‘ശ്വാസകോശത്തിന്റെ പ്രവര്‍ത്തനം മെച്ചപ്പെട്ടു, ഇപ്പോള്‍ എഴുന്നേറ്റ് ഇരിക്കും’ അപ്പയുടെ വിശേഷങ്ങളുമായി എസ്പി ചരണ്‍, വീഡിയോ

ഗായകന്‍ എസ് പി ബാലസുബ്രഹ്മണ്യത്തിന്റെ ആരോഗ്യനിലയില്‍ മികച്ച പുരോഗതിയെന്ന് മകനും ഗായകനുമായ എസ്പി ചരണ്‍. ഇന്‍സ്റ്റഗ്രാം വീഡിയോയിലൂടെയാണ് അദ്ദേഹം എസ്പിബിയുടെ ആരോഗ്യ നിലയെ കുറിച്ച് വ്യക്തമാക്കിയത്. എസ്പിബിയ്ക്ക് നേരത്തെ കൊവിഡ് പരിശോധനാഫലം നെഗറ്റീവ് ആയെങ്കിലും ശ്വാസകോശത്തിന്റെ പ്രവര്‍ത്തനം സാധാരണനിലയില്‍ ആകുന്നതുവരെ വെന്റിലേറ്റര്‍ സഹായം തുടരുമെന്ന് ആശുപത്രി അധികൃതര്‍ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. പിന്നാലെയാണ് നില തൃപ്തികരമെന്ന് അറിയിച്ച് ചരണ്‍ രംഗത്തെത്തിയത്.

‘അപ്പയുടെ ശ്വാസകോശത്തിന്റെ പ്രവര്‍ത്തനം മെച്ചപ്പെട്ടുവെന്ന് മെഡിക്കല്‍ സംഘം അറിയിച്ചു. കൂടാതെ ഫിസിയോ തെറപ്പിയും വളരെ സജീവമായി നടക്കുന്നുണ്ട്. ഇപ്പോള്‍ പതിനഞ്ചു മിനിട്ടു മുതല്‍ ഇരുപത് മിനിട്ടു വരെ എഴുന്നേറ്റിരിക്കാന്‍ അപ്പയ്ക്കു സാധിക്കും. ഇനി മുതല്‍ വായില്‍ക്കൂടി നേരിട്ട് ഭക്ഷണം നല്‍കാന്‍ തുടങ്ങുമെന്ന് അപ്പയെ പരിചരിക്കുന്ന ഡോക്ടര്‍മാര്‍ അറിയിച്ചു. എല്ലാം ശുഭകരമായി ഭവിക്കുന്നതായാണു കാണുന്നത്’. വീഡിയോയില്‍ എസ്പി ചരണ്‍ പറഞ്ഞു.

എസ്പിബിയുടെ രോഗമുക്തിക്കും മടങ്ങിവരവിനും വേണ്ടി പ്രാര്‍ഥിച്ച എല്ലാവരോടും ഏറെ സ്‌നേഹത്തോടെ നന്ദി പറയുകയാണെന്നും തുടര്‍ന്നും പ്രാര്‍ത്ഥനയില്‍ ഓര്‍ക്കണമെന്നും ചരണ്‍ കൂട്ടിച്ചേര്‍ത്തു.

Exit mobile version