‘ അറപ്പുതോന്നുന്നു’; മോഡിയെ ടാഗ് ചെയ്തുകൊണ്ടുള്ള സംവിധായകന്‍ കരണ്‍ ജോഹറിന്റെ ട്വീറ്റിനോട് പ്രതികരിച്ച് പാര്‍വതി തിരുവോത്ത്

ബോളിവുഡ് സംവിധായകന്‍ കരണ്‍ ജോഹറിന്റെ ട്വീറ്റിനോട് പ്രതികരിച്ച് നടി പാര്‍വതി തിരുവോത്ത് രംഗത്ത്. കരണ്‍ ജോഹറിന്റെ ട്വീറ്റിനോട് അറപ്പ് തോന്നുന്നുവെന്ന് പാര്‍വതി പറഞ്ഞു. ഇന്ത്യയുടെ സ്വാതന്ത്ര്യത്തെ കുറിച്ചുളള കരണ്‍ ജോഹറിന്റെ പുതിയ ചിത്രത്തെക്കുറിച്ചുള്ള ട്വീറ്റിലാണ് പാര്‍വ്വതിയുടെ വിമര്‍ശനം.

കരണിന്റെ ട്വീറ്റ് ഷെയര്‍ ചെയ്തുകൊണ്ടായിരുന്നു പാര്‍വതിയുടെ പ്രതികരണം. തന്റെ പുതിയ ചിത്രത്തെക്കുറിച്ച് ഒക്ടോബര്‍ രണ്ടിനാണ് കരണ്‍ ജോഹര്‍ ട്വീറ്റ് ചെയ്തത്. ഈ ചിത്രത്തില്‍ ഇന്ത്യയുടെ സംസ്‌ക്കാരം,വീര്യം, മൂല്യങ്ങള്‍ എന്നിവയെ കുറിച്ചുളള പ്രചോദനാത്മകമായ കഥകള്‍ ഉള്‍പ്പെടുത്തുമെന്ന് ട്വീറ്ററില്‍ കരണ്‍ ജോഹര്‍ വ്യക്തമാക്കി.

ഒപ്പം കരണ്‍ ട്വീറ്റില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ ടാഗ് ചെയ്യുകയും ചെയ്തിരുന്നു. ബഹുമാനപ്പെട്ട പ്രധാനമന്ത്രി ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന്റെ 75 വര്‍ഷങ്ങള്‍ നമ്മള്‍ ആഘോഷിക്കുമ്പോള്‍ തന്നെ, നമ്മുടെ മഹത്തായ രാജ്യത്തിന്റെ കഥകള്‍ അവതരിപ്പിക്കാന്‍ കഴിയുന്നതില്‍ ഞങ്ങള്‍ വിനീതരും ബഹുമാനിക്കപ്പെടുന്നവരുമാണെന്നും കരണ്‍ ജോഹര്‍ ട്വിറ്ററില്‍ കുറിച്ചു.

ചലച്ചിത്ര പ്രവര്‍ത്തകരായ രാജ്കുമാര്‍ ഹിറാനി, ആനന്ദ് എല്‍ റായ്, ഏക്താ കപൂര്‍, സാജിദ് നാദിയദ്വാല, രോഹിത് ഷെട്ടി, ദിനേശ് വിജന്‍ എന്നിവരേയും കരണ്‍ ജോഹര്‍ ട്വീറ്റില്‍ ടാഗ് ചെയ്തിരുന്നു. ഈ ട്വീറ്റാണ് പാര്‍വതി ഷെയര്‍ ചെയ്തിരിക്കുന്നത്. അറപ്പുതോന്നുന്നുവെന്ന് ട്വീറ്റ് ചെയ്തുകൊണ്ട് പാര്‍വ്വതി പറഞ്ഞു.

Exit mobile version