‘ഒരേസമയം സന്തോഷത്തിലും ദു:ഖത്തിലുമാണ്’; ‘മരക്കാറി’ന്റെ റിലീസ് നീട്ടിയതിനെ കുറിച്ച് സഹനിര്‍മ്മാതാവ് റോയ്

ആരാധകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന മോഹന്‍ലാല്‍ ചിത്രമായിരുന്നു ‘മരക്കാര്‍ അറബിക്കടലിന്റെ സിംഹം’. എന്നാല്‍ കൊവിഡ് മഹാമാരിയെ തുടര്‍ന്ന് മാര്‍ച്ച് 26 ന് റിലീസ് ചെയ്യാനിരുന്ന ചിത്രത്തിന്റെ റിലീസ് മാറ്റിവെച്ചിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ റിലീസ് നീട്ടിയതില്‍ ദു:ഖമുണ്ടെന്നും അതേസമയം സന്തോഷവും ഉണ്ടെന്നാണ് ചിത്രത്തിന്റെ സഹനിര്‍മ്മാതാവായ റോയ് സിജെ ഫേസ്ബുക്കില്‍ കുറിച്ചത്.

‘ഇതിനെ ഭാഗ്യമെന്നോ യാദൃച്ഛികമെന്നോ പറയാം . ഈ ചിത്രത്തിന്റെ നിര്‍മ്മാണത്തില്‍ ആന്റണി പെരുമ്പാവൂരിനൊപ്പം ഞാന്‍ കൂടി ഭാഗമാണ്. ജോലികളെല്ലാം പൂര്‍ത്തിയായിരുന്ന ചിത്രം നിശ്ചയിച്ചതുപ്രകാരം മാര്‍ച്ച് 26ന് റിലീസ് ചെയ്യാന്‍ കഴിയാതെ വന്നതില്‍ എനിക്കു ദു:ഖമുണ്ട്. അതേസമയം സന്തോഷവുമുണ്ട്. കാരണം കൊവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ തീയേറ്ററുകള്‍ വൈകാതെ പൂട്ടിയിരുന്നു. ഇതിനെയാണ് ഒരേസമയം സന്തോഷത്തിലും ദു:ഖത്തിലുമെന്ന് പറയുക’ എന്നാണ് റോയ് സി ജെ ഫേസ്ബുക്കില്‍ കുറിച്ചത്.

പ്രിയദര്‍ശന്‍-മോഹന്‍ലാല്‍ കൂട്ടുക്കെട്ടിലൊരുങ്ങിയ ഈ ചിത്രം ഏറ്റവും വലിയ മുതല്‍ മുടക്കില്‍ നിര്‍മ്മിച്ച മലയാള ചിത്രം കൂടിയാണ്. മഞ്ജുവാര്യര്‍, കല്യാണി പ്രിയദര്‍ശന്‍, കീര്‍ത്തി സുരേഷ്, പ്രണവ് മോഹന്‍ലാല്‍, അര്‍ജ്ജുന്‍, സുനില്‍ ഷെട്ടി, പ്രഭു, സുഹാസിനി, ഫാസില്‍, സിദ്ദിഖ്, നെടുമുടി വേണു എന്നിങ്ങനെ വമ്പന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരന്നിരിക്കുന്നത്. ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ഈ ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

Exit mobile version