അമ്മ പറയുന്നത് അനുസരിച്ചായിരുന്നു ജീവിതം, ഞങ്ങളുടെ എല്ലാമെല്ലാം അമ്മയായിരുന്നു; അമ്മ മിനിയുടെ വിയോഗത്തില്‍ വേദനയോടെ തട്ടിം മുട്ടീം താരം സാഗര്‍ സൂര്യന്‍

തട്ടീം മുട്ടീം എന്ന പരമ്പരയിലെ ആദി എന്ന കഥാപാത്രത്തിലൂടെ മലയാളി പ്രേക്ഷകരുടെ ഹൃദയത്തില്‍ സ്ഥാനം നേടിയ നടനാണ് സാഗര്‍ സൂര്യന്‍. സീരിയലില്‍ തിളങ്ങി നില്‍ക്കുന്ന സമയത്ത് തന്റെ അമ്മയുടെ വിയോഗമുണ്ടാക്കി വെച്ച വേദനയെക്കുറിച്ച് തുറന്നു പറയുകയാണ് സാഗര്‍ സൂര്യന്‍.

ജൂണ്‍ 11ാം തീയതി ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു സാഗറിന്റെ അമ്മ മിനി സൂര്യന്‍ മരിച്ചത്. 45 വയസ്സായിരുന്നു. അമ്മയുടെ മരണം സാഗറിനെയും ബന്ധുക്കളെയും അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചു. കുടംബത്തെ അനാഥമാക്കി അമ്മ പോയപ്പോള്‍ ഇനിയെന്ത് എന്ന വലിയൊരു ചോദ്യമായിരുന്നു സാഗറിന്റെ മനസ്സു നിറയെ.

”അമ്മയ്ക്ക് വാതസംബന്ധമായ പ്രശ്‌നങ്ങളുണ്ടായിരുന്നു. അതിന്റെ ചില ചികിത്സകള്‍ നടന്നിരുന്നു. ഈയടുത്താണ് നെഞ്ചില്‍ ഗ്യാസ് കെട്ടി നില്‍ക്കുന്നതു പോലെ തോന്നുന്നു എന്ന് അമ്മ പറഞ്ഞത്. അങ്ങനെ സ്‌കാന്‍ ചെയ്തു നോക്കിയപ്പോള്‍ കുഴപ്പങ്ങളൊന്നും കണ്ടില്ല.

എന്നാല്‍ കുറച്ചു ദിവസം കഴിഞ്ഞപ്പോള്‍ വീണ്ടും ഇതേ ബുദ്ധിമുട്ട് അനുഭവപ്പെടുന്നതായി പറഞ്ഞു. തുടര്‍ന്ന് അമ്മ ഛര്‍ദിച്ചു. ഞങ്ങള്‍ ആശുപത്രിയില്‍ കൊണ്ടു പോയി സി.ടി സ്‌കാന്‍ അടക്കമുള്ള വിശദ പരിശോധനകള്‍ നടത്തി. അപ്പോഴാണ് ഹൃദയത്തില്‍ 50 ശതമാനത്തോളം ബ്ലോക്ക് ഉണ്ടെന്ന് അറിയുന്നത്.

അപ്പോഴേക്കും കാര്യങ്ങള്‍ വളരെ ഗുരുതരമായിരുന്നു. വാല്‍വുകള്‍ ലീക്കാണ്. സ്റ്റെന്റ് ഇട്ടാലൊന്നും പരിഹരിക്കാനാവാത്ത അവസ്ഥയിലെത്തിയിരുന്നു. മറ്റൊരു ഓപ്ഷനും വിദഗ്ധ ചികിത്സായ്ക്കുമായി അമ്മയെ അമൃതയിലേക്ക് കൊണ്ടുപോകാന്‍ തീരുമാനിച്ചു. എന്നാല്‍ അപ്പോഴേക്കും ഹൃദയാഘാതം സംഭവിച്ചു. ഒന്നിനും കാത്തുനില്‍ക്കാതെ അമ്മ ഞങ്ങളെ വിട്ടു പോയി.” സാഗര്‍ പറയുന്നു.

അമ്മയെ എത്രത്തോളം ഇഷ്ടമുണ്ടായിരുന്നെന്ന് പറയാന്‍ കഴിയില്ല, അതുകൊണ്ടുതന്നെ ഈ വേദനയില്‍ നിന്നു തിരിച്ചുവരാന്‍ ഇനിയും സമയമെടുക്കും.അമ്മ പറയുന്നത് അനുസരിച്ചായിരുന്നു ജീവിതം. അമ്മയായിരുന്നു കുടുംബത്തിന്റെ കേന്ദ്രം. പിന്തുണ നല്‍കിയിരുന്നതും മാര്‍ഗനിര്‍ദേശം നല്‍കിയിരുന്നതും അങ്ങനെ ഞങ്ങളുടെ എല്ലാമെല്ലാം അമ്മയായിരുന്നു.

എല്ലാം നഷ്ടമായി. ഇനിയൊരിക്കലും അതൊന്നും പഴയതു പോലെയാകില്ലെന്നറിയാം. പക്ഷേ, ജീവിതത്തിലേക്ക് തിരിച്ചുവന്നേ തീരൂ. കാരണം കുടുംബത്തിന്റെ സന്തോഷമാണ് അമ്മ എന്നും ആഗ്രഹിച്ചത്. ഞങ്ങള്‍ നല്ല നിലയിലെത്തണമെന്നതായിരുന്നു അമ്മയുടെ സ്വപ്നം. അതെല്ലാം സാക്ഷാത്കരിക്കേണ്ടതുണ്ട്.” സങ്കടക്കടല്‍ ഉള്ളിലൊതുക്കി സാഗര്‍ പറയുന്നു.

Exit mobile version