‘ഞാന്‍ സിംഗിള്‍’ വിജയ് ദേവരക്കൊണ്ടയുമായി പ്രണയത്തിലെന്ന ഗോസിപ്പുകള്‍ അവസാനിപ്പിച്ച് രശ്മിക

ടോളിവുഡിന്റെ പ്രിയ താരജോഡികളാണ് നടി രശ്മിക മന്ദാനയും നടന്‍ വിജയ് ദേവരക്കൊണ്ടയും. ഇരുവരും ഒന്നിച്ച ഗീത ഗോവിന്ദം, ഡിയര്‍ കൊമ്രേഡ് എന്നീ ചിത്രങ്ങള്‍ തെന്നിന്ത്യ മുഴുവന്‍ ഏറ്റെടുത്ത ഹിറ്റ് സിനിമകളാണ്. ചിത്രം നിറഞ്ഞതോടെ ഗോസിപ്പുകള്‍ക്കും വഴിയൊരുങ്ങുകയും ചെയ്തു.

വിജയും രശ്മികയും പ്രണയത്തിലാണെന്ന വാര്‍ത്തകള്‍ നിറഞ്ഞതിന്റെ അടിസ്ഥാനത്തില്‍ വ്യക്തത വരുത്തി രംഗത്തെത്തിയിരിക്കുകയാണ് രശ്മിക. സോഷ്യല്‍ മീഡിയയില്‍ ആരാധകരുമായി സംവദിക്കവേയാണ് താരം പ്രണയ വാര്‍ത്തകളോട് മനസ്സു തുറന്നത്.

‘ഞാനറിയുന്ന ഏവരുമായും എന്റെ പേര് ചേര്‍ത്തു വയ്ക്കുന്നവര്‍ അറിയാനാണിത്. ഞാന്‍ സിംഗിളാണ്. അത് ഞാന്‍ ഇഷ്ടപ്പെടുകയും ചെയ്യുന്നു. സിംഗിളായിരിക്കുന്ന എല്ലാവരോടുമായി ഞാന്‍ പറയട്ടെ, അങ്ങനെ സിംഗിളായിരിക്കുന്നതില്‍ നിങ്ങള്‍ ആനന്ദം കണ്ടെത്തുമ്പോള്‍ കാമുകനെ കുറിച്ചുള്ള നിങ്ങളുടെ മാനദണ്ഡങ്ങളും ഏറെ വലുതാവും’ രശ്മിക ഇന്‍സ്റ്റഗ്രാം സ്റ്റാറ്റസില്‍ കുറിച്ചു.

സൂപ്പര്‍ഹിറ്റ് കന്നഡ ചിത്രം കിരിക്ക് പാര്‍ട്ടിയിലൂടെയാണ് രശ്മിക സിനിമയിലേയ്ക്ക് ചുവടുവെയ്ക്കുന്നത്. പിന്നീട് ചിത്രത്തില്‍ അഭിനയിച്ച രക്ഷിത് ഷെട്ടിയുമായി പ്രണയത്തിലായി. ഇരുവരുടെയും വിവാഹ നിശ്ചയവും ആര്‍ഭാടമായി നടത്തിയിരുന്നു. എന്നാല്‍ പിന്നീട് ഈ വിവാഹം വേണ്ടെന്ന് വെയ്ക്കുകയായിരുന്നു.

Exit mobile version