നീ വളര്‍ന്ന് വലുതായി നിന്റെ മാതാപിതാക്കള്‍ക്ക് അഭിമാനമായി മാറട്ടെ; കുഞ്ഞു പൃഥ്വിക്ക് പിറന്നാള്‍ ആശംസകളുമായി പൃഥ്വിരാജ് എത്തി

തൃശ്ശൂര്‍: ഒരു വയസുകാരന്‍ ‘പൃഥ്വി’ക്ക് പിറന്നാള്‍ ആശംസകളുമായി പൃഥ്വിരാജ്. ട്വിറ്ററിലൂടെയായിരുന്നു താരം കുഞ്ഞുപൃഥ്വിക്ക് പിറന്നാള്‍ ആശംസകള്‍ അറിയിച്ചത്. കടുത്ത പൃഥ്വിരാജ് ആരാധകനായ സുഹൈലിന്റെ മകന്‍ പൃഥ്വിയുടെ ഒന്നാം ജന്മദിനമായിരുന്ന ഓഗസ്റ്റ് രണ്ടിനാണ് നടന്‍ പൃഥ്വിരാജിന്റെ ആശംസകള്‍ കുടുംബത്തെ തേടിയെത്തിയത്.

പൃഥ്വിരാജ് ആരാധകനായ സുഹൈല്‍ താരത്തോടുള്ള ആരാധന മൂലമാണ് മകന് പൃഥ്വി എന്ന് പേരിട്ടത്. മകന്റെ ഒന്നാം പിറന്നാളിന് പൃഥ്വിരാജ് തന്നെ ആശംസ അറിയിച്ചാല്‍ അത് വലിയ സന്തോഷമാകുമെന്ന് സുഹൈല്‍ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തു. മകനൊപ്പമുള്ള ചിത്രവും പങ്കുവച്ചിരുന്നു.

‘രാജുവേട്ടാ, എന്റെ മോന്‍ പൃഥ്വിയുടെ ഒന്നാം പിറന്നാള്‍ ആണ്. ഇന്ന് ഏട്ടന്റെ കൈയ്യില്‍ നിന്ന് ഒരു ആശംസ കിട്ടിയാല്‍ എനിക്കും എന്റെ കുടുംബത്തിനും വളരെയധികം സന്തോഷം ഉണ്ടാകും. ഏട്ടനോടുള്ള ഇഷ്ടം ഒന്ന് കൊണ്ട് മാത്രമാണ് ഞാന്‍ എന്റെ മകന് പൃഥ്വി എന്ന പേര് നല്‍കിയത്’ എന്നായിരുന്നു സുഹൈലിന്റെ ട്വീറ്റ്.

ട്വീറ്റ് ശ്രദ്ധയില്‍പ്പെട്ടതിന് പിന്നാലെയാണ് പൃഥ്വിരാജ് പിറന്നാള്‍ ആശംസകളുമായി എത്തിയത്. ‘ജന്മദിനാശംസകള്‍ പൃഥ്വി. നീ വളര്‍ന്ന് വലുതായി നിന്റെ മാതാപിതാക്കള്‍ക്ക് അഭിമാനമായി മാറട്ടെ’ എന്നായിരുന്നു പൃഥ്വിയുടെ പിറന്നാള്‍ ആശംസ. സംഭവം ഇപ്പോള്‍ സോഷ്യല്‍മീഡിയയിലും പൃഥ്വി ആരാധകര്‍ക്കിടയിലും ചര്‍ച്ചയായി മാറിയിരിക്കുകയാണ്.

പൃഥ്വിരാജ് ആശംസകള്‍ അറിയിച്ചതിന് പിന്നാലെ കുഞ്ഞു പൃഥ്വിക്ക് പിറന്നാള്‍ ആശംസകളുമായി നിരവധി പേരാണ് എത്തിയത്. പൃഥ്വിരാജിന്റെ മറുപടി കിട്ടിയ സന്തോഷത്തിലാണ് ഇപ്പോള്‍ സുഹൈലും കുടുംബവും.

Exit mobile version