‘മലയാളസിനിമ കൂടുതല്‍ പുരുഷകേന്ദ്രീകൃതമായിരിക്കുന്നു, സ്ത്രീകള്‍ക്കുവേണ്ടി മെച്ചപ്പെട്ട കഥാപാത്രങ്ങള്‍ മലയാളത്തില്‍ ഉണ്ടാവണം’; നടി മാളവിക മോഹനന്‍

മലയാള സിനിമ കൂടുതല്‍ പുരുഷകേന്ദ്രീകൃതമായിരിക്കുന്നുവെന്ന് നടി മാളവിക മോഹന്‍. നടന്മാരെ ചുറ്റി തിരിയുകയാണ് ഇന്നത്തെ മലയാളസിനിമയെന്നും ലിംഗപരമായ വേര്‍തിരിവ് മറ്റ് ഭാഷാസിനിമകളേക്കാള്‍ കൂടുതല്‍ ഇവിടെയാണെന്നും താരം പറഞ്ഞു. സ്ത്രീകള്‍ക്കുവേണ്ടി മെച്ചപ്പെട്ട കഥാപാത്രങ്ങള്‍ മലയാളത്തില്‍ ഉണ്ടാവണമെന്നും മാളവിക പറഞ്ഞു.

‘മലയാളത്തില്‍ സ്ത്രീകള്‍ക്കുവേണ്ടി മെച്ചപ്പെട്ട കഥാപാത്രങ്ങള്‍ ഉണ്ടാവണം. പാര്‍വതിയുടെ ‘ടേക്ക് ഓഫ്’, ‘ഉയരെ’ എന്നീ ചിത്രങ്ങള്‍ ഒഴിച്ചുനിര്‍ത്തിയാല്‍ മലയാളത്തില്‍ കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ നല്ല സ്ത്രീകഥാപാത്രങ്ങള്‍ ഉണ്ടായിട്ടില്ല. മലയാളസിനിമ കൂടുതല്‍ പുരുഷകേന്ദ്രീകൃതമായിരിക്കുന്നു, മറ്റ് സിനിമാമേഖലകളേക്കാള്‍ കൂടുതല്‍ എന്നാണ് എനിക്ക് തോന്നുന്നത്. എന്നെ അത്ഭുതപ്പെടുത്തുന്ന കാര്യവുമാണ് അത്. കാരണം മലയാളസിനിമയുടെ ചരിത്രത്തിലേക്ക് നോക്കിയാല്‍ മികച്ച കഥാപാത്രങ്ങളെ അവതരിപ്പിച്ച നടിമാരെ നമുക്ക് കാണാം.

ഷീല, ശോഭന, ഉര്‍വ്വശി, മഞ്ജു വാര്യര്‍ ഇവരൊക്കെ മികച്ച കഥാപാത്രങ്ങളെ അവതരിപ്പിച്ചവരാണ്. എന്നാല്‍ ഇപ്പോ മലയാളസിനിമയിലേക്ക് നോക്കിയാല്‍ അത്തരമൊരു നടിയെ കണ്ടെടുക്കാനാവില്ല. സ്ത്രീകള്‍ക്കായി നല്ല കഥാപാത്രങ്ങള്‍ ഇല്ലാത്തതുകൊണ്ടാണ് അത്. അത് ദുഖകരമായ അവസ്ഥയാണ്. അതിന് മാറ്റം വരണം’ എന്നാണ് മാളവിക പറഞ്ഞത്. വിജയ് നായകനായി എത്തുന്ന മാസ്റ്റര്‍ ആണ് മാളവികയുടെ ഏറ്റവും പുതിയ ചിത്രം.

Exit mobile version