‘വീണ്ടും അളിയന്റെ കൂടെ’; മോഹന്‍ലാലിനൊപ്പമുള്ള ചിത്രം പങ്കുവെച്ച് അനീഷ് ജി മേനോന്‍

മലയാളത്തിലെ സകല ബോക്സോഫീസ് റെക്കോര്‍ഡുകളും തിരുത്തിക്കുറിച്ച് ചരിത്രം സൃഷ്ടിച്ച ചിത്രമായിരുന്നു ജീത്തു ജോസഫ് മോഹന്‍ലാലിനെ നായകനാക്കി ഒരുക്കിയ ‘ദൃശ്യം’. നീണ്ട ആറ് വര്‍ഷങ്ങള്‍ക്ക് ശേഷം ചിത്രത്തിന്റെ രണ്ടാം ഭാഗം എത്തുന്നതിന്റെ ആവേശത്തിലാണ് ആരാധകര്‍. ചിത്രീകരണം പുരോഗമിക്കുന്ന സിനിമയുടെ ലൊക്കേഷന്‍ ചിത്രങ്ങള്‍ ആരാധകര്‍ ഏറ്റെടുക്കാറുണ്ട്.

ഇപ്പോഴിതാ നടന്‍ അനീഷ് ജി മേനോന്‍ പങ്കുവച്ച ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ‘വീണ്ടും അളിയന്റെ കൂടെ’ എന്നാണ് മോഹന്‍ലാലിനൊപ്പമുള്ള ചിത്രം പങ്കുവെച്ച് കൊണ്ട് അനീഷ് കുറിച്ചത്. ദൃശ്യത്തില്‍ മോഹന്‍ലാലിന്റെ അളിയന്റെ വേഷത്തിലാണ് അനീഷ് ജി മേനോന്‍ എത്തിയത്. അളിയനും അളിയനും കൂടുതല്‍ ചെറുപ്പമായിട്ടുണ്ടെന്നാണ് പലരും കമന്റ് ചെയ്തിരിക്കുന്നത്.

കടുത്ത കൊവിഡ് നിയന്ത്രണങ്ങളോടെയാണ് ചിത്രത്തിന്റെ രണ്ടാം ഭാഗത്തിന്റെ ചിത്രീകരണം പുരോഗമിക്കുന്നത്. തൊടുപുഴയിലാണ് ഇപ്പോള്‍ ദൃശ്യം രണ്ടാം ഭാഗത്തിന്റെ ഷൂട്ടിംഗ് പുരോഗമിച്ചു കൊണ്ടിരിക്കുന്നത്. സിദ്ദിഖ്, ആശാ ശരത്ത് എന്നിവര്‍ക്ക് പുറമെ സായ്കുമാര്‍, മുരളി ഗോപി എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. ജീത്തു ജോസഫ് തന്നെയാണ് ചിത്രത്തിന്റെ രചനയും നിര്‍വഹിച്ചിരിക്കുന്നത്. ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ തന്നെയാണ് രണ്ടാം ഭാഗവും നിര്‍മ്മിക്കുന്നത്.

Exit mobile version