‘സഹതാരം പോയതിനാല്‍ എനിക്ക് പൂര്‍ത്തിയാക്കാന്‍ പറ്റാതെ പോയ ചിത്രം’; ‘പാളയ’ത്തിന്റെ ഓര്‍മ്മകള്‍ പങ്കുവെച്ച് ബാബു ആന്റണി

മലയാള സിനിമയില്‍ സംഘട്ടനരംഗങ്ങള്‍ക്ക് ഒരു പുതിയ മാനം നല്‍കിയ നടനാണ് ബാബു ആന്റണി. ഭരതന്‍ സംവിധാനം ചെയ്ത ചിലമ്പ് എന്ന ചിത്രത്തിലൂടെയാണ് ബാബു ആന്റണി സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. ആക്ഷന്‍ രംഗങ്ങളില്‍ ബാബു ആന്റണിയോളം മലയാളിയെ ആവേശം കൊള്ളിച്ച മറ്റൊരു താരമില്ല എന്ന് തന്നെ പറയാം. ഇപ്പോഴിതാ ബാബു ആന്റണി ഫേസ്ബുക്കില്‍ പങ്കുവെച്ച ഒരു ചിത്രമാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്.

സഹതാരം പോയതിനാല്‍ തനിക്ക് പൂര്‍ത്തിയാക്കാന്‍ പറ്റാതെ പോയ പഴയ ചിത്രമായ പാളയത്തില്‍ നിന്നുള്ള ഒരു ചിത്രമാണ് താരം ഫേസ്ബുക്കില്‍ പങ്കുവെച്ചിരിക്കുന്നത്.

‘സഹതാരം പോയതിനാല്‍ എനിക്ക് പൂര്‍ത്തിയാക്കാന്‍ പറ്റാതെ പോയ പാളയത്തില്‍ നിന്നുമുള്ള ചിത്രമാണിത്. പിന്നീട് കുറച്ച് മാസങ്ങള്‍ക്ക് ശേഷം ആ സഹതാരം തിരികെ വന്നതോടെ ചിത്രത്തിന്റെ ചിത്രീകരണം വീണ്ടും ആരംഭിച്ചെങ്കിലും എനിക്ക് ആ ചിത്രത്തിന്റെ ഭാഗമാകാന്‍ സാധിച്ചില്ല. പക്ഷേ ഈ ചിത്രം ഞാന്‍ ഒരുപാട് ഷോപ്പുകളുടെ ചുമരിലും പോസ്റ്ററുകളിലും കണ്ടിട്ടുണ്ട്’ എന്നാണ് താരം ഫേസ്ബുക്കില്‍ ചിത്രം പങ്കുവെച്ച് കൊണ്ട് കുറിച്ചത്. ചിത്രം അയച്ചുതന്ന ആരാധകനും താരം നന്ദി അറിയിച്ചിട്ടുണ്ട്. ഒമര്‍ലുലു സംവിധാനം ചെയ്യുന്ന ‘പവര്‍സ്റ്റാര്‍’ എന്ന ചിത്രത്തിലൂടെ മലയാളത്തിലേക്ക് ഒരു ഗംഭീര തിരിച്ചുവരവിന് തയ്യാറെടുക്കുകയാണ് താരം.

Exit mobile version