ഇനി ഒരു പിറന്നാള്‍ ആഘോഷത്തിന് അമ്മ ഉണ്ടായില്ലെങ്കിലോ എന്ന് മനസ്സില്‍ തോന്നിയിരുന്നു, അത് സത്യമായി; അമ്മയുടെ വിയോഗം താങ്ങാനാവാതെ ഇടവേള ബാബു

‘ഇടയ്ക്കിടെ ആഗ്രഹിക്കും ബാബുവേ എന്ന് വിളിച്ച് അമ്മ അടുത്തേക്ക് വന്നിരുന്നെങ്കില്‍ എന്ന്’, അമ്മയുടെ വിയോഗത്തില്‍ വേദനയോടെ നടന്‍ ഇടവേള ബാബു പറയുന്നു. ‘അമ്മയ്ക്ക് ഞാന്‍ ഒറ്റയ്ക്കാണെന്ന ആശങ്ക മാത്രമാണ് ഉണ്ടായിരുന്നത്’, അമ്മ ശാന്താ രാമന്റെ ഓര്‍മകള്‍ക്ക് മുന്നില്‍ ഒരുനിമിഷം ഇടവേള ബാബു നിശബ്ദനായി.

അമ്മയെക്കുറിച്ച് പറയുമ്പോള്‍ ഇടവേള ബാബുവിന്റെ ശബ്ദം ഇടറും, കണ്ണില്‍ കണ്ണുനീര് വന്ന് നിറയും. അമ്മയെ അത്രത്തോളം ഇഷ്ടമായിരുന്നു ബാബുവിന്. ഉത്രാട ദിനത്തിലാണ് ഇടവേള ബാബുവിന്റെ അമ്മ ശാന്താ രാമന്‍ (78) മകനെ തനിച്ചാക്കി ലോകത്തോട് വിട പറഞ്ഞത്.

ഇരിങ്ങാലക്കുട ഗേള്‍സ് ഹൈസ്‌ക്കൂളിലെ സംഗീത നൃത്താധ്യാപികയായി വിരമിച്ചശേഷം വിശ്രമജീവിതം നയിച്ചു വരികയായിരുന്നു ശാന്തരാമന്‍. ഐഎസ്ആര്‍ഒ മുന്‍ ചെയര്‍മാന്‍ കെ. രാധാകൃഷ്ണന്‍ ഉള്‍പ്പടെയുള്ളവരുടെ പ്രിയപ്പെട്ട ടീച്ചറായിരുന്നു അവര്‍.

പിറന്നാള്‍ ആഘോഷങ്ങള്‍ കഴിഞ്ഞാണ് ഇടവേള ബാബുവിന്റെ അമ്മ ഹൃദയാഘാതം മൂലം മരിച്ചത്. ‘മരണത്തിന്റെ തലേ ദിവസമായിരുന്നു അമ്മയുടെ പിറന്നാള്‍. ഞങ്ങള്‍ മക്കള്‍ക്കും കൊച്ചു മക്കള്‍ക്കുമൊപ്പം കേക്കൊക്കെ മുറിച്ച് ആഘോഷത്തോടെയാണ് ഉറങ്ങാന്‍ കിടന്നത്.” എന്ന് നടന്‍ ഓര്‍ക്കുന്നു.

പുലര്‍ച്ചെ ഒരു മണിയോടെ ടോയ്‌ലെറ്റില്‍ പോയി തിരിച്ചു വരുമ്പോള്‍ കട്ടിലിനരികില്‍ കുഴഞ്ഞുവീണു. ശബ്ദം കേട്ട് സഹോദരന്‍ ജയചന്ദ്രന്‍ ഓടിയെത്തി. പത്തു മിനിറ്റിനുള്ളില്‍ ഹോസ്പിറ്റലില്‍ എത്തിച്ചു. അപ്പോഴേക്കും മരണം സംഭവിച്ചു കഴിഞ്ഞിരുന്നു. ഹൃദയാഘാതമായിരുന്നു മരണകാരണം.’ സംഭവിച്ചത് പറയുമ്പോള്‍ ബാബുവിന്റെ വാക്കുകളില്‍ പതര്‍ച്ച.

”അമ്മയായിരുന്നു എന്റെ ലോകം. അമ്മയുടെ ആകെയുള്ള വിഷമം ഞാനിങ്ങനെ അവിവാഹിതനായി തുടരുന്നതായിരുന്നു. വ്യക്തിപരമായ കാരണങ്ങളാല്‍ അത് സംഭവിക്കാതെ പോയി എന്നു പറഞ്ഞാല്‍ മതിയല്ലോ. എന്നാലും അമ്മയ്ക്ക് ഞാന്‍ നല്ല മകനായിരുന്നു എന്നാണ് എന്റെ വിശ്വാസം. അടുത്തിടെയായി ഞാന്‍ എപ്പോഴും അടുത്ത് വേണം എന്ന് അമ്മ ആഗ്രഹിച്ചിരുന്നു. ലോക്ക് ഡൗണ്‍ ആയതോടെ അമ്മയുടെ ആ ആഗ്രഹവും നിറവേറ്റാന്‍ കഴിഞ്ഞു.

പിറന്നാള്‍ ആഘോഷം കഴിഞ്ഞാണ് അമ്മ പോയത്. ഇത്തവണ അമ്മയുടെ ജന്‍മദിനാഘോഷത്തിന് പതിവില്‍ കൂടുതല്‍ ചിത്രങ്ങള്‍ പകര്‍ത്തിയിരുന്നു. ഇനി ഒരു പിറന്നാള്‍ ആഘോഷത്തിന് അമ്മ ഉണ്ടായില്ലെങ്കിലോ എന്നൊരു തോന്നല്‍ എന്റെ മനസ്സില്‍ ഉണ്ടായിരുന്നുവെന്നും അത് സത്യമായപ്പോള്‍ മനസ്സില്‍ വല്ലാത്തൊരു വിങ്ങലെന്നും ബാബു ഇടറിയ സ്വരത്തില്‍ പറഞ്ഞു.

Exit mobile version