‘തോരാമഴലിലും’; യൂട്യൂബ് ട്രെന്‍ഡിങില്‍ ഇടംപിടിച്ച് ‘സാജന്‍ ബേക്കറി’യിലെ ഗാനം

അജു വര്‍ഗീസ് നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘സാജന്‍ ബേക്കറി സിന്‍സ് 1962’. ചിത്രത്തിലെ ‘തോരാമഴലിലും’ എന്ന് തുടങ്ങുന്ന മനോഹരമായ പ്രണയഗാനം കഴിഞ്ഞ ദിവസമാണ് പുറത്തുവിട്ടത്. ചുരുങ്ങിയ സമയം കൊണ്ട് യൂട്യൂബ് ട്രെന്‍ഡിങില്‍ ഇടം പിടിച്ചിരിക്കുകയാണ് ഈ ഗാനം. പത്താം സ്ഥാനത്താണ് ഗാനമിപ്പോള്‍. വിനീത് ശ്രീനിവാസനും പ്രീതി പിള്ളയും ചേര്‍ന്നാണ് ഈ മനോഹര ഗാനം പാടിയിരിക്കുന്നത്. വരികള്‍ എഴുതിയിരിക്കുന്നത് അനു എലിസബത്ത് ജോസ് ആണ്. സംഗീതം പ്രശാന്ത് പിള്ള.

ബേക്കറി വില്‍പനക്കാരായി ലെന, ഗണേഷ്‌കുമാര്‍, അജു വര്‍ഗീസ് എന്നിവര്‍ അഭിനയിക്കുന്ന ചിത്രമാണിത്. പത്തനംതിട്ടയിലെ റാന്നിയിലെ ഒരു ജംഗ്ഷനില്‍ ബേക്കറി നടത്തുന്നവരായാണ് മൂവരും ചിത്രത്തില്‍ എത്തുന്നത്. ഗ്രേസ് ആന്റണി, ജാഫര്‍ ഇടുക്കി,രമേശ് പിഷാരടി, ജയന്‍ ചേര്‍ത്തല, സുന്ദര്‍ റാം എന്നി പ്രമുഖ താരങ്ങള്‍ക്കൊപ്പം ഒട്ടേറേ പുതുമുഖങ്ങളും ഈ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.

നവാഗതനായ അരുണ്‍ ചന്തു ആണ് സംവിധാനം. അരുണിനൊപ്പം സച്ചിന്‍ ആര്‍ ചന്ദ്രന്‍, അജു വര്‍ഗീസ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഫന്റാസ്റ്റിക് ഫിലിംസിന്റെ ബാനറില്‍ ധ്യാന്‍ ശ്രീനിവാസനും വിശാഖ് സുബ്രഹ്മണ്യവും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

Exit mobile version