‘നിര്‍ഭാഗ്യവശാല്‍ ഇത്തവണ ഫലങ്ങള്‍ പോസിറ്റീവ് ആയി, രോഗലക്ഷണങ്ങളില്ല, ഇപ്പോള്‍ സുഖമായിരിക്കുന്നു’; പൃഥ്വിരാജ്

തനിക്ക് രോഗലക്ഷണങ്ങള്‍ ഒന്നും തന്നെ ഉണ്ടായിരുന്നില്ലെന്ന് നടന്‍ പൃഥ്വിരാജ്. ഒക്ടോബര്‍ ഏഴ് മുതല്‍ ജനഗണമനയുടെ ചിത്രീകരണത്തിലായിരുന്നു. അവസാന ദിവസത്തെ ചിത്രീകരണത്തിന് ശേഷം പരിശോധനകള്‍ നടത്തിയപ്പോഴാണ് രോഗം സ്ഥിരീകരിച്ചത് എന്നാണ് ഫേസ്ബുക്കിലൂടെ താരം വ്യക്തമാക്കിയത്. താനുമായി സമ്പര്‍ക്കത്തില്‍ പെട്ട എല്ലാവരോടും ഐസൊലേഷനില്‍ പോകാനും ടെസ്റ്റ് ചെയ്യാനും താരം നിര്‍ദേശിച്ചിട്ടുണ്ട്.

‘ഒക്ടോബര്‍ ഏഴ് മുതല്‍ ഞാന്‍ ഡിജോ ജോസ് ആന്റണിയുടെ ‘ജനഗണമന’യുടെ ഷൂട്ടിംഗിലാണ്. കൊവിഡ് നിയന്ത്രണങ്ങളും സുരക്ഷാ നടപടികളും സംബന്ധിച്ച് കര്‍ശനമായ പ്രോട്ടോക്കോളുകള്‍ പാലിച്ചായിരുന്നു ചിത്രീകരണം. ഷൂട്ടിംഗ് ആരംഭിക്കുന്നതിന് മുമ്പ് തന്നെ എല്ലാവരും കൊവിഡ് ടെസ്റ്റിന് വിധേയരായിരുന്നു, സെറ്റിലെ അവസാന ദിവസത്തെ ഷൂട്ടിന് ശേഷവും പരിശോധനകള്‍ ആവര്‍ത്തിച്ചിരുന്നു.

നിര്‍ഭാഗ്യവശാല്‍, ഇത്തവണ ഫലങ്ങള്‍ പോസിറ്റീവ് ആയി തിരിച്ചെത്തി. ഞാന്‍ ക്വാറന്റൈനിലേക്ക് പോയി. എനിക്ക് രോഗലക്ഷണങ്ങളില്ല, ഇപ്പോള്‍ സുഖമായിരിക്കുന്നു. ഞാനുമായി പ്രാഥമിക, ദ്വിതീയ സമ്പര്‍ക്കത്തില്‍ പെട്ട എല്ലാവരോടും ഐസൊലേഷനില്‍ പോകാനും ടെസ്റ്റ് ചെയ്യാനും നിര്‍ദേശിക്കുന്നു. ഉടന്‍ സുഖം പ്രാപിച്ച് ജോലിയില്‍ പ്രവേശിക്കുമെന്ന് പ്രതീക്ഷിക്കുന്നു. എല്ലാവരുടെയും സ്നേഹത്തിനും കരുതലിനും നന്ദി’ എന്നാണ് താരം കുറിച്ചത്.

‘ജനഗണമന’ എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിനിടെയാണ് താരത്തിന് വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. ചിത്രത്തിന്റെ സംവിധായകന്‍ ഡിജോ ജോസ് ആന്റണിക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇരുവര്‍ക്കും വൈറസ് ബാധ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ചിത്രത്തിന്റെ ചിത്രീകരണം താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരിക്കുകയാണ്.

Exit mobile version