സോഷ്യല്‍ മീഡിയയില്‍ വൈറലായി പ്രഭാസിന്റെ ‘രാധേശ്യാം’ മോഷന്‍ പോസ്റ്റര്‍; നാല് ദിവസത്തിനുള്ളില്‍ വീഡിയോ കണ്ടത് 25 മില്യണ്‍ പേര്‍

സോഷ്യല്‍ മീഡിയയില്‍ വൈറലായിയിരിക്കുകയാണ് പ്രഭാസിന്റെ ‘രാധേശ്യാം’ മോഷന്‍ പോസ്റ്റര്‍. താരത്തിന്റെ പിറന്നാളിനോട് അനുബന്ധിച്ചാണ് ചിത്രത്തിന്റെ മോഷന്‍ പോസ്റ്റര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടത്. കഴിഞ്ഞ നാല് ദിവസത്തിനുള്ളില്‍ ചിത്രത്തിന്റെ മോഷന്‍ വീഡിയോ യൂട്യൂബില്‍ കണ്ടത് 25 മില്യണ്‍ പേരാണ്.


പ്രഭാസിന്റെ നായികയായി എത്തുന്നത് പൂജാ ഹെഗ്ഡെ ആണ്. വിക്രമാദിത്യ എന്ന കഥാപാത്രമായിട്ടാണ് പ്രഭാസ് ചിത്രത്തിലെത്തുന്നത്. പ്രേരണയെന്ന കഥാപാത്രത്തെയാണ് പൂജ ഹെഗ്ഡെ അവതരിപ്പിക്കുന്നത്. വനമേഖലയിലൂടെ ചീറിപ്പാഞ്ഞ് വരുന്ന തീവണ്ടിയില്‍ പ്രണയ പശ്ചാത്തലത്തിലുള്ള പ്രഭാസിന്റയും പൂജയുടെയും മോഷന്‍ വീഡിയോയാണ് പുറത്തുവിട്ടിരിക്കുന്നത്. ട്രെയിനിനുള്ളില്‍ പ്രണയ ജോഡികളായ റോമിയോ- ജൂലിയറ്റ്, സലിം- അനാര്‍ക്കലി എന്നിവരുടെ അനിമേഷനും കാണാം.


സച്ചിന്‍ ഖേദേക്കര്‍, ഭാഗ്യശ്രീ, പ്രിയദര്‍ശി, മുരളി ശര്‍മ, സാശാ ചേത്രി, കുനാല്‍ റോയ് കപൂര്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. യുവി ക്രിയേഷന്റെ ബാനറില്‍ ഭൂഷണ്‍ കുമാര്‍, വംശി, പ്രമോദ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ചിത്രം അടുത്തവര്‍ഷം പ്രദര്‍ശനത്തിന് എത്തുമെന്നാണ് റിപ്പോര്‍ട്ട്.

Exit mobile version