‘ഒട്ടും അര്‍ഹതയില്ലാതെ പ്രധാന സ്ഥാനത്തെത്തിയ ‘എക്‌സ്ട്രാനടന്റെ ‘കളിതമാശ’യായി അഭിപ്രായത്തെ തള്ളിക്കളയാമായിരുന്നു, എന്നാല്‍ അങ്ങനെ ചെയ്യാതെ നടികളുടെ അഭിമാനം നിലനിര്‍ത്തിയതാണ് പാര്‍വ്വതിയുടെ മേന്മ’; അഭിനന്ദിച്ച് ശ്രീകുമാരന്‍ തമ്പി

താര സംഘടനയായ എഎംഎംഎയില്‍ നിന്ന് രാജിവെച്ച നടി പാര്‍വ്വതി തിരുവോത്തിനെ അഭിനന്ദിച്ച് സംവിധായകനും നിര്‍മ്മാതാവുമായ ശ്രീകുമാരന്‍ തമ്പി. ‘അമ്മ’ എന്ന ദിവ്യനാമം വഹിക്കുന്ന (? ) താരസംഘടനയില്‍ നിന്ന് ഈയവസരത്തില്‍ രാജി വെയ്ക്കാന്‍ തന്റേടം കാണിച്ച മികച്ച അഭിനേത്രിയായ പാര്‍വ്വതി തിരുവോത്തിനെ ഞാന്‍ അഭിനന്ദിക്കുന്നു ശ്രീകുമാരന്‍ തമ്പി ഫേസ്ബുക്കില്‍ കുറിച്ചു.

അഭിനയജീവിതത്തില്‍ തല്‍പ്പര കക്ഷികളുടെ സംഘടിതമായ എതിര്‍പ്പുമൂലം, ഒരുപക്ഷേ ,ഭൗതിക നഷ്ടങ്ങള്‍ ഉണ്ടായേക്കാം എന്നറിഞ്ഞിരുന്നും ഇങ്ങനെയൊരു ധൈര്യം കാണിച്ച ഈ കലാകാരിയില്‍ നിന്നാണ് യഥാര്‍ത്ഥ സ്ത്രീത്വം എന്താണെന്ന് നമ്മുടെ സിനിമാരംഗത്തെ കലാകാരികള്‍ തിരിച്ചറിയേണ്ടത്. ഒട്ടും അര്‍ഹതയില്ലാതെ ഒരു പ്രധാന സ്ഥാനത്തെത്തിയ ‘എക്‌സ്ട്രാനടന്റെ’കളിതമാശ’യായി വേണമെങ്കില്‍ പാര്‍വതിക്ക് അയാളുടെ അഭിപ്രായത്തെ തള്ളിക്കളയാമായിരുന്നു.അങ്ങനെ ചെയ്യാതെ നടികളുടെ അഭിമാനം നിലനിര്‍ത്തിയതാണ് പാര്‍വ്വതിയുടെ മേന്മ-ശ്രീകുമാരന്‍ തമ്പി പറഞ്ഞു.

സംഘടന വിട്ട ഭാവനയെ മരിച്ചുപോയ ഒരാളുമായി താരതമ്യപ്പെടുത്തികൊണ്ടു എഎംഎംഎയുടെ ജനറല്‍ സെക്രട്ടറി ഇടവേള ബാബു നടത്തിയ പരാമര്‍ശത്തില്‍ പ്രതിഷേധിച്ചാണ് പാര്‍വ്വതി രാജി വച്ചത്. റിപ്പോര്‍ട്ടര്‍ ചാനലില്‍ നടന്ന ഒരു അഭിമുഖത്തിന് ഇടയില്‍ താരസംഘടന നിര്‍മ്മിക്കുന്ന ട്വന്റി ട്വന്റി മോഡല്‍ സിനിമയില്‍ ഭാവനയുണ്ടാകുമോ എന്ന ചോദ്യത്തിനാണ് ഭാവനയെ മരിച്ച് പോയവരുമായി ഇടവേള ബാബു താരതമ്യപ്പെടുത്തിയത്.’അമ്മയ്ക്ക് വേണ്ടി ദിലീപ് നിര്‍മ്മിച്ച ട്വന്റി 20യില്‍ പ്രധാന വേഷത്തില്‍ ഭാവനയുണ്ടായിരുന്നു. ഇപ്പോള്‍ ഭാവന അമ്മയില്‍ ഇല്ല, ഇത്ര മാത്രമേ എനിക്ക് ഇപ്പോള്‍ പറയാന്‍ കഴിയുകയുള്ളു. കഴിഞ്ഞ ട്വന്റി 20യില്‍ നല്ല റോള്‍ ചെയ്തതാണ്. അതിപ്പോള്‍ മരിച്ചവരെ തിരിച്ചുകൊണ്ടുവരാന്‍ കഴിയില്ലല്ലോയെന്നും അതുപോലെയാണ് ഇതെന്നും ഇടവേള ബാബു പറഞ്ഞു. അമ്മയിലുള്ളവരെ വെച്ച് സിനിമയെടുക്കുമെന്നും ഇടവേള ബാബു പറഞ്ഞു.

