‘നന്മമരം സുരേഷ് കോടാലിപ്പറമ്പനായി’ റിയാസ് ഖാന്‍; സോഷ്യല്‍ മീഡിയയില്‍ വൈറലായി ചിത്രം

റിയാസ് ഖാന്‍ നായകനായി എത്തുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. ‘മായക്കൊട്ടാരം’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ ‘നന്മമരം സുരേഷ് കോടാലിപ്പറമ്പന്‍’ എന്ന കഥാപാത്രത്തെ ആണ് താരം അവതരിപ്പിക്കുന്നത്. നമ്മുടെ നാട്ടില്‍ ചാരിറ്റിയുടെ പേരില്‍ നടക്കുന്ന തട്ടിപ്പുകളെ ആക്ഷേപഹാസ്യ സ്വഭാവത്തില്‍ സമീപിക്കുന്ന ചിത്രമായിരിക്കുമെന്നാണ് പോസ്റ്റര്‍ നല്‍കുന്ന സൂചന.


‘ചെറ്റക്കണ്ടി വസന്തയുടെ പല്ല് മാറ്റിവെക്കല്‍ ശസ്ത്രക്രിയക്കായി നിങ്ങള്‍ നല്‍കിയത് 17 മണിക്കൂറില്‍ 3 കോടി 45 ലക്ഷത്തി 391 രൂപ 39 പൈസ, സഹായിച്ചവര്‍ക്കും സഹകരിച്ചവര്‍ക്കും നന്ദി’ എന്നാണ് ഫസ്റ്റ് ലുക്ക് പോസ്റ്ററിലെ ചിരിയുണര്‍ത്തുന്ന വാചകം. ഒപ്പം വെള്ള ഷര്‍ട്ടും മുണ്ടുമണിഞ്ഞ് പുഞ്ചിരിതൂകി നില്‍ക്കുന്ന റിയാസ് ഖാനുമുണ്ട്.

കെഎന്‍ ബൈജു ആണ് ചിത്രത്തിന്റെ സംവിധായകന്‍. സംവിധായകന്‍ തന്നെയാണ് ചിത്രത്തിന്റെ രചനയും നിര്‍വ്വഹിച്ചിരിക്കുന്നത്. കന്നട താരം ദിഷ പൂവയ്യയാണ് നായികയായി എത്തുന്നത്. ജയന്‍ ചേര്‍ത്തല, മാമുക്കോയ, നാരായണന്‍കുട്ടി, സാജു കൊടിയന്‍, കേശവദേവ്, കുളപ്പുള്ളി ലീല, തമിഴ് നടന്‍ സമ്പത്ത് രാമന്‍ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. നവഗ്രഹ സിനി ആര്‍ട്‌സ്, ദേവ ക്രിയേഷന്‍സ് എന്നിവയുടെ ബാനറുകളില്‍ എപി കേശവദേവ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്.

Exit mobile version