‘കോമരം ഭീം’ ആയി ജൂനിയര്‍ എന്‍ടിആര്‍; രാജമൗലി ഒരുക്കുന്ന ബ്രഹ്മാണ്ഡ ചിത്രം ‘ആര്‍ആര്‍ആറി’ന്റെ ടീസര്‍ പുറത്തുവിട്ടു

ബാഹുബലിക്ക് ശേഷം രാജമൗലി ഒരുക്കുന്ന ബ്രഹ്മാണ്ഡ ചിത്രം ‘ആര്‍ആര്‍ആറി'(രൗദ്രം രണം രുദിരം)ന്റെ ടീസര്‍ പുറത്തുവിട്ടു. ചിത്രത്തില്‍ ജൂനിയര്‍ എന്‍ടിആര്‍ അവതരിപ്പിക്കുന്ന ‘കോമരം ഭീം’ എന്ന കഥാപാത്രത്തെ പരിചയപ്പെടുത്തുന്നതാണ് ടീസര്‍. ഇതുവരെ കാണാത്ത വേറിട്ട ഗെറ്റപ്പിലാണ് ജൂനിയര്‍ എന്‍ടിആര്‍ ടീസര്‍ എത്തിയിരിക്കുന്നത്.

450 കോടി ബജറ്റിലൊരുങ്ങുന്ന ഈ ചിത്രത്തില്‍ ജൂനിയര്‍ എന്‍ടിആര്‍, രാംചരണ്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. 1920കളിലെ അല്ലൂരി സീതാരാമ രാജു, കോമരം ഭീം എന്നീ സ്വാതന്ത്ര്യ സമര സേനാനികളുടെ കഥയാണ് ചിത്രം പറയുന്നത്. സ്വാതന്ത്ര്യത്തിന് മുമ്പ് തെലങ്കാനയിലെ ആദിവാസി പോരാട്ടങ്ങള്‍ക്ക് നേതൃത്വം കൊടുത്തവരാണ് ഇവര്‍. ചിത്രം ഒരു സാങ്കല്‍പ്പിക കഥയാണ് എന്നാണ് രാജമൗലി പറയുന്നത്. കൊമരം ഭീം, അല്ലൂരി സീതാരാമ രാജു എന്നിവരുടെ കഥകള്‍ സാമ്യമുള്ളവയാണ്. പക്ഷേ അവര്‍ കണ്ടിട്ടില്ല. അവര്‍ തമ്മില്‍ പരസ്പരം അറിയാമെങ്കില്‍ എങ്ങനെ ആയിക്കുമെന്നാണ് ചിത്രം പറയുന്നത്. സീതാരാമ രാജുവായി രാം ചരണും. കോമരം ഭീമായി ജൂനിയര്‍ എന്‍ടിആറുമാണ് എത്തുന്നത്. ഇതിനുപുറമെ ബോളിവുഡില്‍ നിന്ന് അജയ് ദേവ്ഗണ്‍, ആലിയ ഭട്ട് എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.

നേരത്തേ ചിത്രം ഈ വര്‍ഷം ജൂലൈയില്‍ റിലീസ് ചെയ്യാനായിരുന്നു പ്ലാന്‍. എന്നാല്‍ കൊവിഡ്
പ്രതിസന്ധികളെ തുടര്‍ന്ന് ചിത്രീകരണം നീണ്ടു പോയതിനാല്‍ ചിത്രം അടുത്ത വര്‍ഷം തീയ്യേറ്ററുകളില്‍ എത്തിക്കാനാണ് രാജമൗലിയുടെ പദ്ധതി. ഹൈദരാബാദില്‍ ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്.

Exit mobile version