ചെന്നൈ റെഡ് ഹില്‍സ് ഫാം ഹൗസില്‍ സ്മാരകം; എസ്പിബിക്കായി ആഗ്രഹം പങ്കുവെച്ച് മകന്‍ എസ്പി ചരണ്‍

ചെന്നൈ: മധുരസംഗീതത്തിന്റെ ദക്ഷിണേന്ത്യന്‍ പര്യായം എസ്പി ബാലസുബ്രഹ്മണ്യം കഴിഞ്ഞ ദിവസമാണ് ലോകത്തോട് വിടപറഞ്ഞ് യാത്രയായത്. സംഗീത ലോകത്തെ ഒന്നടങ്കം ഞെട്ടിച്ച വാര്‍ത്ത കൂടിയായിരുന്നു എസ്പിബിയുടെ വിടവാങ്ങല്‍. കരിദിനമെന്നാണ് ഏവരും എസ്പിബിയുടെ വിയോഗ ദിനത്തെ വിശേഷിപ്പിച്ചത്.

ഇന്നും ആ ദുഃഖത്തില്‍ നിന്നും സംഗീതത്തെ ഇഷ്ടപ്പെടുന്നവര്‍ വിട്ടുമാറിയിട്ടില്ല. ഇപ്പോള്‍ എസ്പി ബാലസുബ്രഹ്മണ്യത്തിന് ഉചിതമായ സ്മാരകം നിര്‍മ്മിക്കണമെന്ന ആഗ്രഹവുമായി മകന്‍ എസ്പി ചരണ്‍ രംഗത്തെത്തിയിരിക്കുന്നത്. സംസ്‌കാര ചടങ്ങുകള്‍ നടന്ന ചെന്നൈ റെഡ് ഹില്‍സ് ഫാം ഹൗസില്‍ തന്നെ സ്മാരകം നിര്‍മ്മിക്കാനാണ് ആലോചന. തമിഴ്‌നാട്, ആന്ധ്രാപ്രദേശ് സര്‍ക്കാരുകളുമായി ആലോചിച്ച് വിപുലമായ രൂപരേഖ ഇതിനായി തയാറാക്കുമെന്നും എസ്പി ചരണ്‍ അറിയിച്ചു.

ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ വെള്ളിയാഴ്ച ഉച്ചയ്ക്ക് 1.04നായിരുന്നു അന്ത്യം. ഹൃദയാഘാതമാണ് മരണകാരണമെന്ന് ആശുപത്രി പുറത്തിറക്കിയ മെഡിക്കല്‍ ബുള്ളറ്റിനില്‍ പറയുന്നു. മൃതദേഹം നുങ്കംപാക്കം കാംപ്ത നഗറിലെ വസതിയില്‍ എത്തിച്ചു. പൊതുദര്‍ശനത്തിനുവച്ച ശേഷമാണ് സംസ്‌കാരം നടത്തിയത്. പ്രിയ ഗായകനെ കാണാന്‍ ജനം കൊവിഡിനെ പോലും മറന്ന് ഇരച്ചെത്തുകയും ചെയ്തിരുന്നു.

Exit mobile version