പ്രിയഗായകനെ അവസാനമായി ഒരുനോക്ക് കാണാന്‍ ഒഴുകിയെത്തിയത് ആയിരങ്ങള്‍, നിയന്ത്രിക്കാന്‍ പാടുപെട്ട് അധികൃതര്‍; എസ് പി ബാലസുബ്രഹ്മണ്യത്തിന്റെ സംസ്‌കാരം ഇന്ന്

ചെന്നൈ: പ്രിയഗായകന്‍ എസ്പി ബാലസുബ്രഹ്മണ്യത്തിന്റെ വിയോഗം താങ്ങാനാവാതെ ആരാധകരും സംഗീതലോകവും. കോവിഡ് ബാധിച്ച് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവെ കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് അദ്ദേഹം വിടവാങ്ങിയത്. സംസ്‌കാരം ഔദ്യോഗിക ബഹുമതികളോടെ ഇന്ന് നടക്കും.

നാദവിസ്മയം എസ്പിബിയെ അവസാനമായി ഒരുനോക്ക് കാണാനും അന്ത്യാജ്ഞലി അര്‍പ്പിക്കാനും നുങ്കംപാക്കത്തെ വീട്ടിലേക്ക് വന്‍ ജൂനക്കൂട്ടമാണ് എത്തിയത്. കോവിഡ് നിയന്ത്രണങ്ങളെല്ലാം മറന്നാണ് ജനങ്ങള്‍ ഒഴുകിയെത്തിയത്. വീടിനു ചുറ്റുമുള്ള റോഡുകള്‍ അടച്ച് ജനത്തെ നിയന്ത്രിക്കാന്‍ പോലീസ് ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു.

ഇതേത്തുടര്‍ന്ന് കുടുംബാംഗങ്ങളുമായി ആലോചിച്ച് എട്ട് മണിയോടുകൂടി ചെന്നൈ നുങ്കംപാക്കത്തെ വീട്ടിലെ പൊതുദര്‍ശനം പാതിവഴിയില്‍ അവസാനിപ്പിച്ച് ഭൗതികശരീരം റെഡ് ഹില്‍സിലെ ഫാം ഹൗസിലേക്കു മാറ്റി. ഭൗതികശരീരമുള്ള റെഡ് ഹില്‍സിലെ ഫാം ഹൗസിന്റെ സുരക്ഷയ്ക്കായി 500 പോലീസുകാരെ നിയോഗിച്ചു.

സാധാരണ ജീവിതത്തിലേക്കു തിരികെ വരുമെന്ന പ്രതീക്ഷയുമായി 18 മണിക്കൂര്‍ രാജ്യം മുഴുവന്‍ ഒരേ മനസോടെ നടത്തിയ പ്രാര്‍ഥനകള്‍ വിഫലമാക്കി വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒരുമണിയോടെയാണ് എസ്പി ബാലസുബ്രഹ്മണ്യം അന്തരിച്ചത്. സംഗീതലോകത്തിന് വലിയ നഷ്ടമാണ് സംഭവിച്ചിരിക്കുന്നത്.

Exit mobile version