിഷ്‌കാര സ്വാതന്ത്ര്യമില്ലേ? ഞാന്‍ ആരെയും അപമാനിക്കുന്നില്ല.

ഇതൊരു നല്ല സിനിമയാണ്. നല്ല പാട്ടുകളുണ്ട്. കൊറോണക്കാലം കഴിഞ്ഞാല്‍ ആളുകള്‍ക്ക് ആസ്വദിക്കാന്‍ ഒരു തമാശ സിനിമ ഒരുക്കയാണ് എന്റെ ലക്ഷ്യം. ഒരു വീഡീയോയില്‍ ചിലര്‍ പറയുന്നത് കേട്ടു ഞാന്‍ നിലം പരിശായ രണ്ടു മലയാള ചിത്രങ്ങളുടെ സംവിധായകനാണെന്ന്. ഞാന്‍ ഒരു മലയാള സിനിമപോലും സംവിധാനം ചെയ്തിട്ടില്ല. തമിഴിലാണ് ആകെ ഒരു സിനിമ ചെയ്തത്. അതും രജനികാന്തിന്റെ ലിംഗയ്‌ക്കൊപ്പം റിലീസ് ചെയ്ത ഒരു സിനിമ. രജനികാന്തിന്റെ സിനിമയോട് മത്സരിക്കാന്‍ 17ത്തോളം തീയേറ്ററുകളിലാണ് ആ ചിത്രം റിലീസ് ചെയ്തത്. അത് പരാജയപ്പെട്ട സിനിമയായിരുന്നില്ല. അതുകൊണ്ടു ഞാന്‍ ഒരിക്കല്‍ കൂടി പറയുന്നു. നിങ്ങള്‍ തെറ്റിദ്ധരിക്കേണ്ട. ഞാന്‍ ആരെയും ട്രോളുന്നില്ല’ എന്നാണ് സംവിധായകന്‍ കെഎന്‍ ബൈജു ഫേസ്ബുക്കില്‍ പങ്കുവെച്ച വീഡിയോയില്‍ പറഞ്ഞത്.

Exit mobile version