ശ്രീകുമാരന്‍ തമ്പിയുടെ ഫേസ്ബുക്ക് പോസ്റ്റ്:

‘അമ്മ’ എന്ന ദിവ്യനാമം വഹിക്കുന്ന (? ) താരസംഘടനയില്‍ നിന്ന് ഈയവസരത്തില്‍ രാജി വെയ്ക്കാന്‍ തന്റേടം കാണിച്ച മികച്ച അഭിനേത്രിയായ പാര്‍വ്വതി തിരുവോത്തിനെ ഞാന്‍ അഭിനന്ദിക്കുന്നു. അഭിനയജീവിതത്തില്‍ തല്‍പ്പര കക്ഷികളുടെ സംഘടിതമായ എതിര്‍പ്പുമൂലം, ഒരുപക്ഷേ ,ഭൗതിക നഷ്ടങ്ങള്‍ ഉണ്ടായേക്കാം എന്നറിഞ്ഞിരുന്നും ഇങ്ങനെയൊരു ധൈര്യം കാണിച്ച ഈ കലാകാരിയില്‍ നിന്നാണ് യഥാര്‍ത്ഥ സ്ത്രീത്വം എന്താണെന്ന് നമ്മുടെ സിനിമാരംഗത്തെ കലാകാരികള്‍ തിരിച്ചറിയേണ്ടത്. ഒട്ടും അര്‍ഹതയില്ലാതെ ഒരു പ്രധാന സ്ഥാനത്തെത്തിയ ‘എക്‌സ്ട്രാനടന്റെ’കളിതമാശ’യായി വേണമെങ്കില്‍ പാര്‍വതിക്ക് അയാളുടെ അഭിപ്രായത്തെ തള്ളിക്കളയാമായിരുന്നു. ‘ ‘അല്‍പ്പന് ഐശ്വര്യം വന്നാല്‍ അര്‍ദ്ധരാത്രിക്കു കുട പിടിക്കും ‘ എന്നാണല്ലോ പഴമൊഴി. അങ്ങനെ ചെയ്യാതെ നടികളുടെ അഭിമാനം നിലനിര്‍ത്തിയതാണ് പാര്‍വ്വതിയുടെ മേന്മ. ഇന്നത്തെ മലയാളസിനിമയിലെ സമാനതകളില്ലാത്ത നടിയാണ് പാര്‍വ്വതി എന്ന് ‘ചാര്‍ളി, എന്ന് നിന്റെ മൊയ്തീന്‍, ടേക് ഓഫ് , ഉയരെ , QARIB QARIB SINGLLE (Hindi) എന്നീ സിനിമകളിലെ പാര്‍വ്വതിയുടെ അഭിനയം കണ്ട എനിക്ക് ധൈര്യമായി പറയാന്‍ കഴിയും. ഷീല,ശാരദ,കെ.ആര്‍.വിജയ ,ലക്ഷ്മി, ശ്രീവിദ്യ ,ജയഭാരതി,സീമ, നന്ദിത ബോസ്,പൂര്‍ണ്ണിമ ജയറാം, ഉര്‍വ്വശി ,മേനക ,രോഹിണി തുടങ്ങിയ എല്ലാ വലിയ നടികളെയും കഥാപാത്രങ്ങളാക്കി ചിത്രങ്ങള്‍ സംവിധാനം ചെയ്യുകയും നിര്‍മ്മിക്കുകയും ചെയ്ത ചലച്ചിത്രകാരനാണ് ഞാന്‍. സ്ത്രീവിമോചനം വിഷയമാക്കി ‘മോഹിനിയാട്ടം ‘ എന്ന നായകനില്ലാത്ത ആദ്യത്തെ സ്ത്രീപക്ഷ സിനിമ നിര്‍മ്മിച്ച സംവിധായകനുമാണ്. പാര്‍വ്വതി തിരുവോത്തിന്റെ ഈ സ്ത്രീപക്ഷ നിലപാടിനെ ഞാന്‍ മാനിക്കുന്നു.
Parvathy Thiruvothu

Exit mobile version